കുപ്രസിദ്ധ ഗുണ്ടാ നേതാവ് കാള മഹേഷ് അറസ്റ്റിൽ: പോലീസ് നടപടി ഗുണ്ടാ നിയമപ്രകാരം!
ആലപ്പുഴ: കുപ്രസിദ്ധ ഗുണ്ടാ നേതാവ് കാള മഹേഷിനെതിരെ ജില്ലാ പൊലീസ് കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ അടിയന്തിര നടപടി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും പൊലീസുകാരെ അടക്കം ആക്രമിച്ച കേസിൽ പ്രതിയുമായ പള്ളിപ്പുറം പഞ്ചായത്ത് എട്ടാം വാർഡിൽ കരുന്നാട്ട് വീട്ടിൽ മഹേഷിനെയാണ് ഇന്നലെ ഗുണ്ടാ നിയമപ്രകാരം ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്.
2013 ൽ പള്ളിപ്പുറം മേച്ചേരി വീട്ടിൽ രാജേഷിനെ ഇരുമ്പുവടിക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, പള്ളിപ്പുറം ഷാജി നിവാസിൽ ഷാജിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, പള്ളിപ്പുറം കോന്നാട്ട് വീട്ടിൽ കോമളകുമാരിയുടെ വീട്ടിൽ കയറി ആക്രമിക്കുകയും വീട്ടിനു നാശനഷ്ട്ടങ്ങൾ ഉണ്ടാക്കിയ കേസ്, പള്ളിപ്പുറം തച്ചാറയിൽ വീട്ടിൽ ഗോപകുമാറിനെ വീട്ടിൽ കയറി അക്രമിച്ച കേസ് , പള്ളിപ്പുറം മുകുന്ദകുമാറിന്റെ വീട്ടിൽ പെട്രോൾ ബോംബെറിഞ്ഞ് ആക്രമണം നടത്തിയ കേസ് തുടങ്ങി ചേർത്തല പൊലീസ് സ്റ്റേഷനിൽ 11 കേസുകളും തുറവുർ പൊലീസ് സ്റ്റേഷനിൽ 7 കേസുകളുമാണ് മഹേഷിന്റെ പേരിൽ നിലവിലുള്ളത്.

ചേർത്തല ഇൻസ്പെക്ടർ പി.ശ്രീകുമാറിന്റെ നേതൃത്വത്തിൽ സി പി ഒ മാരായ ഡാരൽ നെത്സൺ, മനു മോഹൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനായി മഹേഷിനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് അയച്ചതായി എസ്എച്ച്ഒ പി ശ്രീകുമാർ പറഞ്ഞു.












Click it and Unblock the Notifications