താറാവുകള്‍ കൂട്ടത്തോടെ ചാകുന്നു; പക്ഷിപ്പനിയെന്ന് സൂചന, 5 ദിവസത്തിനിടെ ചത്തത് 116 താറാവുകള്‍
ആലപ്പുഴ: ഹരിപ്പാട് ചെറുതനയില്‍ താരാവുകള്‍ കൂട്ടത്തോടെ ചാകുന്നത് പക്ഷിപ്പനി മൂലമാണെന്ന് സൂചന. മഞ്ഞാടിയിലെ ലബോറട്ടറിയിലെ ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയില്‍ പക്ഷിപ്പനി വൈറസുകള്‍ കണ്ടെത്തിയെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി സാമ്പിള്‍ ഭോപ്പാലിലെ കേന്ദ്ര ലബോറട്ടറിയിലേക്ക് അയക്കും. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 116 താറാവുകളാണ് ചത്തത്. ഇന്നലെ മാത്രം 30 എണ്ണം ചത്തു.
അവിടെയുള്ള 8000 താറാവുകളിലും രോഗ ലക്ഷണമുണ്ട്. ബാക്ടീരിയ ബാധയാകാമെന്നാണ് മൃഗ സംരക്ഷണ വകുപ്പിന്റെ പ്രാഥമിക നിഗമനം. താറാവുകളെ മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടു പോകരുതെന്ന നിര്‍ദ്ദേശം കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. ദിവസവും ചാകുന്ന താറാവുകളുടെ കണക്കുകള്‍ ഡോക്ടര്‍മാര്‍ എടുക്കുന്നുണ്ട്.
അതേസമയം, ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി ബാധിച്ച ഹരിപ്പാട് നഗരസഭയിലെ വഴുതാനം പടിഞ്ഞാറ്, വടക്ക് പാടശേഖരങ്ങളില്‍ പക്ഷികളെ കൊന്നു നശിപ്പിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി.

ആദ്യ ദിവസം 15,694 താറാവുകളെയാണ് കൊന്നൊടുക്കിയത്. വെള്ളിയാഴ്ച പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള 16 വീടുകളിലായുള്ള 173 താറാവുകളെയും 70 കോഴികളെയും കൊന്ന് നശിപ്പിച്ചു. 33 മുട്ടകളും നശിപ്പിച്ചു. മൂന്ന് ആര്‍.ആര്‍.റ്റികളാണ് പ്രവര്‍ത്തിച്ചത്.
പി.പി.ഇ. കിറ്റ് ധരിച്ച് വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് കേന്ദ്ര മാനദണ്ഡ പ്രകാരമാണ് കള്ളിംഗ് നടത്തുന്നത്. ഒരു ആര്‍.ആര്‍.റ്റി.യില്‍ പത്ത് അംഗങ്ങളാണുള്ളത്. പക്ഷികളെ കൊന്ന ശേഷം വിറക്, ഡീസല്‍, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളില്‍ കത്തിച്ച് കളയുകയാണ് ചെയ്യുന്നത്. കത്തിക്കല്‍ പൂര്‍ത്തിയായതിന് ശേഷം പ്രത്യേക ആര്‍.ആര്‍.റ്റി സംഘമെത്തി സാനിറ്റേഷന്‍ നടപടികള്‍ സ്വീകരിക്കും.
ജില്ല മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ഡി.എസ്. ബിന്ദു കള്ളിംഗ് ജോലികള്‍ക്ക് നേതൃത്വം നല്‍കി. കള്ളിംഗ് നടപടികള്‍ പൂര്‍ത്തിയായതിനു ശേഷവും മൂന്ന് മാസത്തേക്ക് ഹരിപ്പാട് നഗരസഭ, പള്ളിപ്പാട് പഞ്ചായത്ത് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും ആരോഗ്യ വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റയും നിരീക്ഷണം ശക്തമാക്കും












Click it and Unblock the Notifications