യോഗി ആദിത്യനാഥിന്റെ ഉപദേശം, തലകുത്തി മറിഞ്ഞാലും കേരളത്തിൽ ചിലവാകില്ല, തുറന്നടിച്ച് എംപി
ആലപ്പുഴ: എസ്ഡിപിഐ-ആര്‍എസ്എസ് സംഘര്‍ഷത്തില്‍ ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ ആലപ്പുഴ എംപി എഎം ആരിഫിനെ കടന്നാക്രമിക്കുകയാണ് ബിജെപി. വടക്കന്‍ കേരളത്തിലെ ആര്‍എസിഎസിന്റെ കൊലപാതക രാഷ്ട്രീയം തെക്കന്‍ കേരളത്തില്‍ കൂടി വ്യാപിപ്പിക്കാനുളള നീക്കത്തിന്റെ ഭാഗമാണ് വയലാറിലെ കൊലപാതകമെന്ന് എഎം ആരിഫ് എംപി ആരോപിച്ചു.
സിപിഎമ്മിനെ ആക്രമിച്ച് എസ്ഡിപിഐയെ വെള്ളപൂശാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ആരിഫ് ആരോപിച്ചു. യോഗി ആദിത്യനാഥ് അല്ല ആര് തല കുത്തി മറിഞ്ഞാലും ഇവരുടെ രാഷ്ട്രീയം കേരളത്തില്‍ ചിലവാകാന്‍ പോകുന്നില്ലെന്നും എംപി തുറന്നടിച്ചു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം

ഉദ്ദേശം തെരഞ്ഞെടുപ്പു രാഷ്ട്രീയം
എഎം ആരിഫിന്റെ ഫേസ്ബുക്ക് കുറിപ്പ്: '' പരസ്പര പൂരക ശക്തികളായ ആർഎസ്എസും എസ്ഡിപിഐയും തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും വെട്ടിയും കുത്തിയും കൊലപാതകം വരെ എത്തി നിൽക്കുമ്പോൾ, കൊലയാളിയായ തീവ്ര ന്യൂനപക്ഷ വർഗീയ സംഘടന എസ്ഡിപിഐ യെ ഒറ്റപ്പെടുത്താൻ വേണ്ടി എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും കൂട്ടിയോജിപ്പിക്കാൻ ശ്രമിക്കുന്നതിനു പകരം എസ്ഡിപിഐ യെക്കാൾ കൂടുതൽ വാശിയോടുകൂടി സിപിഎമ്മിനെയും യും സിപിഐ.എം പ്രവർത്തകനായ എന്നെയും ആക്രമിക്കുന്നതിൻ്റെ ഉദ്ദേശം, തെരഞ്ഞെടുപ്പു രാഷ്ട്രീയം തന്നെയാണ്.

യോഗിയുടെ ഉപദേശം
പതിവായി വടക്കൻ കേരളത്തിൽ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇവർ പയറ്റി വരാറുള്ള കൊലപാതക രാഷ്ട്രീയം ഇപ്പോൾ തെക്കൻ കേരളത്തിൽകൂടി ആരംഭിക്കുന്നതിൻ്റെ ഭാഗമായിട്ടു കൂടിയാണ്, ഈ സംഭവങ്ങളെ സിപിഎമ്മിനെതിരായ തിരിച്ചുവിടാൻ നടത്തുന്ന ശ്രമം. യോഗി ആദിത്യനാഥ് കെ സുരേന്ദ്രൻ്റെ ജാഥ ഉദ്ഘാടനം ചെയ്തപ്പോഴെ ഇവരെ ഉപദേശിച്ചിട്ടുണ്ടാവാം. ഇത് തെക്കൻ കേരളത്തിൽ കൂടി വ്യാപിപ്പിക്കണം, എന്നാലേ ഗുജറാത്തിലും ഉത്തർപ്രദേശിലും യുപിയിലും ഒക്കെ പയറ്റിത്തെളിഞ്ഞ തന്ത്രങ്ങൾ ഇവിടെയും നമുക്ക് യാഥാർത്ഥ്യമാക്കാൻ കഴിയൂ എന്ന, യോഗി ആദിത്യനാഥൻ്റെ ഉപദേശമായിരിക്കാം ഇപ്പൊൾ ഇവിടെയും, നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

പരസ്പരം ഒത്ത് തീർപ്പ്
കുറെ നാൾ മുമ്പ് തീര സംഘവുമായി ഇവർ തൈക്കൽ കടപ്പുറത്ത് കടപ്പുറത്ത് ഏറ്റുമുട്ടിയിരുന്നു. അങ്ങോട്ടുമിങ്ങോട്ടും നാലഞ്ച് പേര് മരിച്ചുവീണ കൊലപാതകത്തിൽ പരസ്പരം ഒത്ത് തീർപ്പ് ഉണ്ടാക്കി കേസിലെ പ്രതികളെ രക്ഷപ്പെടുത്തിയ പാരമ്പര്യമാണ്, ആർഎസ്എസിനുള്ളത്. അതുപോലെ ഇവിടെയും നാളെ എസ്ഡിപിഐ യും ആയി ഇവർ സന്ധി ഉണ്ടാക്കും. 2016 ൽ ഞാൻ മത്സരിക്കുന്നതിന് തൊട്ടുമുൻപ് അരൂക്കുറ്റിയിൽ വെച്ച് സിപിഎം നടത്തിയ ശിൽപ്പശാല എസ്ഡിപിഐ ആക്രമിച്ചിരുന്നു. ആ ആക്രമണത്തിനെതിരെ എസ്ഡിപിഐ യെ എല്ലാവരും ചേർന്നാണ് ഒറ്റപ്പെടുത്തിയത്.

എസ്ഡിപിഐ യെ വെള്ളപൂശാൻ ശ്രമം
അതുകൊണ്ടു തന്നെ ശക്തമായി എസ്ഡിപിഐ എതിർത്തിട്ടും നല്ല ഭൂരിപക്ഷം എനിക്ക് ആ തിരഞ്ഞെടുപ്പിൽ ലഭിച്ചു. ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേളയിൽഞാൻ പ്രസംഗിച്ചത് കൂടുതലും എസ്ഡിപിഐ മത്സരിക്കുന്ന വാർഡുകളിൽ അവർക്കെതിരെ ആയിരുന്നു. എസ്ഡിപിഐയുടെ സ്വാധീനം ആ തിരഞ്ഞെടുപ്പിൽ പരമാവധി കുറച്ചുകൊണ്ടുവരാനും എൻ്റെ ഇടപെടൽ മൂലം കഴിഞ്ഞിട്ടുണ്ട്. അതെല്ലാം നന്നായിട്ട് ഈ നാട്ടിലെ ജനങ്ങൾക്ക് അറിയുന്നതാണ്. എനിക്ക് എതിരായി സന്ദീപ് വാര്യർ, കെ.സുരേന്ദ്രൻ എല്ലാം, ആരോപണമുന്നയിച്ചു കൊണ്ട് എസ്ഡിപിഐ യെ വെള്ളപൂശാൻ നടത്തുന്ന ശ്രമത്തെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.

കേരളത്തിൽ ചിലവാകില്ല
ഇവരുടെ രാഷ്ട്രീയം കേരളത്തിൽ ചിലവാകാൻ പോകുന്നില്ല. അതിന് യോഗി ആദിത്യനാഥ് അല്ല ആരു തലകുത്തി മറിഞ്ഞാലും അതിനെ നേരിടാനുള്ള ശക്തി സിപിഐഎമ്മിനും, സഖാവ് പിണറായി വിജയൻ നയിക്കുന്ന ഗവൺമെൻ്റിനും, ഉണ്ട്. കുറ്റകൃത്യത്തിൽ പങ്കെടുത്ത കുറ്റവാളികളെ എല്ലാം അറസ്റ്റ് ചെയ്യണം. ഇതിലെ എല്ലാ കാര്യങ്ങളും അന്വേഷിക്കണം എല്ലാ കുറ്റവാളികളെയും പിടിക്കണം, എല്ലാവർക്കും എതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം. അതിനു വേണ്ടി ശക്തമായ ഇടപെടൽ ഉണ്ടാവണം എന്ന് ഞാൻ സംസ്ഥാന ഗവൺമെൻ്റിനോട് അഭ്യർത്ഥിക്കുന്നു.

