'ആശങ്ക വേണ്ട, ആലപ്പുഴ മെഡിക്കല്‍ കോളേജിലെ സീറ്റുകള്‍ നഷ്ടമാകില്ല'; ആരോഗ്യമന്ത്രി വീണ ജോര്‍ജ്
ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജിലെ എം ബി ബി എസ് സീറ്റ് വിഷയത്തില്‍ പ്രതികരിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. സീറ്റുകള്‍ നഷ്ടമാകില്ലെന്ന് മന്ത്രി ഉറപ്പ് നല്‍കി. ഈ വര്‍ഷം 175 എം ബി ബി എസ് സീറ്റുകളിലും അഡ്മിഷന്‍ നടത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പരിശോധനകളുടെ അടിസ്ഥാനത്തില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങള്‍ പരിഹരിച്ചു കൊണ്ടാണ് അതാത് സമയങ്ങളില്‍ അഡ്മിഷന്‍ നടത്തുന്നത്. അതിനാല്‍ തന്നെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി വ്യക്തമാക്കി.
'മെഡിക്കല്‍ കോളേജിലെ ആള്‍ ഇന്ത്യാ ക്വാട്ട സീറ്റുകള്‍ എന്‍ എം സി സീറ്റ് മെട്രിക്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരള ക്വാട്ടയിലും നിയമനം നടത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല അഡ്മിഷന്‍ സുഗമമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. 2023 ഫെബ്രുവരി മാസത്തിലാണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എന്‍.എം.സി. ഇന്‍സ്പെക്ഷന്‍ നടത്തിയത്. അന്ന് ചൂണ്ടിക്കാണിച്ച ചില തസ്തികകള്‍, പഞ്ചിംഗ് മെഷീന്‍, സിസിടിവി ക്യാമറ തുടങ്ങിയവയുടെ കുറവുകള്‍ പരിഹരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് അപ്പോള്‍ തന്നെ നിര്‍ദേശം നല്‍കിയിരുന്നു'

'ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ മൂന്നിന് കംപ്ലെയിന്‍സ് റിപ്പോര്‍ട്ടും ജൂലൈ പത്തിന് പഞ്ചിംഗ് മെഷീന്‍ ഉള്‍പ്പെടെയുള്ള കുറവുകള്‍ പരിഹരിച്ചുള്ള റിപ്പോര്‍ട്ടും എന്‍.എം.സിയ്ക്ക് മെഡിക്കല്‍ കോളേജ് സമര്‍പ്പിച്ചിട്ടുണ്ട്. കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് ആരോഗ്യ വകുപ്പ് നല്‍കിയ പ്രൊപ്പോസല്‍ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്. കോന്നി, ഇടുക്കി മെഡിക്കല്‍ കോളേജുകളിലും ഈ വര്‍ഷത്തെ 100 എം.ബി.ബി.എസ്. സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് എന്‍.എം.സി. അംഗീകാരം നല്‍കിയിട്ടുണ്ട്. പി.ജി. സീറ്റുകള്‍ നിലനിര്‍ത്താനും ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്'- മന്ത്രി പറഞ്ഞു.
അതേസമയം, വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതിനെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ 150 എം.ബി.ബി.എസ് സീറ്റുകളാണ് നഷ്ടമായതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. 22000 രൂപ ഫീസ് നല്‍കി സാധാരണക്കാര്‍ പഠിക്കുന്ന മെഡിക്കല്‍ കോളജിലാണ് സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയെ തുടര്‍ന്നാണ് മെഡിക്കല്‍ സീറ്റുകള്‍ റദ്ദാക്കപ്പെട്ടത്. പരിതാപകരമായ അവസ്ഥയിലാണ് ആരോഗ്യ വകുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കും പഠിക്കാനുള്ള അവസരമാണ് ഇല്ലാതാക്കിയിരിക്കുന്നത്. ഡോക്ടര്‍മാരെ നിയമിച്ചും സൗകര്യങ്ങള്‍ ഒരുക്കിയും ദേശീയ മെഡിക്കല്‍ കമ്മിഷന്റെ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ സീറ്റുകള്‍ നഷ്ടപ്പെടില്ലായിരുന്നു. കോളജിലെ പി.ജി സീറ്റുകളും നഷ്ടമായി. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണ്. ആരോഗ്യമന്ത്രിയും ആരോഗ്യ വകുപ്പും ഇതിനൊക്കെ ഉത്തരം പറഞ്ഞേ മതിയാകൂ'- വി ഡി സതീശന്‍ പറഞ്ഞു.












Click it and Unblock the Notifications