താറാവ് കര്‍ഷകര്‍ക്കായി ഇന്‍ഷുറന്‍സ് സേവനം അടുത്ത വര്‍ഷം യഥാര്‍ഥ്യമാകും: മന്ത്രി കെ രാജു
ആലപ്പുഴ: നിരന്തരമായി മേഖലയില്‍ ആവര്‍ത്തിക്കുന്ന നാശനാഷ്ടങ്ങള്‍ക്ക് പരിഹാരമായി താറാവ് കര്‍ഷകര്‍ക്കായി ഇന്‍ഷുറന്‍സ് സേവനം അടുത്ത വര്‍ഷത്തില്‍ യഥാര്‍ഥ്യമാക്കുമെന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ രാജു. ജില്ലയില്‍ പക്ഷിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് നഷ്ടമുണ്ടായ കര്‍ഷകര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തില്‍ മാത്രമല്ല വിവിധ സംസ്ഥാനങ്ങളിലും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ അന്താരാഷ്ട്ര വിഷയമായാണ് ഇതിനെ കാണേണ്ടിയിരിക്കുന്നത്. ഇത് വരെ ഇതിനു വേണ്ട പ്രതിരോധ വാക്സിന് കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ച കൈനകരിയിലെ പക്ഷിപ്പനി ബാധിത പ്രദേശങ്ങളിലെ കര്‍ഷകര്‍ക്കുള്ള ധനസഹായം എത്രയും വേഗം വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ക്ഷീരമേഖല നല്ല രീതിയില്‍ മുന്നേറുകയാണ്. സെന്‍സസ് പ്രകാരം മൃഗങ്ങളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. പാലില്‍ സംസ്ഥാനം സ്വയം പര്യാപ്തത നേടി കഴിഞ്ഞു. അന്യ സംസ്ഥാനത്തു നിന്ന് ഗുണനിലവാരമില്ലാത്ത പാല് സംസ്ഥാനത്തേക്ക് എത്തുന്നതു നിരീക്ഷിക്കാനും തടയാനും വേണ്ട നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനം സ്വീകരിച്ചു വരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ധനകാര്യവകുപ്പ് മന്ത്രി ഡോ. റ്റി.എം തോമസ് ഐസക് അദ്ധ്യക്ഷനായി. താറാവുകര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പാടാക്കാന്‍ വേണ്ട നടപടികള്‍ അടുത്ത വര്‍ഷം യഥാര്‍ഥ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. കുട്ടനാട്ടിലെ പാരിസ്ഥിക തകര്‍ച്ച ഗൗരവ പ്രശ്നമാണെന്നും കുട്ടനാട് പരിസ്ഥിതി പുന:സ്ഥാപന പദ്ധതിയിലൂടെ കുട്ടനാട് എല്ലാ രീതിയിലും വൃത്തിയാക്കേണ്ട ചുമതല എല്ലാവര്‍ക്കുമുണ്ടെന്നും മന്ത്രി പറഞ്ഞു.
പക്ഷിപ്പനി മൂലം താറാവുകളും കോഴികളും നഷ്ടപ്പെട്ട ജില്ലയിലെ തകഴി, പള്ളിപ്പാട്, നെടുമുടി, കരുവാറ്റ, മേഖലയിലെ 25 കര്‍ഷകര്‍ക്കായി 10590450 (ഒരു കോടി അഞ്ചു ലക്ഷത്തി തൊണ്ണൂറായിരത്തി നാനൂറ്റി അന്‍പതു ) രൂപയാണ് വിതരണം ചെയ്തത്. ജില്ലയില്‍ പക്ഷിപ്പനിമൂലം 21460 താറാവുകള്‍ മരണപെടുകയും 49222 താറാവുകളും 736 കോഴികളെയും കൊന്ന് നശിപ്പിക്കുകയും ചെയ്തിട്ടുള്ളത്. 32550 മുട്ടകളും നശിപ്പിച്ചിട്ടുണ്ട്. രണ്ട് മാസത്തില്‍ താഴെ പ്രായമുള്ള കോഴി, താറാവ്, എന്നിവയ്ക്ക് 100 രൂപയും, രണ്ട് മാസത്തിനു മുകളില്‍ പ്രായമുള്ളതിന് 200 രൂപ വീതവും മുട്ടക്ക് 5 രൂപ വീതവുമാണ് നഷ്ടപരിഹാരം നല്‍കിയത്.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. കെ. എം ദിലീപ് പദ്ധതി വിശദീകരണം ചെയ്തു. അഡ്വ.എ.എം ആരിഫ് എം.പി, ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. പി.കെ സന്തോഷ്കുമാര്‍, തകഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജയകുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ബിനു ഐസക് രാജ്, എ ശോഭ, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.