മണ്ഡലകാലത്തിന് മുന്നോടിയായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ പുതുക്കുന്നു, പണികൾ ഒക്ടോബർ 31 ന് മുൻപ് തീരും
ചെങ്ങന്നൂർ : മണ്ഡലകാലത്തിനു മുന്നോടിയായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നടത്തി വരുന്ന അറ്റകുറ്റപ്പണികൾ ഈ മാസം 31 ന് മുൻപ് പൂർത്തിയാക്കിയേക്കും. തീർത്ഥാടന കാലത്ത് റെയിൽവേ സ്റ്റേഷനിൽ ഒരുക്കേണ്ട സൗകര്യങ്ങൾ സംബന്ധിച്ച് കൊടിക്കുന്നിൽ സുരേഷ് എം പിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. യോഗത്തിലാണ് 31 നു മുൻപ് പണികൾ തീർക്കാൻ തീരുമാനമായത്. പ്ലാറ്റ്ഫോമിലെ ചോർച്ചയും സ്റ്റേഷനു മുന്നിലെ വെള്ളക്കെട്ടും സംബന്ധിച്ചും യോഗം ചർച്ച ചെയ്തു.
ഡിവിഷനൽ റെയിൽവേ മാനേജർ എസ്.എം. ശർമ യോഗത്തിൽ പങ്കെടുത്ത് സ്റ്റേഷന്റെ ഒരുക്കങ്ങൾ സംബന്ധിച്ച് വിശദീകരിച്ചു. മണ്ഡലകാലത്ത് ജനുവരി 14 വരെ ഓടുന്ന സ്പെഷൽ ട്രെയിനുകൾ 17 വരേക്ക് നീട്ടാൻ അപേക്ഷ നൽകിയതായി അദ്ദേഹം പറഞ്ഞു. അതേ സമയം സീസണിൽ സർക്കാർ പരിസരത്ത് പ്രവർത്തിക്കുന്ന സർക്കാർ വകുപ്പുകളുടെ സ്റ്റാളുകൾക്ക് വൈദ്യുതി റെയിൽവേ വകുപ്പ് നൽകണമെന്ന ആവശ്യം ഉയർന്നു. എന്നാൽ യോഗത്തിൽ ആ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ഡിആർഎം അറിയിച്ചു.

നഗരസഭാധ്യക്ഷ സൂസമ്മ ഏബ്രഹാം, ഉപാധ്യക്ഷൻ മനീഷ് കീഴാമഠത്തിൽ, വാർഡ് കൗൺസിലർ സിനി ബിജു, അയ്യപ്പ സേവാ സംഘം ദേശീയ ജനറൽ സെക്രട്ടറി ഡി.വിജയകുമാർ, സീനിയർ ഡിവിഷനൽ എൻജിനീയർ ആർ.അരുൺ, സീനിയർ ഡിവിഷനൽ കൊമേഴ്സ്യൽ മാനേജർ ആർ. ഹരികൃഷ്ണൻ, പത്തനംതിട്ട ഡപ്യൂട്ടി കലക്ടർ ടി.എസ് ജയശ്രീ, ഡിവൈഎസ്പി എം .കെ. ബിനുകുമാർ, ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി വി.കെ. ചന്ദ്രൻ, അയ്യപ്പസേവാസമാജം ജില്ലാ പ്രസിഡന്റ് പാണ്ടനാട് രാധാകൃഷ്ണൻ, ജേക്കബ് വി. സ്കറിയ, സജി, കെ.ആർ. പ്രഭാകരൻ നായർ, എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.












Click it and Unblock the Notifications