വീട്ടിൽ നിന്ന് പിണങ്ങിപ്പോയി ഒളിച്ചിരുന്നു; വിശപ്പ് സഹിക്കാനാവാതെ വിദ്യാര്‍ത്ഥി തിരിച്ചെത്തി
ആലപ്പുഴ ഹരിപ്പാടാണ് സംഭവം. രാവിലെ ആറ് മണിയോടെ പുറത്തേക്കു പോയ വിദ്യാർഥി മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരിച്ചുവന്നില്ല.

ആലപ്പുഴ: വീട് വിട്ടുപോകുന്ന കുട്ടികളുടെ വാർത്തകൾ നമ്മൾ വായിച്ചുകാണും. നിസ്സാര കാര്യങ്ങൾക്കാണ് പലപ്പോഴും കുട്ടികൾ വീട് വിട്ടുപോകാറുള്ളത്. ആലപ്പുഴയിൽ നിന്ന് ഒരു വിദ്യാർത്ഥി വീട് വിട്ടിറങ്ങി. കുട്ടി വീട്ടിൽ നിന്ന് പിണങ്ങിപ്പോകുകയായിരുന്നു. വീട് വിട്ടിറങ്ങിയ വിദ്യാർത്ഥി ആരും തന്നെ കണ്ടുപിടിക്കാതിരിക്കാൻ ഒളിച്ചിരുന്നു.
എന്നാൽ കുറേനേരം ഒളിച്ചിരുന്നപ്പോൾ വിദ്യാർഥി വിശപ്പ് സഹിക്കാനാവാതെ തിരിച്ചെത്തി. അമ്മയുമായി പിണങ്ങി സമീപത്തെ പുരയിടത്തിൽ ഒളിച്ചിരുന്ന പതിന്നാലുകാരനാണ് മണിക്കൂറുകളോളം നാട്ടുകാരെയും വീട്ടുകാരെയും പരിഭ്രാന്തിയിലാക്കിയത്.
ആലപ്പുഴ ഹരിപ്പാടാണ് സംഭവം. രാവിലെ ആറ് മണിയോടെ പുറത്തേക്കു പോയ വിദ്യാർഥി മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരിച്ചുവന്നില്ല. കുട്ടി വരാതായതോടെ വീട്ടുകാർക്ക് പരിഭ്രമമായി. വീട്ടുകാർ ഹരിപ്പാട് പൊലീസിൽ വിവരം അറിയിച്ചു. പോലീസും നാട്ടുകാരും അന്വേഷണം തുടങ്ങി.
കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, റെയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങളിൽ പൊലീസ് അന്വേഷണം നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും വിദ്യാർഥിയെ കുറിച്ച് വിവരം ലഭിച്ചില്ല. സാമൂഹിക മാധ്യമങ്ങൾ വഴിയും വിദ്യാർഥിയെ കണ്ടെത്താൻ ശ്രമിച്ചു. അതിനിടെ വീടിനു സമീപം ആളൊഴിഞ്ഞ പുരയിടത്തിൽ ഒളിച്ചിരുന്ന വിദ്യാർഥി ഉച്ചയോടെ തിരികെ വീട്ടിൽ തിരിച്ചെത്തി. ഹരിപ്പാട് പൊലീസ് കോടതിയിൽ ഹാജരാക്കിയ വിദ്യാർഥിയെ വീട്ടുകാർക്കൊപ്പം വിട്ടു.












Click it and Unblock the Notifications