ആലപ്പുഴയില്‍ പക്ഷിപ്പനി: ചെറുതനയില്‍ കള്ളിംഗ് നടപടികള്‍ ആരംഭിച്ചു
ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി ബാധിച്ച ചെറുതന ആയാപറമ്പ് പാണ്ടി പ്രദേശത്തെ പാടശേഖരങ്ങളില്‍ പക്ഷികളെ കൊന്നു നശിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചു. 6,987 താറാവുകളെയാണ് ഇന്നലെ (ശനിയാഴ്ച) കൊന്നൊടുക്കിയത്. മൂന്ന് ആര്‍.ആര്‍.റ്റികളാണ് പ്രവര്‍ത്തിച്ചത്. പി.പി.ഇ. കിറ്റ് ധരിച്ച് വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് കേന്ദ്ര മാനദണ്ഡ പ്രകാരമാണ് കള്ളിംഗ് നടത്തുന്നത്.
പക്ഷികളെ കൊന്ന ശേഷം വിറക്, ഡീസല്‍, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളില്‍ കത്തിച്ച് കളയുകയാണ് ചെയ്യുന്നത്. കത്തിക്കല്‍ പൂര്‍ത്തിയായതിന് ശേഷം പ്രത്യേക ആര്‍.ആര്‍.റ്റി സംഘമെത്തി നാളെ ( തിങ്കളാഴ്ച )സാനിറ്റേഷന്‍ നടപടികള്‍ സ്വീകരിക്കും. ജില്ല മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ഡി.എസ്. ബിന്ദു കള്ളിംഗ് ജോലികള്‍ക്ക് നേതൃത്വം നല്‍കി.

ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. വിനയ് കുമാര്‍, ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. സന്തോഷ്, എപ്പിഡെമിയോളജിസ്റ്റ് ഡോ. വൈശാഖ് തുടങ്ങിയവരും സ്ഥലത്തെത്തി. കള്ളിംഗ് നടപടികള്‍ പൂര്‍ത്തിയായതിനു ശേഷവും ഈ പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റയും നിരീക്ഷണം ശക്തമാക്കും.
അതേസമയം, ചെറുതന ഗ്രാമപഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പുറക്കാട്, അമ്പലപ്പുഴ വടക്ക്, ചമ്പക്കുളം, രാമങ്കരി, തലവടി, മുട്ടാര്‍, എടത്വ, തകഴി, കരുവാറ്റ, ചെറുതന, വിയപുരം, പള്ളിപ്പാട്, തൃക്കുന്നപ്പുഴ, കാര്‍ത്തികപ്പള്ളി, ചെന്നിത്തല, കുമാരപുരം എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലും താറാവ്, കോഴി, കാട, മറ്റ് വളര്‍ത്ത് പക്ഷികള്‍, ഇവയുടെ ഇറച്ചി, മുട്ട, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും നവംബര്‍ ഒന്‍പത് വരെ നിരോധിച്ച് ജില്ല കളക്ടര്‍ ഉത്തരവായി.
ഈ ഉത്തരവ് കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനായി തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിമാരും അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി, കുട്ടനാട്, മാവേലിക്കര തഹസീല്‍ദാര്‍മാരും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താനും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
തണ്ണീര്‍മുക്കം പഞ്ചായത്തില്‍ നിന്ന് പന്നികളെ കൊണ്ടു പോകുന്നത് നിരോധിച്ചു
ആലപ്പുഴ: കോട്ടയം ജില്ലയിലെ ആര്‍പ്പക്കര ഗ്രാമപഞ്ചായത്തില്‍ പന്നിപനി സ്ഥിരീകരിച്ചിട്ടുള്ള സാഹചര്യത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി രോഗത്തിന്റെ പ്രഭവകേന്ദ്രത്തിന് 10 കിലോ മീറ്റര്‍ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. തണ്ണീര്‍മുക്കം പഞ്ചായത്തില്‍ നിന്നും പന്നികള്‍, പന്നിമാംസം, പന്നികളുടെ കാഷ്ഠം, തീറ്റ എന്നിവ പുറത്തേക്ക് കൊണ്ടുപോകുന്നതിന് നിരോധനം ഏര്‍പ്പെടുത്തികൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് നടപ്പിലാക്കുന്നതിനാവശ്യമായ നടപടികള്‍ ജില്ലാ പോലീസ് മേധാവി, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ സ്വീകരിക്കേണ്ടതാണ്.












Click it and Unblock the Notifications