'സ്വന്തം പാര്‍ട്ടി ചതിച്ചാല്‍ സഹിക്കില്ല', കെ റെയിൽ പ്രചാരണത്തിന് എത്തിയ എംഎൽഎയോട് വീട്ടുകാരുടെ രോഷം
ആലപ്പുഴ: സില്‍വര്‍ ലൈൻ പ്രചാരണത്തിന് വീട്ടില്‍ എത്തിയ എംഎല്‍എയോട് രൂക്ഷമായി പ്രതികരിച്ച് ആലപ്പുഴ പടനിലത്തുളള വീട്ടുകാര്‍. മാവേലിക്കര എംഎല്‍എ എംഎസ് അരുണ്‍ കുമാറിനോടും ഒപ്പമെത്തിയ ഡിവൈഎഫ്‌ഐ നേതാക്കളോടുമാണ് വീട്ടുകാര്‍ കയര്‍ത്തത്. കെ റെയില്‍ സര്‍വ്വേയ്ക്ക് എതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് ഇടത് മന്ത്രിമാരും എംഎല്‍എമാരും അടക്കമുളളവര്‍ വീടുകള്‍ കയറിയുളള പ്രചാരണത്തിനിറങ്ങിയിരിക്കുന്നത്.
പടനിലത്തുളള ഒരു വീട്ടില്‍ പ്രചാരണത്തിന് കയറിയ എംഎല്‍എയോട് വീട്ടുകാര്‍ പൊട്ടിത്തെറിച്ചു. പദ്ധതിയെ കുറിച്ച് എംഎല്‍എ വിശദീകരിക്കുന്നത് കേള്‍ക്കാന്‍ വീട്ടുകാര്‍ തയ്യാറായില്ല. സിപിഎം അനുഭാവികള്‍ അടക്കമുളളവരാണ് പ്രതിഷേധിച്ചത്. തങ്ങള്‍ക്ക് ലോണും കടവുമുണ്ട്, കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട് വീട് വിട്ട് അഭയാര്‍ത്ഥികളാകാന്‍ പറ്റില്ലെന്നാണ് വീട്ടമ്മ എംഎല്‍എയോട് പറഞ്ഞത്.

സ്വന്തം പാര്‍ട്ടി തന്നെ ചതിച്ചാല്‍ സഹിക്കില്ലെന്നും വീട്ടമ്മ പറഞ്ഞു. എംഎല്‍എയ്ക്ക് വിശദീകരണം നല്‍കാന്‍ അവസരം നല്‍കാതെ ആയിരുന്നു ആളുകള്‍ പ്രതിഷേധിച്ചത്. പാര്‍ട്ടി അനുഭാവിയുടെ വീട്ടില്‍ അയല്‍ക്കാരെ അടക്കം വിളിച്ച് വരുത്തിയായിരുന്നു പ്രചാരണത്തിന് എംഎല്‍എ ശ്രമിച്ചത്. ഈ പ്രദേശത്ത് നേരത്തെ കെ റെയില്‍ കല്ലിടല്‍ പ്രതിഷേധം കാരണം നീട്ടി വെച്ചിരുന്നു ഇവിടേക്കാണ് എംഎല്‍എ കെ റെയില്‍ അനുകൂല പ്രചാരണത്തിന് എത്തിയത്.
അതേസമയം മുഴുവന്‍ വീഡിയോ അല്ല പുറത്ത് വന്നത് എന്നും ആളുകള്‍ പ്രതിഷേധിക്കുന്ന വീഡിയോ മാത്രമാണ് പുറത്ത് വന്നതെന്നും ഇടതുപക്ഷം പറയുന്നു. കെ റെയിലിനെ കുറിച്ച് വീട്ടുകാര്‍ക്ക് വിശദീകരിച്ച് പറഞ്ഞ് കൊടുത്തതിന് ശേഷമാണ് എംഎല്‍എ അരുണ്‍ കുമാര്‍ അവിടം വിട്ടത് എന്നും സിപിഎം പറയുന്നു. ആലപ്പുഴ ചെങ്ങന്നൂരില്‍ മന്ത്രി സജി ചെറിയാന്‍ കഴിഞ്ഞ ദിവസം വീട് കയറിയുളള പ്രചാരണത്തിന് എത്തിയിരുന്നു. സമരക്കാര്‍ പറിച്ച് മാറ്റിയ കെ റെയില്‍ കുറ്റി മന്ത്രി തിരിച്ച് സ്ഥാപിക്കുകയും ചെയ്തു.












Click it and Unblock the Notifications