രണ്‍ജിത്ത് വധം രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍; മുഖ്യസൂത്രധാരന്മാരെന്ന് പൊലീസ്
ആലപ്പുഴ: ബിജെപി നേതാവും ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറിയുമായ രണ്‍ജീത്ത് വധക്കേസില്‍ മുഖ്യസൂത്രധാരന്മാരായ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി സ്വദേശിയായ ഷാജി (47), മണ്ണഞ്ചേരി പൊന്നാട് സ്വദേശി നഹാസ് ( 31 ) എന്നിവരാണ് അറസ്റ്റിലായത്. എസ്ഡിപിഐ ആലപ്പുഴ മണ്ഡലം വൈസ് പ്രസിഡന്റാണ് ഷാജി. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം പതിനെട്ടായി.
ഡിസംബര്‍ 19 ന് ബൈക്കിലെത്തിയ 12 അംഗ സംഘമാണ് ബിജെപി നേതാവ് രണ്‍ജിത്തിനെ കൊലപ്പെടുത്തിയത്. പ്രഭാത സവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘം ബൈക്കിലെത്തി രണ്‍ജീത്തിനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നത്. ആലപ്പുഴ നഗരഭാഗമായ വെള്ളകിണറില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. നേരത്തെ ഒബിസി മോര്‍ച്ച ആലപ്പുഴ ജില്ല സെക്രട്ടറിയായിരുന്നു രണ്‍ജീത് ശ്രീനിവാസന്‍.

എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പകരമായാണ് രണ്‍ജീത്തിനെ കൊലപ്പെടുത്തിയത്. പ്രതികള്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നെന്ന സൂചനയെ തുടര്‍ന്ന് തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നതിനാല്‍ പ്രതികള്‍ സുരക്ഷിത ഇടങ്ങളിലേക്ക് ഒളിത്താവളം മാറ്റാന്‍ ഇടയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖ്‌റെ പറഞ്ഞിരുന്നത്. കൂടാതെ സംഭവത്തില്‍ എസ്ഡിപിഐക്കും പോപ്പുലര്‍ ഫ്രണ്ടിനെതിരെ ശക്തമായാണ് ബിജെപി വിമര്‍ശിക്കുന്നത്.
രണ്‍ജിത് ശ്രീനിവാസന്റെ കൊലപാതകം ആസൂത്രിതമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. കേവലം ബിജെപി-ആര്‍എസ്എസ് നേതാക്കളെ മാത്രം ലക്ഷ്യം വെച്ചുള്ള അക്രമമല്ല ഇതെന്നും, മറിച്ച് ഒരു സമൂഹത്തിന് നേരെ തിരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു. ഉന്നത നേതാക്കളുടെ അറിവോടെയാണ് ഗൂഢാലോചന നടന്നിരിക്കുന്നതെന്നും ജനങ്ങളെ ചേരിതിരിച്ച് കലാപത്തിലേക്ക് തള്ളിവിടാനുള്ള ശ്രമമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന അതിക്രമങ്ങളെ തടയാന്‍ പൊലീസിന് സാധക്കുന്നില്ലെങ്കില്‍ അത് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. അക്കാര്യം കേന്ദ്രത്തെ അറിയിക്കണമെന്നും പോപ്പുലര്‍ ഫ്രണ്ട് ഒരു പൊതുവിപത്താണെന്നും അവരെ ഒറ്റപ്പെടുത്താന്‍ സമൂഹം തയ്യാറാവണമെന്നും പിഎഫ്‌ഐ ഭീകരവാദത്തിന് മുമ്പില്‍ കേരളം മുട്ടുമടക്കില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. വര്‍ഗീയ കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പോപ്പുലര്‍ ഫ്രണ്ട് കഴിഞ്ഞ ഏതാനും നാളുകളായി കേരളത്തില്‍ പ്രവര്‍ത്തിക്കുകയാണെന്നും വലിയ തോതിലുള്ള ഭീകരപ്രവര്‍ത്തനവും ആയുധ പരിശീലനവും പോപ്പുലര്‍ഫ്രണ്ട് കേരളത്തില്‍ നടത്തുന്നുണ്ട്. സമാധാനാന്തരീക്ഷം തകര്‍ക്കുകയെന്ന ഗൂഢ ഉദ്ദേശ്യമാണ് ഇതിന് പിന്നിലുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ നടന്ന ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രി ഇപ്പോള്‍ ആലപ്പുഴയില്‍ രണ്ട് കൊലപാതകങ്ങള്‍ സംഭവിച്ചപ്പോള്‍ അപലപിച്ച് എത്തിയിരിക്കുകയാണെന്നും പോപ്പുലര്‍ ഫ്രണ്ടിനെയും ആര്‍എസ്എസിനെയും ഒരുപോലെ ചിത്രീകരിക്കാനാണ് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരുടെ ശ്രമമെന്നും വര്‍ഗീയ ശക്തികള്‍ക്കെതിരെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെങ്കില്‍ പല നഗരസഭകളിലുമുള്ള സിപിഎം-എസ്ഡിപിഐ സഖ്യം അവസാനിപ്പിക്കാന്‍ ആദ്യം തയ്യാറാകണമെന്നും ബിജെപി അദ്ധ്യക്ഷന്‍ ആവശ്യപ്പെട്ടു.
ആഭ്യന്തര വകുപ്പിന്റെ പൂര്‍ണപരാജയമാണ് സംസ്ഥാനത്ത് കുറേ മാസങ്ങളായി നടന്നുവരുന്ന അക്രമസംഭവങ്ങള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഭീകരപ്രവര്‍ത്തകര്‍ക്കൊപ്പമാണ് സര്‍ക്കാരെന്നും സിപിഎമ്മിന്റെയും പൊലീസിന്റെയും സഹായം ലഭിക്കുന്നതുകൊണ്ടാണ് ഇവര്‍ക്ക് ഇത്തരം അക്രമസംഭവങ്ങള്‍ നടത്താന്‍ ധൈര്യം ലഭിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വലിയ തോതിലുള്ള ഗൂഡാലോചനയും ആസൂത്രണവും രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നിലുണ്ട്. ഒരു ക്രിമിനല്‍ കേസില്‍ പോലും പ്രതിയല്ലാത്ത, നാട്ടിലെ ജനസ്വാധീനമുള്ള ബിജെപി നേതാക്കളില്‍ ഒരാളായ രഞ്ജിത്തിനെ തിരഞ്ഞ് പിടിച്ച് കൊലപ്പെടുത്തുകയാണ് പോപ്പുലര്‍ ഫ്രണ്ട് ചെയ്തത്. അക്രമത്തിനെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളുമായി ബിജെപി മുന്നോട്ടുപോകുമെന്നും കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.












Click it and Unblock the Notifications