നിരന്തരം വ്യാജ വാർത്തകൾ
എനിക്ക് എതിരായിട്ടുള്ള ആർഎസ്എസ് ആക്രമണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സംഘടനാ പ്രവർത്തന രംഗത്ത് കടന്നു വന്ന കാലം മുതൽ ആർഎസ്എസ് എന്നെ ആക്രമിക്കാൻ തുടങ്ങിയതാണ്. എം എൽ എ ആയപ്പോൾ ആക്രമിക്കുന്ന കുറവും ഒന്നും വരുത്തിയട്ടില്ല എന്ന് മാത്രമല്ല കൂടിയിട്ടേയുള്ളൂ. പാർലമെൻറ് അംഗമായി ശേഷമാണ് ശക്തി കൂടുതൽ കൂടിയിട്ടുള്ളത്. ജന്മഭൂമി പതിവായി എനിക്കെതിരായി വാർത്തകൾ എഴുതുന്നു. ജനം ടി വി നിരന്തരം വ്യാജ വാർത്തകൾ കൊടുക്കുന്നു. ഡൽഹിയിൽ കലാപബാധിത പ്രദേശങ്ങൾ ഞാൻ സന്ദർശിച്ചിരുന്നു.

ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് സ്ഥിരം ഏർപ്പാട്
അവിടെ ഹിന്ദു - മുസ്ലീം സഹോദരങ്ങൾ വളരെ സ്നേഹത്തോടെ, കഴിയുന്നവരായിരുന്നു. അവരെ പരസ്പരം ഭിന്നിപ്പിക്കുവാൻ ആക്രമണങ്ങൾ അഴിച്ചുവിട്ടത് എസ്ഡിപിഐയും ആർഎസ്എസുകാരും ചേർന്നാണ്. യഥാർത്ഥ സംഭവങ്ങൾ മുസ്ലിം സഹോദരങ്ങളും ഹൈന്ദവ സഹോദരങ്ങളും പറയുന്നത് ലൈവായി ഞാൻ ഫേസ്ബുക്കിൽ ഇട്ടിരുന്നു. എന്നാൽ, അന്ന് രാത്രിയിൽ ഞാൻ ഹരിയാനയിൽ കലാപം ഉണ്ടാക്കാൻ പോകുന്നു എന്ന് പറഞ്ഞാണ് ജനം ടിവി ആ വാർത്ത കൊടുത്തത്. അതുപോലെ RSS അജകൾക്കെതിരെ കിട്ടുന്ന സമയം പാർലമെൻ്റിൽ പരമാവധി ഉപയോഗിക്കുന്നതിന് ഞാൻ ശ്രമിക്കുമ്പോൾ എല്ലാം എന്നെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് ഇവരുടെ സ്ഥിരം ഏർപ്പാടാണ്.

നിലപാടിൽ വെള്ളം ചേർക്കില്ല
അതുകൊണ്ടൊന്നും തന്നെ ഞാൻ എസ്ഡിപിഐ ക്കും, ആർഎസ്എസ്നുമെതിരായിട്ടുള്ള എൻ്റെ രാഷ്ട്രീയ നിലപാടിൽ വെള്ളം ചേർക്കാൻ ഉദ്ദേശിക്കുന്നില്ല. എനിക്ക് ആകാവുന്ന നിലയിൽ പരമാവധി ചെറുത്ത് നിൽപ്പ് നടത്തികൊണ്ടെ ഇരിക്കും. വർഗീയ ശക്തികളുമായി സന്ധിയില്ലാത്ത പോരാട്ടം എന്നും തുടരും. ഇപ്പോൾ വയലാറിൽ കൊല്ലപ്പെട്ട നന്ദുവിൻ്റെ വീട്ടിൽ എത്തിച്ചേരുന്ന,ബിജെപി/ആർഎസ്എസ്,നേതാക്കൾ തൊട്ടടുത്ത് തന്നെ കൊല ചെയ്യപ്പെട്ട RSS പ്രവർത്തകനായിരുന്ന അനന്ദുവിൻ്റെ വീടും സന്ദർശിക്കണം. പഠിക്കാൻ മിടുക്കനായിരുന്ന, .+2 വിന് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ആ കുട്ടി ശാഖയിൽ വന്നുകൊണ്ടിരുന്നത് നിർത്തിയതിൻ്റെ പേരിൽ ആർഎസ്എസുകാർ തന്നെ കൊലപ്പെടുത്തിയതാണ്. ആ കുട്ടിയുടെ വീട്ടിൽ കൂടി ഒന്ന് കയറിയിട്ട് പോകുന്നതും നന്നായിരിക്കും എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു''.
അലായയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം