കോടതി ഇടപെടല്‍: ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനം മാറ്റിവച്ചു, പുതിയ തീയതി തീരുമാനിച്ചില്ല
ആലപ്പുഴ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ സി പി എം ജില്ലാ സമ്മേളനം മാറ്റിവച്ചു. 28, 29, 30 എന്നീ തീയതികളില്‍ നടത്തേണ്ടിയിരുന്ന സമ്മേളനങ്ങളാണ് മാറ്റിവച്ചത്. പുതിയ തീയതി തീരുമാനിച്ചിട്ടില്ല. സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളും വെട്ടിച്ചുരുക്കിയേക്കും. ഹൈക്കോടതി വിധിയെ തുടര്‍ന്ന് കാസര്‍കോട് സി പി എം ജില്ലാ സമ്മേളനം ഒറ്റ ദിവസത്തേക്ക് വെട്ടിച്ചുരുക്കാന്‍ സി പി എം നിര്‍ബന്ധിതമായിരുന്നു. കൂടാതെ തൃശൂര്‍ സമ്മേളനവും വെട്ടിച്ചുരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആലപ്പുഴ സമ്മേളനം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.
നേരത്തെ കൊവിഡ് രൂക്ഷമായ തിരുവനന്തപുരം ജില്ലയില്‍ മെഗാ തിരുവാതിര സംഘടിപ്പിച്ച സി പി എം വെട്ടിലായിരുന്നു. സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ വകവയ്ക്കാതെയാണ് കാസര്‍കോടും തൃശൂരും ആദ്യം തീരുമാനിച്ച പ്രകാരം സമ്മേളനവുമായി സി പി എം മുന്നോട്ടു പോയത്. എന്നാല്‍ കോടതി വിധി എത്തിയതോടെ സി പി എം സമ്മേളനം വെട്ടിച്ചുരുക്കുകയായിരുന്നു.

അതേസമയം, സംസ്ഥാന സമ്മേളനം നിശ്ചയിച്ചിരുന്നത്. മാര്‍ച്ച് ഒന്ന് മുതലാണ്. ആ സമയം എത്തുമ്പോഴേക്കും കൊവിഡ് വ്യാപനം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലെങ്കില്‍ സമ്മേളനം മാറ്റുകയല്ലാതെ വേറെ വഴിയില്ല. നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള സംസ്ഥാന സമ്മേളനം നടന്നാലും അനുബന്ധ പരിപാടികള്‍ റദ്ദാക്കേണ്ടി വരുമെന്നാണ് നേതൃത്വം പറയുന്നത്. സംസ്ഥാനത്തെ ജില്ലകളെ, എ, ബി, സി എന്നിങ്ങനെ തിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും സിപിഎം സമ്മേളനങ്ങള്‍ നടന്ന കാസര്‍കോട്, തൃശൂര്‍, ജില്ലകളെ ഈ മൂന്ന് വിഭാഗത്തിലും ഉള്‍പ്പെടുത്തിയിരുന്നില്ല.
സമ്മേളനം നടത്താന്‍ സി പി എം സര്‍ക്കാര്‍ തലത്തില്‍ ഇടപെട്ടെന്നായിരുന്നു ഉയര്‍ന്ന ആക്ഷേപം, ഇതിനെതിരെ പ്രതിപക്ഷം രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. സി പി എമ്മിന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടി എന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം. ഹൈക്കോടതി വിധി സി പി എമ്മിന്റെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണ്. വിധിയെ സ്വാഗതം ചെയ്യുന്നു. സാമാന്യ യുക്തിയുള്ള ആര്‍ക്കും ബോധ്യപ്പെടുന്ന കാര്യമാണ് കോടതി പറഞ്ഞത്.
നിയന്ത്രണങ്ങള്‍ ഒന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലയിലാണ് സി പി എമ്മിന്റെ പോക്ക്. മുന്നൂറും അഞ്ഞൂറും പേരെ സംഘടിപ്പിച്ച് സമ്മേളനം നടത്താനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സി പി എം സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെ കൂടി കൊലയ്ക്ക് കൊടുക്കുകയാണ്. കോടതി വിധി അനുസരിച്ചുള്ള തുടര്‍ നടപടികള്‍ വേണം. കാസര്‍കോടിന് ബാധകമായ ഉത്തരവ് തൃശൂരിനും ബാധകമാണ്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നില്ലെങ്കില്‍ ആകാശം ഇടിഞ്ഞു വീഴില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞിരുന്നു.
അതേസമയം, ആലപ്പുഴ സി പി എം ജില്ലാ സമ്മേളനം മാറ്റിവച്ച പശ്ചാത്തില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം രംഗത്തെത്തി. ഫേസ്ബുക്കിലാണ് ബല്‍റാമിന്റെ പ്രതികരണം. കുറിപ്പ് ഇങ്ങനെ , മരണ വ്യാപാരി അസോസിയേഷന്റെ ഒരു ജില്ലയിലെ സമ്മേളനം മാറ്റിയുണ്ടത്രേ. ഇന്നലെ വരെ കാസര്‍ക്കോടിന്റെ കോടതി വിധി തൃശൂരിന് ബാധകമല്ല എന്ന ക്യാപ്‌സ്യൂളുമായി സമ്മേളനം നടത്തിയവര്‍ക്ക് ഇപ്പോഴെങ്കിലും അല്‍പ്പം നല്ല ബുദ്ധി തോന്നിയതില്‍ ആശ്വാസം. പക്ഷേ ഇനി ബാക്കിയെല്ലാവരോടുമുള്ള ഇവറ്റകളുടെ ഉപദേശങ്ങളായിരിക്കും. അത് ചെയ്യരുത്, ഇത് ചെയ്യരുത്, വീട്ടിലിരി. . . ., ഇന്നേവരെ വാ തുറക്കാതെ കുന്തം വിഴുങ്ങിയിരുന്നവനൊക്കെ ഗുണദോഷിക്കാനും ആജ്ഞാപിക്കാനും വരും. അതൊക്കെയാണ് സഹിക്കാന്‍ പറ്റാത്തത് - ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു .












Click it and Unblock the Notifications