പുഴുവും എലിയും നിറഞ്ഞ അടുക്കള; ആലപ്പുഴയിൽ പഴക്കം ചെന്ന ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു
ആലപ്പുഴ : നഗരത്തിലെ പ്രമുഖ ബേക്കറിയിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. നഗരസഭാ അധികൃതരുടെ നേതൃത്വത്തിലാണ് നഗരത്തിലെ ബേക്കറിയിൽ തെരച്ചിൽ നടത്തിയത്. ഇന്ന് രാവിലെ 11 മണി മുതൽ 12 വരെയായിരുന്നു നഗരത്തിൽ പരിശോധന നടത്തിയത്. ആലപ്പുഴ ബോട്ട് ജെട്ടിയ്ക്ക് സമീപത്തെ അശോക ബേക്കറിയിൽ നിന്നാണ് പഴകിയ സാധനങ്ങൾ പിടിച്ചെടുത്തത്.
നഗരസഭാ അധികൃതർ നടത്തിയ പരിശോധനയിൽ പഴക്കം ചെന്ന ചിപ്സ്, കപ്പ വറുത്തത്, മിക്സ്ച്ചർ, കിഴങ്ങ് വറുത്തത്, മസാല പുരട്ടി വച്ച വറക്കാനുള്ള ഭക്ഷ്യസാധനങ്ങൾ എന്നിവ ആഴ്ച്ചകൾ പിന്നിട്ടതാണ് എന്ന് കണ്ടെത്തുകയായിരുന്നു. എക്സ്പയറി ഡെയ്റ്റ് കഴിഞ്ഞ ശീതള പാനീയങ്ങളും അശോക ബേക്കറിയിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

പഴകിയ ഭക്ഷ്യ സാധനങ്ങൾ പിടിച്ചെടുക്കുക മാത്രമല്ല, ശേഷം ബേക്കറിയ്ക്ക് അകത്തേ വശത്തും ക്രമക്കേട് കണ്ടെത്തി. പുഴുവരിക്കുന്ന നിലയിലായിരുന്നു ബേക്കറിയുടെ അടുക്കള വശം. പച്ചക്കറികളും മറ്റും മുറിക്കുന്ന സ്ഥലത്തും പാത്രങ്ങൾ കഴുകുന്നിടത്തും പുഴുക്കൾ ഉണ്ടായിരുന്നു. എലി ശല്യവും അടുക്കളയിൽ രൂക്ഷമായിരുന്നു. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ ചുമതലയിൽ മേൽ നടപടി തുടങ്ങി. നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എ എസ്. കവിത, കൗൺസിലർമാർ തുടങ്ങിയവർ പരിശോധനയ്ക്കു നേതൃത്വം നൽകി.












Click it and Unblock the Notifications