പ്ലസ് വൺ പരീക്ഷയിൽ വിദ്യാർത്ഥി രജിസ്റ്റർ നമ്പർ തെറ്റിച്ചെഴുതി; അധ്യാപികയ്ക്ക് 3000 രൂപ പിഴ
തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷയിൽ വിദ്യാർത്ഥി രജിസ്റ്റർ നമ്പർ തെറ്റിച്ചെഴുതിയതിന് ഇൻവിജിലേറ്ററായ അധ്യാപികയ്ക്ക് 3000 രൂപ പിഴ. ആലപ്പുഴ ജില്ലയിലെ അധ്യാപികയ്ക്കാണ് 3000 രൂപ പിഴ ഇട്ടത്. കഴിഞ്ഞ വർഷത്തെ പ്ലസ് വൺ ഇംഗ്ലീഷ് പരീക്ഷ എഴുതിയ വിദ്യാർത്ഥിയാണ് രജിസ്റ്റർ നമ്പർ തെറ്റിച്ചെഴുതിയത്.
പിഴവില്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നതിൽ പരീക്ഷ ഹാളിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അധ്യാപിക വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി വിശദീകരണം ചോദിച്ചിരുന്നു. മനപൂർവ്വമല്ലാത്ത പിഴവ് ആണെന്നും ആവർത്തിക്കാതെ ശ്രദ്ധിക്കാമെന്നും അധ്യാപിക വിശദീകരണം നൽകി. എന്നാൽ പിഴവ് ഗുരുതരമാണെന്നും ഇത് മൂലം വിദ്യാർത്ഥിയുടെ ഫലപ്രഖ്യാപനം വൈകിയെന്നും ചൂണ്ടിക്കാട്ടിയാണ് പിഴ.

പിഴ ട്രഷറിയിൽ അടച്ചതിന്റെ ചെലാനും അച്ചടക്ക നടപടി സർവീസ് ബുക്കിൽ രേഖപ്പെടുത്തിയതിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും അയച്ച് കൊടുക്കണമെന്നുമാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്
പരീക്ഷാ മാനുവൽ അനുസരിച്ചാണ് അച്ചടക്ക നടപടിയെന്നാണ് വിശദീകരണം. എന്നാൽ നിസ്സാര വീഴ്ചയുടെ പേരിൽ ഇതുവരെയില്ലാത്ത വിധം അധ്യാപകരിൽ നിന്ന് പിഴ ഈടാക്കുന്നത് അന്യായമാണെന്നും പിൻവലിക്കണമെന്നും എച്ച് എസ് ടി എ ജനറൽ സെക്രട്ടറി എസ് മനോജ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications