പോപ്പുലർ ഫ്രണ്ട് റാലിയിലെ മുദ്രാവാക്യം: കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയനാക്കി
ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച പത്ത് വയസ്സുകാരനെ കൗണ്‍സിലിങ്ങിന് വിധേയനാക്കി. ചൈല്‍ഡ് ലൈനാണ് കുട്ടിയെ കൗണ്‍സിലിങ് വിധേയനാക്കിയത്. എറണാകുളം ജനറല്‍ ആശുപത്രിയിയില്‍ വെച്ചായിരുന്നു കൗണ്‍സിലിങ്ങ്.
ആവശ്യമെങ്കില്‍ കൗണ്‍സിലിങ് തുടരുമെന്നാണ് ചൈല്‍ഡ് ലൈന്‍ പറഞ്ഞത്. കുട്ടിയുടെ മാതാപിതാക്കള്‍ക്ക് കൗണ്‍സിലിങ് നല്‍കുന്നത് പരിഗണനയില്‍ ആണെന്നും അധികൃതര്‍ അറിയിച്ചു. മുദ്രാവാക്യം ആരും പഠിപ്പിച്ചിതല്ലെന്നും പരിപാടികളില്‍ നിന്ന് കേട്ട് പഠിച്ചതാണ് എന്നുമാണ് കുട്ടി പറഞ്ഞത്. വിളിച്ച മുദ്രാവാക്യത്തിന്റെ അര്‍ഥം അറിയില്ലെന്നും കുട്ടി പറഞ്ഞതെന്ന് പോലീസ് അറിയിച്ചു.
കുട്ടിയെ പ്രകടനങ്ങളില്‍ പങ്കെടുപ്പിക്കാറുണ്ടെന്നും മുദ്രാവാക്യം അവിടെ നിന്ന് കേട്ടു പഠിച്ചതാകാമെന്നും താന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനല്ലെന്നുമാണ് കുട്ടിയുടെ പിതാവു പറഞ്ഞത്.
വിദ്വേഷ മുദ്രാവാക്യം കേസില്‍ കുട്ടിയുടെ പിതാവുള്‍പ്പെടെ നാല് പേര് കൂടി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പ്രവര്‍ത്തകരുടെ വീടുകളില്‍ ചെന്ന് പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് എന്നാണ് സോണല്‍ പ്രസിഡന്റ് നവാസ് ഷിഹാബ് ആരോപിച്ചത്.
പുതിയ സാഹസങ്ങളോട് യെസ് പറഞ്ഞ് ദുർഗ കൃഷ്ണ
കുട്ടിയുടെ പിതാവ് , പോപ്പുലര്‍ ഫ്രണ്ട് പള്ളുരുത്തി ഡിവിഷന് ഭാരവാഹികളായ ഷമീര്‍, സുധീര്‍, മരട് ഡിവിഷന് സക്രെട്ടറി നിയാസ് എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുവ സൗത്ത് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇന്നലെയാണ് കുട്ടിയും മാതാപിതാക്കളും പള്ളുരുത്തിയില്‍ എത്തിയത്. ഇതിന് പിന്നാലെ കുട്ടിയുടെ പിതാവ് മാധ്യമങ്ങളെ കണ്ടിരുന്നു. തൊട്ടുപിന്നാലെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയില്‍ എടുത്ത നാലു പേരെയും ഇന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
നേരത്തെ കസ്റ്റഡിയില്‍ എടുത്ത 18 പേരെ ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു. അറസ്റ്റിലായ ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയാണ് റിമാന്‍ഡ് ചെയ്തത്. മതവിദ്വേഷം പ്രചരിപ്പിക്കാന്‍ അവസരം ഒരുക്കി നല്‍കിയെന്ന് ചൂണ്ടിക്കാട്ടി 153A പ്രകാരമാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. 24 പേരാണ് കേസില്‍ അറസ്റ്റിലായത്.
കഴിഞ്ഞ ശനിയാഴ്ച നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വെച്ചാണ് കുട്ടി വിദ്വേഷ മുദ്രാവാക്യംവിളിച്ചത്. കുട്ടി വിളിച്ച മുദ്രാവാക്യം മറ്റുള്ളവര്‍ ഏറ്റുവിളിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമാവുകയും സംഭവത്തില്‍ പോലീസ് കേസെടുക്കുകയും ചെയ്തു.