മോനെ എന്നാ ജയിലിലാക്കുന്നേ? തോമസ് ഐസക്കിനോട് 80 വയസു കഴിഞ്ഞ അമ്മയുടെ ചോദ്യം; കുറിപ്പ്
ആലപ്പുഴ: തുടര്‍ച്ചയായ മാധ്യമ വ്യാജപ്രചാരണങ്ങള്‍ പൊതുസമ്മതി സൃഷ്ടിച്ചിട്ടില്ലെങ്കിലും മുന്‍വിധികള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. ദിനംപ്രതി മാധ്യമങ്ങള്‍ അവരുടെ സന്ദേശത്തെ ഒളിച്ചു കടത്തുന്നുണ്ട്. അതുകൊണ്ട് ഏതു കാലത്തേക്കാളും ഊര്‍ജ്ജസ്വലതയോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും തോമസ് ഐസക് പറഞ്ഞു. ഒരു സുഹൃത്തിനെ സന്ദര്‍ശിക്കാന്‍ പോയ ദിവസം 80 വയസ് കഴിഞ്ഞ അമ്മ തന്നോട് പങ്കുവച്ച രസകരമായ ചോദ്യവും തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.
'മോനെ എന്നാ ജയിലിലാക്കുന്നേ? എനിക്ക് ആദ്യം ചോദ്യം മനസിലായില്ല. അപ്പോഴാണ് ചങ്ങാതി പൊട്ടിച്ചിരിച്ചുകൊണ്ട് കാര്യം വിശദീകരിച്ചുതന്നത്. കുറച്ചു നാളായിട്ട് ശിവശങ്കരനും മറ്റുമാണല്ലോ ടിവിയില്‍. 2-3 ദിവസംകൊണ്ട് ഞാനാണ് ടിവിയില്‍ അതുകൊണ്ട് അമ്മയ്ക്ക് ഒരു പേടി.''- തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലെ ഉദ്ഘാടന പ്രസംഗത്തിനുവേണ്ടി കണക്കുകള്‍ നോക്കിയപ്പോള്‍ ഞാന്‍ തന്നെ അത്ഭുതപ്പെട്ടുപോയി. ഏതാണ്ട് 500 കോടി രൂപയാണ് ഈ ഒരൊറ്റ പഞ്ചായത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ വികസന നിക്ഷേപം.
കിഫ്ബിയാണ് ഏറ്റവും വലിയ സ്രോതസ്സ്. ഏതാണ്ട് 200 കോടി രൂപ. 100 കോടി രൂപയുടെ ചെട്ടികാട് ആശുപത്രി, തീരത്ത് 40 കോടി രൂപയുടെ പുലിമുട്ടുകള്‍, 40 കോടി രൂപയുടെ മൂന്ന് റോഡുകള്‍, 8 കോടി രൂപയുടെ മൂന്ന് സ്കൂളുകള്‍, 8 കോടി രൂപയുടെ ഒരു സ്റ്റേഡിയം.
കെഎസ്ഡിപി ഏതാണ്ട് 100 കോടി, ഹോംകോയുടെ പുതിയ ഫാക്ടറി 50 കോടി. ബാക്കി പിന്നെ ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, പൊതുമരാമത്ത്, എംഎല്‍എ ഫണ്ട്, പഞ്ചായത്ത് ഫണ്ട് എല്ലാംകൂടി ചേര്‍ക്കുമ്പോള്‍ ഏതാണ്ട് 500 കോടി.
എനിക്കുതന്നെ വിശ്വസിക്കാന്‍ പ്രയാസം തോന്നി. ഇതിനുമുമ്പ് ഇതുപോലൊരു അനുഭവം ഉണ്ടായിട്ടില്ല. ഈ വികസനം മുന്നോട്ട് കൊണ്ടുപോകാനുള്ള പിന്തുണയാണ് ഈ തെരഞ്ഞെടുപ്പിലൂടെ അഭ്യര്‍ത്ഥിക്കുന്നത്.
ഏതായാലും ചിരിക്കാനുള്ള ഒരു വകയും ഈ ഉദ്ഘാടന പ്രസംഗത്തില്‍ ഞാന്‍ നല്കി. ഒരു സുഹൃത്തിനെ സന്ദര്‍ശിക്കാന്‍ പോയതാണ്. വീട്ടിലെ 80 വയസു കഴിഞ്ഞ അമ്മ എന്നെക്കണ്ട് വളരെ സങ്കടപ്പെട്ടു നില്ക്കുന്നു. എന്നിട്ട് എന്നോട് ഒരു ചോദ്യം- മോനെ എന്നാ ജയിലിലാക്കുന്നേ? എനിക്ക് ആദ്യം ചോദ്യം മനസിലായില്ല. അപ്പോഴാണ് ചങ്ങാതി പൊട്ടിച്ചിരിച്ചുകൊണ്ട് കാര്യം വിശദീകരിച്ചുതന്നത്. കുറച്ചു നാളായിട്ട് ശിവശങ്കരനും മറ്റുമാണല്ലോ ടിവിയില്‍. 2-3 ദിവസംകൊണ്ട് ഞാനാണ് ടിവിയില്‍ അതുകൊണ്ട് അമ്മയ്ക്ക് ഒരു പേടി.
തുടര്‍ച്ചയായ മാധ്യമ വ്യാജപ്രചാരണങ്ങള്‍ പൊതുസമ്മതി സൃഷ്ടിച്ചിട്ടില്ലെങ്കിലും മുന്‍വിധികള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത്തരം വിവാദങ്ങളാണോ വികസനമാണോ ജനവിധിയെ സ്വാധീനിക്കുക? യുഡിഎഫ് എങ്ങും പ്രചാരണത്തിന് ഇല്ലെങ്കിലും. ദിനംപ്രതി മാധ്യമങ്ങള്‍ അവരുടെ സന്ദേശത്തെ ഒളിച്ചു കടത്തുന്നുണ്ട്. അതുകൊണ്ട് ഏതു കാലത്തേക്കാളും ഊര്‍ജ്ജസ്വലതയോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്.