ആലപ്പുഴ കള്ളനോട്ട് കേസ്; അന്വേഷണം തീവ്രവാദ വിരുദ്ധസേനയ്ക്ക്, പ്രധാനകണ്ണി ഉടന്‍ അറസ്റ്റിലാകും
കേസില്‍ അറസ്റ്റിലായ ജിഷ മോള്‍ ഇപ്പോള്‍ മാനസികാരോഗ്യ കേന്ദ്രത്തിലാണ്.

ആലപ്പുഴ: ആലപ്പുഴ കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ കൃഷി ഓഫീസര്‍ എം ജിഷ മോളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന ഇവരുടെ സുഹൃത്ത് എവിടെയുണ്ടെന്ന് കണ്ടെത്തിയെന്നാണ് സൂചന. കേസില്‍ ജിഷ മോള്‍ അറസ്റ്റിലായതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തേക്കും.
കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് മറ്റ് ചിലരെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ പേര്‍ ഇതില്‍ പങ്കാളികളായിട്ടുണ്ടോയെന്ന് അതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളുവെന്ന് ആലപ്പുഴ സൗത്ത് സി ഐ എസ് അരുണ്‍ പറഞ്ഞു.
കേസില്‍ അറസ്റ്റിലായ ജിഷ മോള്‍ ഇപ്പോള്‍ മാനസികാരോഗ്യ കേന്ദ്രത്തിലാണ്. ജിഷ മോളില്‍ നിന്നും പിടിച്ചെടുത്ത കള്ളനോട്ടിന്റെ ഫോറന്‍സിംഗ് ഫലം തിരുവനന്തപുരത്തെ ലാബില്‍ നിന്ന് പുറത്തുവരാന്‍ രണ്ടാഴ്ച സമയമെടുക്കും. കള്ളനോട്ടാണെന്ന് സൂക്ഷ പരിശോധനയില്‍ മാത്രമാണ് മനസിലാക്കാന്‍ സാധിക്കുകയുള്ളൂ. ലാബ് റിപ്പോര്‍ട്ട് കിട്ടിയാല്‍ റിസര്‍വ് ബാങ്കിന്റെ കൂടി അഭിപ്രായത്തിലേക്ക് വിടും അവിടെ നിന്ന് ഇക്കാര്യം സ്ഥിരീകരി്ചാല്‍ കേരള പൊലീസിന് കീഴിലെ തീവ്രവാദവിരുദ്ധ സേനയ്്ക് അന്വേഷണം കൈമാറും.
വിഷാദ രോഗ ചികിത്സ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജിഷ മോള്‍ തിരുവനന്തപുരത്തെ പേരൂര്‍ക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തിലാണ്. അതുകൊണ്ട് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതിസന്ധി നേരിടുന്നുണ്ട്. ജിഷ നേരത്തെ നല്‍കിയ മറുപടിയില്‍ പലതും കളവാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
കൂടാതെ ആലപ്പുഴയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കള്ളനോട്ട് കേസുമായി ബന്ധപ്പെട്ട് ജിഷയ്ക്ക് ബന്ധമുണ്ടോ എന്നുള്ള കാര്യവും അന്വേഷിക്കും. കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ജിഷയുടെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൃഷി ഓഫീസില്‍ കൃത്യമായി ഹാജരാകാറില്ലെന്ന ആരോപണവും പുറത്തുവരുന്നുണ്ട്. കൃഷി മന്ത്രി ആലപ്പുഴയില്‍ വിളിച്ച് ചേര്‍ത്ത ഒരു യോഗത്തിലും ഇവര്‍ പങ്കെടുക്കാറില്ല. ഇത്തരം ദിവസങ്ങളില്‍ എല്ലാം ജിഷ അവധി എടുക്കാറാണ് പതിവ്. ഫാഷന്‍ ഷോയോടും മോഡലിംഗിനോടുമാണ് ഇവര്‍ക്ക് താല്‍പര്യം. പതിവായി അവധി എടുത്ത് ഇത്തരം മത്സരങ്ങള്‍ പോകാറുണ്ട് .












Click it and Unblock the Notifications