ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയക്കെടുതി: ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം തുറക്കാന്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. വിവിധ ക്യാമ്പുകളിലേക്കാവശ്യമായ മരുന്നുകളും ജീവനക്കാരെയുമെല്ലാം ഏകോപിപ്പിക്കുന്നതും ഈ കണ്‍ട്രോള്‍ റൂമില്‍ നിന്നാണ്. ഒരു രോഗിക്ക് പോലും ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകരുത്. കടുത്ത അസുഖമാണെങ്കില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യം മെഡിക്കല്‍ സംഘം ഒരുക്കണമെന്നും മന്ത്രി വ്യക്തമാക്കി. ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ നടന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ചെങ്ങന്നൂരിലെ പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്ന് കൂടുതല്‍ ജീവനക്കാരെ ചെങ്ങന്നൂരില്‍ വിന്യാസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് അനാവശ്യ കാരണങ്ങള്‍ക്ക് ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് അവധി അനുവദിക്കില്ല എന്നും മന്ത്രി വ്യക്തമാക്കി.

reliefcampvisit-1534

എസ്.എച്ച്.എസ്.ആര്‍.സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എസ്. ഷിനുവിന് ചെങ്ങന്നൂരിലെ സ്പെഷ്യല്‍ ഓഫീസറുടെ ചുമതല നല്‍കി. ആരോഗ്യ കേരളം തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.വി. അരുണിന് സ്ഥലത്തെ മറ്റ് കാര്യങ്ങളുടെ മേല്‍നോട്ട ചുമതല നല്‍കിയിട്ടുണ്ട്.

ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വസന്ത ദാസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രാധാകൃഷ്ണന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. തിരുവനന്തപുരം ജില്ലയില്‍ നിന്നടക്കം സ്ഥലത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എട്ട് 108 ആംബുലന്‍സുകള്‍ ചെങ്ങന്നൂരില്‍ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യം വന്നാല്‍ കൂടുതല്‍ ആംബുലന്‍സുകള്‍ സ്ഥലത്തേക്ക് എത്തിക്കുന്നതാണ്. സ്വകാര്യ ആംബുലന്‍സുകള്‍ വാടകയ്ക്ക് എടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ മെഡിക്കല്‍ ക്യാമ്പുകളിലും 24 മണിക്കൂറും വൈദ്യ സഹായം ലഭ്യമാക്കാന്‍ ഒരു മെഡിക്കല്‍ ടീം രൂപികരിച്ചതായും മന്ത്രി അറിയിച്ചു. ദുരിതബാധിത മേഖലയില്‍ ഒരു കാരണവും കൂടാതെ മെഡിക്കല്‍ സ്റ്റോറുകള്‍ അടച്ചിടരുതെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആയിരക്കണക്കിന് ആള്‍ക്കാര്‍ ഒരുമിച്ച് ചികിത്സയ്ക്കെത്താന്‍ സാധ്യതയുള്ളതുകൊണ്ട് ഡോക്ടര്‍മാരുടെ അഭാവം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും ഡോക്ടര്‍മാരുടെ സംഘടനകളും സഹായിക്കാനായി മുന്നോട്ട് വന്നിട്ടുണ്ട്. എല്ലാ മെഡിക്കല്‍ കോളേജുകളിലേയും ഡോക്ടര്‍മാരെ വിവിധ ക്യാമ്പുകളിലേക്കയച്ചിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ സംഘം ചാലക്കുടി ഭാഗത്തേയ്ക്ക് പോയിട്ടുണ്ട്. ഇവരെയെല്ലാം ആരോഗ്യ വകുപ്പ് ഏകോപിപ്പിച്ചായിരിക്കും വിവിധ ക്യാമ്പുകളിലേയ്ക്കയയ്ക്കുന്നത്.

തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും 30 പേരടങ്ങുന്ന സംഘം ചെങ്ങന്നൂരിലും 18 പേരടങ്ങുന്ന സംഘം പത്തനംതിട്ടയിലുമായി എത്തിയിട്ടുണ്ട്. ചെങ്ങന്നൂരില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും ബിലീവിയേഴ്സ് മെഡിക്കല്‍ കോളേജിലെ 20 അംഗ മെഡിക്കല്‍ സംഘവും എത്തിയിട്ടുണ്ട്.

മരുന്നിന് ഒരു ക്ഷാമവുമില്ലെന്നും ആവശ്യത്തിന് സ്വരൂപിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വിവിധതരം പകര്‍ച്ചവ്യാധിയുള്ളവരെ മറ്റുള്ളവരിലേക്ക് വ്യാപിക്കാതെ വെവ്വേറെ കേന്ദ്രങ്ങളില്‍ ചികിത്സിക്കുന്നതാണ്. മൃഗങ്ങള്‍ ചത്ത് ജീര്‍ണിച്ച് ഒഴുകുന്ന വെള്ളത്തില്‍ കൂടി ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. അതിനാല്‍ തന്നെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂവെന്നും മന്ത്രി അറിയിച്ചു.

English summary
Kerala health minister K K Shilaja directed health department to set up an emergency control room at Chengannur district hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X