എൽഡിഎഫ് മേഖലാ കമ്മിറ്റി ഓഫീസിന് തീയിട്ടു; കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ
ആലപ്പുഴ: മണ്ണഞ്ചേരി മേഖലാ ഇലക്ഷൻ കമ്മിറ്റി ഓഫീസിന് തീയിട്ട നിലയിൽ. ഇന്ന് പുലർച്ചെയാണ് തെരഞ്ഞെടുപ്പിന് വേണ്ടി കെട്ടിയ എൽഡിഎഫ് മേഖലാ കമ്മിറ്റി ഓഫീസ് തീയിട്ട നിലയിൽ കാണപ്പെട്ടത്. ഇന്ന് രാവിലെ 9 മണിക്ക് മന്ത്രി കെ.ടി.ജലീൽ സംസാരിക്കുന്ന വേദിയോട് ചേർന്ന ഇലക്ഷൻ കമ്മിറ്റി ഓഫീസിനാണ് തീയിട്ടിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകനെ സിപിഎം നേതാക്കൾ പിടികൂടി മണ്ണഞ്ചേരി പൊലീസിൽ ഏൽപ്പിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രദേശത്തെ സിസിടിവികൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ മണ്ണഞ്ചേരി കിഴക്ക് കോൺഗ്രസ് പ്രവർത്തകനായ ജോഷിയാണ് (35) തീയിട്ടതെന്ന് ബോധ്യപ്പെടുകയായിരുന്നു. ഇയാൾക്കെതിരെ അറസ്റ്റ് രേഖപ്പെടുത്തിയ കോടതിയിൽ ഹാജരാക്കും.125 ഓളം കസേരയും, ഫ്ലോർ മാറ്റും, തറ പോളയും, ഷീറ്റും, സൈഡ് മറയും അടക്കം എല്ലാ സാധനങ്ങളും കത്തിനശിച്ചു. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സിപിഎം-കോൺഗ്രസ് തർക്കം രൂക്ഷമായിരുന്നു.

രാഷ്ട്രീയ വൈരാഗ്യമാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തീയിട്ടതിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. മുൻ ആലപ്പുഴ എം പി ആയിരുന്ന കെ സി വേണുഗോപാലുമായി അടുത്ത ബന്ധമുള്ള കെ വി മേഘനാഥനാണ് അക്രമ സംഭവത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. എന്നാൽ ഇയാൾ ഒറ്റക്കാണ് തീയിട്ടതെന്നാണ് പൊലീസ് പറയുന്നത്. എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ടിന് ശക്തമായ സ്വാധീനമുള്ള പ്രദേശമാണ് മണ്ണഞ്ചേരി. രാഷ്ട്രീയ അക്രമ സംഭവങ്ങൾ മണ്ണഞ്ചേരിയിൽ പതിവാണ്. എന്നാൽ ക്രമസമാധാന പ്രശ്നങ്ങൾക്ക് കടിഞ്ഞാണിടാൻ മണ്ണഞ്ചേരി പൊലീസ് അനാസ്ഥ കാട്ടുന്നു എന്നാണ് നാട്ടുകാരുടെ പരാതി.












Click it and Unblock the Notifications