നിദ ഫാത്തിമയ്ക്ക് യാത്രാമൊഴിയേകി നാട്; കണ്ണീരോടെ നാട്ടുകാര്‍, സ്‌കൂളില്‍ പൊതുദര്‍ശനം
ആലപ്പുഴ: സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിന് പോയി നാഗ്പൂരില്‍ വച്ച് മരണപ്പെട്ട നിദ ഫാത്തിമയുടെ മൃതദേഹം ജന്മനാട്ടില്‍ എത്തിച്ച ഖബറടക്കി. പുലര്‍ച്ചെ വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ആലപ്പുഴയില്‍ എത്തിക്കുകയായിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്പോര്‍ട്ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സി കുട്ടനും അമ്പലപ്പുഴ എം എല്‍ എ എച്ച് സലാമും മറ്റ് ബന്ധുക്കളും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങുകയായിരുന്നു. ആലപ്പുഴയില്‍ എത്തിച്ച മൃതദേഹം നിദ ഫാത്തിമ പഠിക്കുന്ന സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. സ്‌കൂളില്‍ വച്ച് മന്ത്രി പി പ്രസാദ്, എച്ച് സലാം എം എല്‍ എ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
അതേസമയം, നിദ ഫാത്തിമയുടെ വീട് കായിക മന്ത്രി വി. അബ്ദുറഹിമാന്‍ സന്ദര്‍ശിച്ചു. ഏറ്റവും ദുഃഖകരമായ സംഭവമാണ് നടന്നിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന നിദയുടെ മാതാവ് അന്‍സിലയെ, എച്ച്.സലാം എം.എല്‍.എയ്‌ക്കൊപ്പം കണ്ട ശേഷമാണ് ഇരുവരും നിദയുടെ വീട്ടിലെത്തിയത്. കുടുംബാഗങ്ങളെ മന്ത്രി ആശ്വസിപ്പിച്ചു.

ദേശീയ തലങ്ങളിലെ മത്സരങ്ങള്‍ക്ക് പോകുമ്പോള്‍ സംഘടനകള്‍ തമ്മില്‍ അധികാരത്തിനായി നടത്തുന്ന കിട മത്സരങ്ങള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി മന്ത്രി പറഞ്ഞു. അസോസിയേഷനുകള്‍ തമ്മിലുള്ള ആരോഗ്യകരമല്ലാത്ത മത്സരം അവസാനിപ്പിക്കണം. ദേശീയ മത്സരങ്ങളില്‍ ആവശ്യമായ സുരക്ഷ ഉറപ്പുവരുത്താന്‍ പല സംസ്ഥാനങ്ങള്‍ക്കും കഴിയാറില്ല.
കേരളത്തില്‍ വലിയ ശ്രദ്ധയോടെയാണ് ഇത്തരം മത്സരങ്ങള്‍ നടത്തിവരുന്നത്. സ്പോര്‍ട്‌സ് കൗണ്‍സില്‍ കേന്ദ്ര അഫിലിയേഷനുള്ള അസോസിയേഷനെ മാത്രമേ കേരളം അംഗീകരിക്കുന്നുള്ളൂ. കോടതിയില്‍ നിന്നുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിദ ഫാത്തിമ മത്സരത്തില്‍ പങ്കെടുക്കുവാനായി പോയത്. കുട്ടിയുടെ മരണകാരണത്തില്‍ വ്യക്തത വരുത്തുന്നതിനായി മഹാരാഷ്ട്ര മുഖ്യമന്ത്രി, കായിക മന്ത്രി, അവിടുത്തെ ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ക്ക് കത്ത് അയച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസും ബന്ധപ്പെടും. കേന്ദ്രമന്ത്രിയെയും ഉത്കണ്ഠ അറിയിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലാ കളക്ടര്‍ കാണ്‍പൂര്‍ ജില്ലാ കളക്ടറുമായി സംസാരിച്ചു കൃത്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശിയ മത്സരങ്ങളെല്ലാം കൃത്യമായ ആസൂത്രണത്തിലൂടെ സംഘടിപ്പിക്കുവാന്‍ കേന്ദ്രം ഇനിയെങ്കിലും നടപടി എടുക്കണം. സംഘടനകളെ നിയന്ത്രിക്കേണ്ടത് കേന്ദ്രമാണ്. വിഷയവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ എം.പി ഇന്ന് അടിയന്തര പ്രമേയം അവതരിപ്പിക്കുന്നുണ്ട്.
അതിന്റെ മറുപടി ലഭിച്ചതിനുശേഷം മറ്റു കാര്യങ്ങളിലേക്ക് കടക്കും. കുട്ടിയുടെ മൃതദ്ദേഹം എത്രയും പെട്ടെന്ന് നാട്ടിലേക്ക് എത്തിക്കുവാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വെള്ളിയാഴ്ച രാത്രി ബാഗ്ലുരില്‍ എത്തിക്കുന്ന മൃതദേഹം തൊട്ടടുത്ത വിമാനത്തില്‍ തന്നെയായി ശനിയാഴ്ച രാവിലെ കൊച്ചിയില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അവിടെ നിന്ന് വീട്ടില്‍ എത്തിക്കാനുള്ള ആംബുലന്‍സ് അടക്കമുള്ള സൗകര്യവും ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications