കായംകുളത്ത് വിജയം അരിതക്കല്ല, പ്രതിഭക്ക്; മുഴുവന്‍ സിറ്റിങ് സീറ്റുകളും നേടുമെന്ന് ജി സുധാകരന്‍
ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയില്‍ കഴിഞ്ഞ തവണത്തെ നേട്ടം ആവര്‍ത്തിക്കുമെന്നാണ് സിപിഎം അവകാശപ്പെടുന്നത്. നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയുള്ള കണക്ക് കൂട്ടലിലാണ് ഇത്തരമൊരു വിലയിരുത്തലിലേക്ക് സിപിഎം എത്തിയത്. പ്രതിപക്ഷ നേതാവ് മത്സരിക്കുന്ന ഹരിപ്പാട് മാത്രമാണ് വിജയത്തിന്‍റെ കാര്യത്തില്‍ സിപിഎമ്മിന് സംശയം നിലനില്‍ക്കുന്നത്. ആലപ്പുഴ ജില്ലയിലെ വിജയ സാധ്യതയെ കുറിച്ച് ജി സുധാകരനും ഇതേ അഭിപ്രായമാണ് പങ്കുവെക്കുന്നത്. സമീപകാലത്തുണ്ടായ ചില വിവാദങ്ങളിലും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പ്രതികരിക്കുന്നു.

ആലപ്പുഴയില്‍
2016 ലെ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയില്‍ ആകെയുള്ള 9 മണ്ഡലങ്ങളില്‍ എട്ടിടത്തും വിജയിച്ചത് എല്‍ഡിഎഫ് ആയിരുന്നു. യുഡിഎഫിന് വിജയിക്കാന്‍ സാധിച്ചത് ഹരിപ്പാട് മാത്രം. പിന്നീട് ഉപതിരഞ്ഞെടുപ്പില്‍ ഷാനി മോള്‍ ഉസ്മാനിലൂടെ അരൂര്‍ കൂടി പിടിച്ചെടുത്തതോടെയാണ് യുഡിഎഫിന്‍റെ അംഗബലം രണ്ടിലേക്ക് ഉയര്‍ന്നത്.

അരൂര്‍ തിരികെ പിടിക്കും
ഇത്തവണ ഉപതിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട അരൂര്‍ തിരികെ പിടിക്കുമെന്നാണ് സിപിഎം അവകാശപ്പെടുന്നത്. യുഡിഎഫില്‍ നിന്നും ഷാനി മോള്‍ ഉസ്മാന്‍ വീണ്ടും ജനവിധി തേടുമ്പോള്‍ ഗായിക കൂടിയായ ദലീമയെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. കുറഞ്ഞത് അയ്യായിരത്തിലേറെ വോട്ടിനെങ്കിലും വിജയിക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍.

സുധാകരന്‍ പറയുന്നത്
സിറ്റിങ് സീറ്റുകളെല്ലാം നിലനിര്‍ത്തുമെന്നാണ് മന്ത്രി ജി സുധാകരനും വ്യക്തമാക്കുന്നത്. പ്രതിഭഹരിയും അരിത ബാബുവും മത്സരിച്ച കായം കുളത്ത് നല്ലമത്സരം നടന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പക്ഷെ പ്രതിഭ ഉറപ്പായും വിജയിക്കും. എതിരാളി ഒട്ടും സീരിയസല്ലെന്ന് പ്രചാരണം കണ്ടാലറിയാമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

മെലോഡ്രാമ
വീടിനുകല്ലെറിഞ്ഞു, അതുവിളിച്ചു, ഇതുവിളിച്ചു എന്നൊക്കെയായിരുന്നു പരാതി. കോളേജ് തിരഞ്ഞെടുപ്പുപ്രചാരണം പോലെയായിരുന്നു. ആകെ മെലോഡ്രാമ. അവരുടെ വീടിന് കല്ലെറിഞ്ഞില്ലെന്ന കാര്യം ഇടതുപക്ഷത്തിന് അറിയാം. പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇടതുപക്ഷത്തിന് വേണ്ടി വല്ലതും ചെയ്തോയെന്നും അദ്ദേഹം ചോദിക്കുന്നു.

നല്ലഭൂരിപക്ഷത്തിൽ
അമ്പലപ്പുഴയിലും ആലപ്പുഴയിലും നല്ലഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് തിരഞ്ഞെടുപ്പു കമ്മിറ്റിയുടെ റിപ്പോർട്ട്. ഇടതു ഭരണകാലത്ത് മികച്ച വികസന പ്രവര്‍ത്തനങ്ങളാണ് ആലപ്പുഴയില്‍ നടന്നത്. പിണറായി പൂർണപിന്തുണ നൽകി. തോമസ് ഐസക് ആവശ്യമായ പണംതന്നു. അതുകൊണ്ട് പദ്ധതികൾ നന്നായിനടന്നെന്നും അദ്ദേഹം പറഞ്ഞു.

കാരണങ്ങള്‍
അരൂർ ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് കാരണങ്ങളുണ്ടായിരുന്നു. അതു തിരഞ്ഞെടുപ്പു ചുമതലയുണ്ടായിരുന്ന സജി ചെറിയാനും സ്ഥാനാർഥിയായ മനു സി.പുളിക്കലിനും എനിക്കുമുൾപ്പെടെയുള്ളവർക്കറിയാം. യഥാര്‍ത്ഥ കാരണം ഇതുവരെ പുറത്ത് പറഞ്ഞിട്ടില്ല. പക്ഷെ ഇത്തവണ അത് ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രചാരണ രംഗത്ത്
വീണ്ടും മത്സരിക്കേണ്ടിവരില്ലെന്നു നേരത്തെ അറിയാമായിരുന്നു. ഞാന്‍ പ്രചാരണ രംഗത്ത് സജീവമായിരുന്നില്ല എന്ന ആരോപണം വന്നത് മാധ്യമങ്ങളില്‍ മാത്രമാണ്. പാര്‍ട്ടിയില്‍ നിന്നും അത്തരമൊരു പരാതി ഉണ്ടായിരുന്നില്ല. തെറ്റായവിവരം നൽകുന്ന ചിലരുണ്ട്. പൊളിറ്റിക്കൽ ക്രിമിനലിസം എന്നുഞാൻ വിശേഷിപ്പിച്ചത് അവരെയാണെന്നും അദ്ദേഹം പറയുന്നു.












Click it and Unblock the Notifications