ആലപ്പുഴ ജില്ല പഞ്ചായത്തിന്റെ മാതൃക റോഡ് നിര്‍മാണം അവസാനഘട്ടത്തില്‍
ആലപ്പുഴ : കണ്ണാടി കവല എന്‍. കെ. ആര് കല്ലാപ്പുറം മാതൃകാ റോഡ് നിര്‍മാണം അവസാനഘട്ടത്തില്‍. ജില്ലാ പഞ്ചായത്ത് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി കോട്ടയം സെന്റ് ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജ്, കൊല്ലം റ്റി. കെ. എം എന്‍ജിനീയറിങ് കോളേജ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വാറങ്കല്‍ എന്നീ സാങ്കേതിക വിദ്യാലയങ്ങളിലെ എഞ്ചിനീയര്‍മാരുടെ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് മാതൃക റോഡ് നിര്‍മ്മിക്കുന്നത്.
25 ലക്ഷം രൂപ ചെലവ് വരുന്ന ഈ പദ്ധതിയില്‍ 3.5 മീറ്റര്‍ വീതിയില്‍ 30 മീറ്റര്‍ നീളം വരുന്ന 16 വ്യത്യസ്ത രീതിയിലുള്ള റോഡ് നിര്‍മ്മാണം ആണ് നടത്തുന്നത്. സാധാരണയായി ഹൈവെ റോഡുകളില്‍ വിജയകരമായി ഉപയോഗിച്ചുവരുന്ന ബിറ്റുമിനസ് കോണ്‍ക്രീറ്റ് ഗ്രാമീണ റോഡുകള്‍ക്ക് അനുയോജ്യമായ പുതിയ ഗ്രഡേഷനില്ഉള്ള റോഡ് നിര്‍മ്മാണം ഈ പദ്ധതിയുടെ മറ്റൊരു ആകര്‍ഷണമാണ്. പി. എം. ജി. എസ്. വൈ പോലുള്ള റോഡുകള്‍ക്ക് ഐ. ഐ. ടി ഖരക്പൂര്‍ വിഭാവനം ചെയ്ത സെല്ഫില്ഡ് പേവ്മെന്റ്, ഷോര്‍ട്ട് പാനല്‍ കോണ്‍ക്രീറ്റ് എന്നീ നിര്‍മാണരീതിയും ഈ പദ്ധതിയില്‍ ഉള്‍ക്കൊള്ളുന്നു.
സാധാരണമായി പഞ്ചായത്ത് റോഡുകള്‍ 150എം. എം കനത്തില്‍ ഉള്ള വെറ്റ്മിക്സ് മക്കാടം അഥവാ വാട്ടര്‍ ബൗണ്ട് മെക്കാഡത്തിന്റെ മുകളില്‍ 20എം. എം കനത്തില്‍ പ്രീമിക്സ് കാര്‍പെറ്റ് ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. വെള്ളത്തിന്റെ സാന്നിധ്യത്തില്‍ റോഡിലെ കല്ലുകള്‍ ഇളകി പോകുന്നത് തടയാന്‍ വിദേശ രാജ്യങ്ങളില്‍ ഉപയോഗിച്ചുവരുന്ന നിര്‍മ്മാണ രീതിയായ ഇമേല്സിഫയിട് അഗ്രിഗേറ്റ് ബെയ്സ് നിര്‍മ്മാണ രീതിയാണ് ഈ റോഡിലും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഈ നിര്‍മ്മാണ രീതിയില്‍ ചെലവ് കൂടുതലാണെങ്കിലും ഇടുറ്റ റോഡുകള്‍ നിര്‍മ്മിച്ചെടുക്കാന്‍ സാധിക്കും. സ്ട്രച്ചറല്‍ സ്ട്രങ്ത് കൂടുതല്‍ ആയതിനാല്‍ സാധാരണ റോഡുകളെ അപേക്ഷിച്ച് കനംകുറച്ച് നിര്‍മ്മിക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഈ നിര്‍മ്മാണ രീതിയുടെ ചെലവുചുരുക്കാനായി പുതിയ കല്ലുകള്‍ ഉപയോഗിക്കുന്നതിനു പകരം ഹൈവേകളില്‍ നിന്ന് പൊളിച്ചു മാറ്റിയ പഴയ കല്ലുകള്‍ ഉപയോഗിക്കാവുന്നതാണ്. അതിനായി എന്‍. എച്ച് 66ല്‍ നിന്ന് പൊളിച്ചു മാറ്റിയ പഴയ കല്ലുകള്‍ പൊതുമരാമത്ത് രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി സുധാകരന് ഇടപെട്ടാണ് ജില്ലാ പഞ്ചായത്തിനു ലഭ്യമാക്കിയതെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ അറിയിച്ചു.
നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടങ്ങളിലും കോര്‍ ടെസ്റ്റിംഗ് നടത്തി ഗുണനിലവാരം ഉറപ്പാക്കുന്നുമുണ്ട്. ഐ. ആര്. സി സ്പെസിഫിക്കേഷന്‍ പ്രകാരം 16 ഭാഗങ്ങളിലും രണ്ടുവര്‍ഷത്തേക്ക് കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തി വിവിധ ഭാഗങ്ങളിലെ പേവ്മെന്റിന്റെ ഗുണനിലവാരം ഉറപ്പാക്കും. ജില്ലയിലെ സോയില്‍ കണ്ടീഷന്‍ അനുയോജ്യമായ നിര്‍മ്മാണരീതി കണ്ടെത്താനാണ് ഇത്.
സംസ്ഥാന തലത്തില്‍ നൂതന പ്രോജക്ടുകളുടെ സമര്‍പ്പണത്തിനായി ജില്ലയില്‍ നിന്നും ജില്ലാ പഞ്ചായത്തിലെ മാതൃക പദ്ധതി ആയ കണ്ണാടികവല - എന്‍. കെ. ആര് കല്ലാപ്പുറം റോഡ് തിരഞ്ഞെടുത്തിട്ടുണ്ട്.