പക്ഷിപ്പനി; 6920 താറാവുകളെ നശിപ്പിച്ചു, ബോധപൂര്‍വ്വം രോഗവ്യാപനത്തിന് ഇടയാക്കിയതിനാല്‍ നഷ്ടപരിഹാരം നല്‍കില്ല
ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വീയപുരം പഞ്ചായത്തിലെ വെള്ളംകുളങ്ങരയില്‍ 2022 ജനുവരി 21ന് 6920 താറാവുകളെ നശിപ്പിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍ കൊന്ന താറാവുകളെ ഗ്രാമപഞ്ചായത്തിന്റെ കൂടി സഹകരണത്തോടെ കത്തിച്ചു.
നേരത്തെ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് വീയ്യപുരം പഞ്ചായത്തിലേക്ക് പുറത്തുനിന്നും പക്ഷികളെ എത്തിക്കുന്നതിന് ജില്ലാ കളക്ടര്‍ ഏര്‍പ്പെടുത്തിയ നിരോധനം ലംഘിച്ച് താമരക്കുളം പഞ്ചായത്തില്‍നിന്നും കൊണ്ടുവന്ന താറാവുകള്‍ക്കാണ് രോഗം ബാധിച്ചത്.

നഷ്ടപരിഹാരം ലഭിക്കുന്നതിനായി ബോധപൂര്‍വ്വം താറാവുകളെ കൊണ്ടുവന്നത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു.
നഷ്ടപരിഹാരം നല്‍കില്ലെന്ന് ഉടമയെ രേഖാമൂലം അറിയിച്ച ശേഷമാണ് താറാവുകളെ നശിപ്പിക്കുന്ന നടപടി ആരംഭിച്ചത്. രോഗവ്യാപനത്തിന് ഇടയാക്കിയതിന് ഉടമയ്ക്കെതിരെ കേസെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പോലീസിനെയും മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസറെയും കളക്ടര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറാന്‍ കണ്‍ട്രോള്‍ റൂമില്‍ വിളിക്കണം
ആലപ്പുഴ: വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് സ്വാഭാവികമല്ലാത്ത ലക്ഷണങ്ങള്‍ പ്രകടമായാല്‍ ചികിത്സ തേടുന്നതിന് ജില്ലാതല കോവിഡ് കണ്‍ട്രോള്‍ റൂമിലെ 0477 2239999 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കടുത്ത പനി തുടരുക, ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ട് നേരിടുക, പള്‍സ് ഓക്‌സിമീറ്ററില്‍ ഓക്‌സിജന്‍ സാച്ചുറേഷന്‍ 94ല്‍ താഴ്ന്നു നില്‍ക്കുക, നെഞ്ചില്‍ വേദയോ ഭാരമോ അനുഭവപ്പെടുക, ശരീരവേദന, കടുത്ത ക്ഷീണം, പേശീവേദന, എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട്, ആശയക്കുഴപ്പം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകുന്നവരാണ് വൈദ്യ സഹായം തേടേണ്ടത്.
ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ പാലിച്ച് ചികിത്സാ കേന്ദ്രത്തിലേക്ക് മാറണം.
നിലവില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി, ആലപ്പുഴ ജനറല്‍ ആശുപത്രി, ഡിസി മില്‍സ് എന്നിവിടങ്ങിള്‍ കോവിഡ് ചികിത്സയ്ക്ക് സൗകര്യങ്ങളുണ്ട്. ഈ കേന്ദ്രങ്ങളില്‍ രോഗികള്‍ നേരിട്ടു ചെല്ലുന്നത് ഒഴിവാക്കി കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദേശങ്ങളനുസരിച്ച് പ്രവര്‍ത്തിക്കണം- ഡി.എം.ഒ അറിയിച്ചു.
വെറ്ററിനറി ബിരുദധാരികള്‍ക്ക് അവസരം
ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന രാത്രികാല അടിയന്തിര വെറ്ററിനറി സേവനം പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷനുള്ള വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു. 89 ദിവസത്തേക്കാണ് നിയമനം. ജോലിസമയം ആഴ്ചയിൽ ആറുപ്രവൃത്തി ദിവസങ്ങളില്‍ വൈകുന്നേരം ആറു മുതൽ രാവിലെ ആറു വരെയാണ്. പ്രതിമാസ വേതനം 43,155 രൂപ.
താൽപര്യമുള്ളവർ ജനുവരി 24നു രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. ഫോൺ: 0477 2252431.












Click it and Unblock the Notifications