ബിജെപിയ്ക്കെതിരെ എല്‍ഡിഎഫും യുഡിഎഫും ഒന്നിച്ചു; ആലപ്പുഴയില്‍ ഒരിടത്ത് കൂടി ഭരണനേതൃത്വം നഷ്ടമായി ബിജെപി
ആലപ്പുഴ: മാന്നാര്‍ പാണ്ടനാട് പഞ്ചായത്തില്‍ ബി ജെ പിയ്ക്ക് വൈസ് പ്രസിഡന്റ് സ്ഥാനം നഷ്ടം. ബി ജെ പി വൈസ് പ്രസിഡന്റിനെതിരെ എല്‍ ഡി എഫ് കൊണ്ടു വന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് വൈസ് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. എല്‍ ഡി എഫ് അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്തുണക്കുകയായിരുന്നു. ബി ജെ പി ഭരിക്കുന്ന പഞ്ചായത്തില്‍ ടി സി സുരേന്ദ്രന് നായരായിരുന്നു വൈസ് പ്രസിഡന്റ്.
അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് ഏഴ് പേരാണ് വോട്ട് ചെയ്തത്. അതേസമയം ബി ജെ പി അംഗങ്ങള്‍ യോഗത്തില്‍ നിന്ന് വിട്ട് നിന്നു. 13 അംഗ ഭരണ സമിതിയില്‍ ബി ജെ പിക്ക് ആറും സി പി ഐ എമ്മിന് അഞ്ചും കോണ്‍ഗ്രസിന് രണ്ടും അംഗങ്ങളാണ് ഉള്ളത്. ശനിയാഴ്ച പകല്‍ 11 മണിയോടെയായിരുന്നു വോട്ടെടുപ്പ്. അടുത്തിടെ ബി ജെ പി ഭരിച്ചിരുന്ന ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലും എല്‍ ഡി എഫിന്റെ അവിശ്വാസ പ്രമേയം പാസായിരുന്നു.

ബി ജെ പിയുടെ പ്രസിഡന്റ് ബിന്ദു പ്രദീപാണ് എല്‍ ഡി എഫ് കൊണ്ട് വന്ന അവിശ്വാസപ്രമേയത്തില്‍ പുറത്തായത്. രണ്ടാഴ്ച മുമ്പായിരുന്നു ഇത്. സി പി ഐ എം കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തിന് കോണ്‍ഗ്രസ് പിന്തുണ നല്‍കുകയായിരുന്നു. ബി ജെ പിയിലെ ആറ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നു.

ഭരണസ്തംഭനം ആരോപിച്ചാണ് സി പി ഐ എം അവിശ്വാസ പ്രമേയം കൊണ്ട് വന്നത്. വോട്ടെടുപ്പിന്റെ സമയമായപ്പോള്‍ ബി ജെ പി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പ്രവീണ്‍ കാരാഴ്മ, തങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്ക്കുന്നതായി അറിയിക്കുകയായിരുന്നു. സി പി ഐ എമ്മിലെ കെ വിനുവാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.ബി ജെ പി അംഗങ്ങള്‍ വിട്ട് നിന്നതോടെ കോണ്‍ഗ്രസ് പിന്തുണയില്‍ എല്‍ ഡി എഫിന്റെ അവിശ്വാസം വിജയിക്കുകയായിരുന്നു.

18 അംഗങ്ങളുള്ള ഭരണ സമിതിയില്‍ 12 പേരാണ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചിരുന്നത്. ഭരണസമിതി നിലവില്‍ വന്നതിന് ശേഷം ഒട്ടേറെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് വേദിയായ പഞ്ചായത്താണ് തൃപ്പെരുന്തുറ. ഇവിടെ കോണ്‍ഗ്രസിനും ബി ജെ പിക്കും ആറ് അംഗങ്ങള്‍ വീതവും സി പി ഐ എമ്മിന് അഞ്ച് അംഗങ്ങളും ഒരു കോണ്‍ഗ്രസ് വിമതനുമായിരുന്നു ഉണ്ടായിരുന്നത്. പ്രസിഡന്റ് പദവി പട്ടികജാതി വനിതാ സംവരണമായിരുന്നു.

ഈ വിഭാഗത്തിലുള്ളവര്‍ കോണ്‍ഗ്രസില്‍ ആരുമില്ലാത്തിനാല്‍ സി പി ഐ എമ്മിലെ വിജയമ്മ ഫിലേന്ദ്രന്, കോണ്‍ഗ്രസ് പിന്തുണയോടെ പ്രസിഡന്റാവുകയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പിന്തുണ വേണ്ടെന്ന നിലപാടിനെ തുടര്‍ന്ന് വിജയമ്മ ഫിലേന്ദ്രന് രാജിവെച്ചു. വീണ്ടും തിരഞ്ഞെടുപ്പു നടന്നപ്പോഴും ഇത് തന്നെയാണ് ആവര്‍ത്തിച്ചത്. വിജയമ്മ വീണ്ടും രാജി വെക്കുകയും ചെയ്തു.

മൂന്നാമത്തെ തവണ കോണ്‍ഗ്രസ് വിമതന് ബി ജെ പിയ്ക്ക് വോട്ട് ചെയ്യകുകയും സി പി ഐ എമ്മിന്റെ ഒരു വോട്ട് അസാധുവാകുകയും ചെയ്തു. കോണ്‍ഗ്രസ് വിട്ട് നില്‍ക്കുകയും ചെയ്തതോടെയാണ് ബി ജെ പിക്ക് ഭരണം ലഭിച്ചത്. എന്നാല്‍ പിന്നീട് ദിപു പടകത്തില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ ചേര്‍ന്ന് എല്‍ ഡി എഫിന്റെ ഭാഗമായി. ഇതോടെ ഭരണസമിതിയില്‍ മൂന്ന് മുന്നണികള്‍ക്കും ആറ് അംഗങ്ങള്‍ വീതമായി.
പ്രെറ്റി ...ബ്യൂട്ടിഫുള്‍; മാളവികയുടെ പുതിയ ചിത്രം വൈറല്‍