ചമ്പക്കുളം മൂലം വള്ളംകളി: രാജപ്രമുഖൻ ട്രോഫി നേടി ആയാപറമ്പ് വലിയ ദിവാൻജി
ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിയിൽ ജേതാക്കളായി രാജപ്രമുഖൻ ട്രോഫി സ്വന്തമാക്കി ആയാപറമ്പ് വലിയ ദിവാൻജി. ആലപ്പുഴ ടൗൺ ബോട്ട് ക്ലബാണ് വള്ളം തുഴഞ്ഞത്. കുമരകം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനം നേടി. എൻ സി ഡി സി ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ മൂന്നാം സ്ഥാനം നേടി . കഴിഞ്ഞ വർഷം നടുഭാഗം ചുണ്ടനായിരുന്നു ജേതാക്കൾ.
ആറ് ചുണ്ടനടക്കം എട്ട് വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖ ട്രോഫിക്കായി മത്സര രംഗത്ത് ഉണ്ടായിരുന്നത്. കേരളത്തിലെ ജലോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന വള്ളം കളിയാണ് ചമ്പക്കുളം മൂലം വള്ളംകളി. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് പമ്പയാറ്റിൽ മത്സരങ്ങൾക്ക് തുടക്കമായത്. അഞ്ച് മണിയോടെ വള്ളങ്ങളുടെ ഫൈനൽ മത്സരം ആരംഭിച്ചു. അതിനിടെ വെപ്പ് വള്ളങ്ങളുടെ മത്സരത്തിനിടെ വള്ളം മറിഞ്ഞു. തുഴച്ചലുകാർ സുരക്ഷിതരാണ്.

കേരളത്തിലെ വള്ളംകളികളിൽ ആറന്മുള കഴിഞ്ഞാൽ ഏറ്റവും പുരാതനമായ വള്ളംകളിയാണ് ചമ്പക്കുളം മൂലം വള്ളംകളി. പമ്പാ നദിയിലാണ് ഈ വള്ളംകളി നടക്കുന്നത്.. മലയാള മാസമായ മിഥുനത്തിലെ മൂലം നാളിലാണ് ഈ വള്ളംകളി. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠാ ദിനവുമായി ബന്ധപ്പെടുത്തിയാണ് വള്ളംകളി ചമ്പക്കുളം പമ്പാനദിയിൽ വർഷംതോറും നടത്തുന്നത്.












Click it and Unblock the Notifications