മരിയയുടെ പഠിപ്പ് മുടങ്ങില്ല, ആശ്വാസമായി ആലപ്പുഴ കളക്ടര്‍, വിദ്യാഭ്യാസ വായ്പ വീട്ടിലെത്തും
ആലപ്പുഴ: നിര്‍ദിഷ്ട സിബില്‍ സ്‌കോര്‍ ഇല്ലെന്നു കാണിച്ചു വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബി-ടെക് വിദ്യാര്‍ഥിനിക്ക് അശ്വാസമായി ജില്ല കളക്ടര്‍ കൃഷ്ണ തേജയുടെ നടപടി. മാവേലിക്കര താലൂക്കില്‍ നടന്ന ജില്ല കളക്ടറുടെ പരാതി പരിഹാര അദാലത്തിലാണ് വിദ്യാര്‍ത്ഥിനിക്ക് ആശ്വാസം. ചെന്നിത്തല തെക്കോട്ടില്‍ തെക്കേതില്‍ സുരേഷും മകള്‍ മരിയയുമാണ് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിതിനൊരു പരിഹാരം വേണമെന്ന ആവശ്യവുമായി അദാലത്തില്‍ എത്തിയത്.
ചെങ്ങന്നൂരിലെ സ്വകാര്യ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ മരിയ ആദ്യ വര്‍ഷത്തെ കോളേജ് ഫീസ് അടച്ചിരുന്നു. മരപ്പണിക്കാരനായ സുരേഷിന് കഴിഞ്ഞ വര്‍ഷം വാഹന അപകടത്തില്‍ കൈക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഫീസ് അടവ് മുടങ്ങി. തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ ഫീസ് അടയ്ക്കാനായാണ് മാവേലിക്കര പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വിദ്യാഭ്യാസ വായ്പക്കായി അപേക്ഷ സമര്‍പ്പിച്ചത്.

എന്നാല്‍ രക്ഷാകര്‍ത്താവിന് മതിയായ സിബില്‍ സ്‌കോര്‍ ഇല്ലെന്നും അതിനാല്‍ വായ്പ അനുവദിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ബാങ്കിന്റെ മറുപടി. പരാതി പരിഗണിച്ച ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ഉചിതമായ നടപടി സ്വീകരിക്കാനും വായ്പ ലഭ്യമാക്കാനും ജില്ല ലീഡ് ബാങ്ക് മാനേജര്‍ക്ക് നിര്‍ദേശം നല്‍കി.
അതേസമയം, മാവേലിക്കര താലൂക്കില്‍ നടന്ന ജില്ല കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്തില്‍ 236 പരാതികള്‍ പരിഗണിച്ചു. ജില്ല കളക്ടര്‍ വി. ആര്‍. കൃഷ്ണ തേജയുടെ നേതൃത്വത്തിലാണ് പരാതികള്‍ പരിഹരിച്ചത്. അദാലത്ത് ദിവസമായ ഇന്നലെ മാത്രം മാവേലിക്കര താലൂക്ക് പരിധിയിലെ വിവിധ സര്‍ക്കാര്‍ ഓഫിസുകളുമായി ബന്ധപ്പെട്ട 157 പരാതികളാണ് ലഭിച്ചത്. നേരത്തെ ലഭിച്ച 79 പരാതികളും ഉള്‍പ്പടെയാണ് 236 പരാതികള്‍ പരിഗണിച്ചത്.
ഭൂമി സര്‍വ്വേ, അതിര്‍ത്തി പ്രശ്‌നം, വഴി തര്‍ക്കം, വീട് നിര്‍മാണം, പട്ടയവുമായി ബന്ധപ്പെട്ട അപേക്ഷകള്‍, ബാങ്കിങ്, അനധികൃത കയ്യേറ്റം, വിദ്യാഭ്യാസ സഹായം, സ്വയം തൊഴില്‍ സഹായം തുടങ്ങിയ പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. അടിയന്തര നടപടി സ്വീകരിക്കുന്നതിനായി പരാതികള്‍ അതാത് വകുപ്പ് മേധാവികള്‍ക്ക് കളക്ടര്‍ കൈമാറി.
മാവേലിക്കര ടൗണ്‍ ഹാളില്‍ നടന്ന അദാലത്ത് എം.എസ്. അരുണ്‍ കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ കെ.വി. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. എ.ഡി.എം. എസ്. സന്തോഷ്‌കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, മാവേലിക്കര തഹസില്‍ദാര്‍ ഡി.സി. ദിലീപ്കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ സുരേഷ് ബാബു, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications