ഡോക്ടറാണെന്ന് പറഞ്ഞ് അടിച്ചുപൊളി ജീവിതം; കയ്യിലിരിപ്പ് മറ്റൊന്ന്, ആലപ്പുഴ സ്വദേശി അറസ്റ്റില്‍
ആലപ്പുഴ: ഡോക്ടര്‍മാര്‍ക്ക് പി ജി സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആലപ്പുഴ സ്വദേശിയെ ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തു. മാങ്കാംകുഴി സജുമന്‍സിലില്‍ സുജു ബിന്‍ സലീം എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. ഇയാല്‍ കോടിക്കണക്കിന് രൂപയാണ് പലരില്‍ നിന്നായി തട്ടിയെടുത്തത്. മലപ്പുറം സ്വദേശിയായ ഡോക്ടറുടെ പരാതിയിലാണ് അറസ്റ്റ്.
2017ല്‍ ആണ് കേസിന് അസ്പദമായ സംഭവം നടന്നത് ഡോക്ടര്‍മാര്‍ക്ക് മെഡിക്കല്‍ പി ജി സീറ്റ് വാഗ്ദാനം ചെയ്ത് 70 ലക്ഷം രീപ വാങ്ങി. സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് സമീപിച്ചപ്പോള്‍ കുറച്ച് പണം നല്‍കി കേരളത്തില്‍ നിന്ന് മുങ്ങുകയായിരുന്നു. സംഭവത്തില്‍ മലപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ പ്രതിയെ പിടികൂടാനായില്ല. തുടര്‍ന്ന് കേസ്് ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കേരളത്തിലെ പല ജില്ലകളില്‍ നിന്ന് സമാനമായി തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായത്. ബംഗളൂരു കേന്ദ്രീകരിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നത്. ഇത് മനസിലാക്കിയ ക്രൈംബ്രാഞ്ച് അവിടെ ക്യാമ്പ് ചെയ്ത് അന്വേഷണത്തിലായിരുന്നു ഡോക്ടര്‍ എന്ന പേരില്‍ ഭാര്യയ്‌ക്കൊപ്പം ഭാരതീയാര്‍ സിറ്റിയിലായിരുന്നു താമസിച്ചത്.
കേരളത്തിലെ വിവിധ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളില്‍ ഇയാളെ അന്വേഷിച്ച് പൊലീസ് എത്തിയിരുന്നെങ്കിലും പിടികൂടാനായില്ല. 2012 മുതല്‍ കോഴിക്കോട് പെരുമ്പാവൂര്‍, വെണ്‍മണി, കൊട്ടാരക്കര, തിരുവല്ല, നെയ്യാറ്റിന്‍കര, ആറ്റിങ്ങല്‍, കര്‍ണാടകയിലെ വിജയനഗര്‍ എന്നിവിടങ്ങളിലും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഡോക്ടര്‍ എന്ന പേരില്‍ ആളുകളെ സമീപിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു.
ഇയാള്‍ പൊലീസിനെ നിരീക്ഷിക്കാനും കേസുകളെ കുറിച്ച് അറിവ് ലഭിക്കാനും ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു. അറസ്റ്റിനിടെ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും പൊലീസ് തടയുകയായിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ചിന്റെ ചുമതലയുള്ള ഡിവൈഎസ്പി ബിനുകുമാര്‍, എസ്ഐ അഷറഫ്, അരുണ്‍ഷാ, സിപിഒ അബ്ദുറഹ്മാന്‍ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അതേസമയം, തിരുവനന്തപുരത്ത് സമാനമായി തൊഴില്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്താണ് സംഘം തട്ടിപ്പ് നടത്തിയത്. ഒന്നരക്കോടി രൂപ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് തട്ടിയെടുത്തെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ഒരാള്‍ മാത്രമാണ് ഇപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.












Click it and Unblock the Notifications