അമ്പലപ്പുഴയിലും പക്ഷിപ്പനി; പ്രതിരോധം ശക്തമാക്കി, 14,100 പക്ഷികളെ നശിപ്പിക്കും
ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ചില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. തുടര്‍ന്ന് ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്ന് ഈ മേഖലകളില്‍ രോഗപ്രതിരോധ നടപടികള്‍ ഉര്‍ജിതമാക്കാന്‍ തീരുമാനിച്ചു.
രോഗം സ്ഥിരീകരിച്ച സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയിലെ താറാവുകളെയും മറ്റു പക്ഷികളെയും കൊന്ന് മറവു ചെയ്യുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിക്കുന്ന മുറയ്ക്ക് ഉടന്‍ ആരംഭിക്കും. പഞ്ചായത്തിലെ 14,100 പക്ഷികളെയാണ് നശിപ്പിക്കേണ്ടത്.

കള്ളിംഗ് നടത്തുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കാന്‍ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അധികൃതര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കള്ളിംഗ് സംഘത്തിലുള്ളവരെ പത്ത് ദിവസം ക്വാറന്റീന്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കണം.
പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടി ശക്തമാക്കാന്‍ ആരോഗ്യ വകുപ്പിനോട് നിര്‍ദേശിച്ചു. പ്രഭവകേന്ദ്രത്തിന് അകത്തേക്കും പുറത്തേക്കും പക്ഷികളെ എത്തിക്കുന്നില്ല എന്ന് പോലീസ് ഉറപ്പ് വരുത്തണം. പ്രഭവകേന്ദ്രത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, തകഴി, പുറക്കാട്, ചമ്പക്കുളം, നെടുമുടി, കരുവാറ്റ പഞ്ചായത്തുകളില്‍ പക്ഷികള്‍, മുട്ട, കാഷ്ടം എന്നിവയുടെ വില്‍പനയും കടത്തലും നടക്കുന്നില്ലയെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ഉറപ്പുവരുത്തണം.
യോഗത്തില്‍ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശ സി. എബ്രഹാം, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. എം. ദീപ, ജില്ല മൃഗ സംരക്ഷണ ഓഫീസര്‍ ഡോ.ഡി.എസ്. ബിന്ദു, ഡി.എം.ഒ. (ആരോഗ്യം) ഡോ. ജമുന വര്‍ഗീസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications