അമ്പലപ്പുഴയില്‍ സുധാകരന് വീഴ്ച സംഭവിച്ചു; സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചില്ല, കര്‍ശന നടപടിക്ക് സാധ്യത
ആലപ്പുഴ: അമ്പലപ്പുഴ നിയമസഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തന വീഴ്ച സംബന്ധിച്ച് അന്വേഷിച്ച സിപിഎം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുന്‍ മന്ത്രി ജി സുദാകരന് പ്രവര്‍ത്തന വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണ് പുറത്തുവരുന്ന സൂചന. ഇതുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കേണ്ടത് സംസ്ഥാന സെക്രട്ടറിയേറ്റ് ആണ്. നേരത്തെ അമ്പലപ്പുഴ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ജി സുധാകരന്‍ സജീവമായിരുന്നില്ല എന്ന ആക്ഷേപം നേരിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചത്. വിശദാംശങ്ങളിലേക്ക്...

സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ എളമരം കരീം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ ജെജെ തോമസ് എന്നിവരടങ്ങുന്ന അന്വേഷണ സമിതിയാണ് ഇതുമായി ബന്ധപ്പെട്ട് അന്വേഷിച്ചത്. ഇന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ സീറ്റ് നിഷേധിച്ചതോടെ ജി സുധാകരന്റെ ഭാഗത്ത് നിന്ന് പ്രവര്‍ത്തനങ്ങളില്‍ പോരായ്മകളുണ്ടായിട്ടുണ്ടെന്ന പരാമര്‍ശം റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന.

അതേസമയം, ഇതിനെ തുടര്‍ന്ന് ഏതെങ്കിലും നടപടിയെടുക്കണമെന്ന കാര്യം കമ്മിഷന്‍ ശുപാര്‍ശ ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ ഒരു ശുപാര്‍ശ മുന്നോട്ടുവയ്ക്കാന്‍ സമതിക്ക് സാധിക്കുകയില്ല. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കും എന്ത് നടപടി സ്വീകരിക്കണമെന്ന്. ഇന്ന് ചേര്‍ന്ന യോഗത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനാണ് തീരുമാനിച്ചതെങ്കിലും പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് യോഗത്തില്‍ പങ്കെടുക്കാത്തത് കൊണ്ട് റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്ക് എടുത്തില്ല.

കോടിയേരി ബാലകൃഷ്ണന്‍ കൊവിഡ് ഭേദമായി യോഗത്തില്‍ പങ്കെടുത്താല്‍ മാത്രമാണ് റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്ക് എടുക്കുകയുള്ളൂ. അതേസമയം, പാര്‍ട്ടി സമ്മേളനങ്ങള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അമ്പലപ്പുഴയില്‍ കമ്മിഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട നടപടികള്‍ തുടര്‍ന്ന് പോകുന്നതില്‍ തടസമില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

തിരഞ്ഞെടുപ്പിലെ പ്രവര്‍ത്തനത്തിലുണ്ടായ വീഴ്ച ബന്ധപ്പെട്ട കാര്യങ്ങളില്‍ നടപടി എടുക്കാന്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ തടസമാകില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. ഇക്കര്യത്തില്‍ വ്യക്തമായ ധാരണയുണ്ടാകണമെങ്കില്‍ കോടിയേരി തിരിച്ചെത്തിയതിന് ശേഷം നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലായിരിക്കും. അതിന് ശേഷം നടക്കുന്ന സംസ്ഥാന കമ്മിറ്റിയിലായിരിക്കും ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉണ്ടാകുക.

ആരോപണം നേരിട്ട പശ്ചാത്തലത്തില്‍, സുധാകരന്‍ വിശദീകരണം നല്‍കിയിരുന്നു. മണ്ഡലത്തില്‍ വോട്ട് കുറഞ്ഞില്ലെന്നാണ് സുധാകരന്റെ വിശദീകരണം. തൊട്ടടുത്ത ആലപ്പുഴ മണ്ഡലത്തിലാണ് വോട്ട് ധാരാളമായി കുറഞ്ഞത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ തന്റെ ഭാഗത്ത് നിന്ന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നാണ് സുധാകരന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരായ ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയിലെയും അമ്പലപ്പുഴ ഏരിയ കമ്മിറ്റിയിലെയും മിക്ക അംഗങ്ങള്‍ സുധാകരനെതിരെയാണ് നിലപാട് സ്വീകരിച്ചത്.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സുധാകരന് വീഴ്ച സംഭവിച്ചെന്നാണ് അംഗങ്ങളുടെ നിലപാട്. പരാതിക്കാരനായ അമ്പലപ്പുഴ എംഎല്‍എ എച്ച് സലാമും ഇതിന് ബലം നല്‍കുന്ന തെളിവുകള്‍ നല്‍കി. പ്രവര്‍ത്തന വീഴ്ച കൂടാതെ തിരഞ്ഞെടുപ്പിന് ആവശ്യമായ ഫണ്ട് നല്‍കിയില്ലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

രണ്ട് തവണ മത്സരിച്ചവര്‍ക്ക് ഇത്തവണ സീറ്റ് നല്‍കേണ്ടതില്ല എന്ന തീരുമാനം സിപിഎം കര്‍ശനമായി നടപ്പിലാക്കിയതോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജി സുധാകരന് അമ്പലപ്പുഴ സീറ്റ് ലഭിച്ചിരുന്നില്ല. പകരം എച്ച് സലാമിനെ ആണ് അമ്പലപ്പുഴയില്‍ സിപിഎം മത്സരിപ്പിച്ചത്. എച്ച് സലാം വിജയിച്ചത് കുറഞ്ഞ ഭൂരിപക്ഷത്തിനായിരുന്നു. ഇതോടെയാണ് ജി സുധാകരന്‍ പ്രതിക്കൂട്ടിലായത്. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ജി സുധാകരന്‍ അടക്കമുളളവര്‍ വീഴ്ച വരുത്തി എന്ന് ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും ആക്ഷേപം ഉയര്‍ന്നു.












Click it and Unblock the Notifications