'ലോകമേ തറവാട്' കലാപ്രദര്‍ശനം; ഒരു മാസത്തേക്കു കൂടി തുടരാന്‍ സര്‍ക്കാര്‍ അനുമതി
ആലപ്പുഴ : ആലപ്പുഴയില്‍ നടന്നുവരുന്ന ലോകമേ തറവാട് കലാപ്രദര്‍ശനം ഒരു മാസത്തേക്കു കൂടി തുടരാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു . ഇതിനകം തന്നെ ലോക ശ്രദ്ധയാകര്‍ഷിച്ച പ്രദര്‍ശനത്തില്‍ മലയാളികളായ 267 ആര്‍ട്ടിസ്റ്റുകളുടെ കലാരചനകളാണ് ഏഴു ഗ്യാലറികളിലായി ഒരുക്കിയിരിക്കുന്നത് .
ലോകപ്രശസ്തനായ ആര്‍ട്ടിസ്റ്റ് ശ്രീ . ബോസ് കൃഷ്ണമാചാരിയാണ് ഈ പ്രദര്‍ശനത്തിന്റെ ക്വുറേറ്റര്‍ . മഹാകവി വള്ളത്തോളിന്റെ 'ലോകമേ തറവാട് ' എന്ന പ്രയോഗമാണ് ടൂറിസം - സാംസ്‌കാരിക വകുപ്പുകളുടെ സഹായത്തോടെ കൊച്ചിന്‍ ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഈ കലാപ്രദര്‍ശനത്തിന്റെ അടിസ്ഥാന തീം. ലോകം ഒത്തുചേര്‍ന്ന് കോവിഡ് മഹാമാരിയെ അതിജീവിക്കുന്ന സന്ദര്‍ഭത്തില്‍ ഈ ആശയത്തിന് രാഷ്ട്രീയമായും സാംസ്‌കാരികമായും സവിശേഷപ്രാധാന്യമുണ്ട് .

ലോക ടൂറിസം ഭൂപടത്തില്‍ 'കിഴക്കിന്റെ വെനീസ് 'എന്ന് കീര്‍ത്തിയുള്ള ആലപ്പുഴയുടെ സാംസ്‌കാരിക പൈതൃകത്തിന് അധികമുതല്‍ക്കൂട്ടായി ഈ കലാ പ്രദര്‍ശനം മാറിയിട്ടുണ്ട് എന്ന തിരിച്ചറിവിനോടൊപ്പം, ആര്‍ട്ടിസ്റ്റുകളുടെ അഭ്യര്‍ത്ഥന കൂടി മാനിച്ചു കൊണ്ടാണ് ടൂറിസം വകുപ്പ് പ്രദര്‍ശനം നീട്ടാനുള്ള അനുമതി നല്‍കുന്നത്. കേരളത്തിന്റെ കലാവിഷ്‌ക്കാര വൈവിധ്യങ്ങളുടെ വര്‍ത്തമാനം ലോകത്തിനു മുന്നില്‍ തുറന്നു വെക്കുന്ന ഈ അവസരം കൂടുതല്‍ പേര്‍ക്ക് പ്രയോജനപ്പെടുത്താന്‍ ഈ തീരുമാനത്തിലൂടെ സാധിക്കുമെന്ന് പ്രത്യാശിക്കുന്നെന്ന് മന്ത്രി വ്യക്തമാക്കി.
കാര്‍ഷിക വിളവെടുപ്പുകള്‍ ജനകീയ ഉത്സവങ്ങളാക്കും- മന്ത്രി പി. പ്രസാദ്
ആലപ്പുഴ : ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ സംസ്ഥാനത്തൊട്ടാകെ കാര്‍ഷിക വിളവെടുപ്പുകളെ ജനകീയ ഉത്സാവങ്ങളാക്കി മാറ്റുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. പട്ടണക്കാട് വെട്ടയ്ക്കല്‍ ബി ബ്ലോക്ക് പാടശേഖരത്തിലെ കൊയ്ത്തുത്സവവും ഗ്രാമം പൊക്കാളി അരിയുടെ വിപണനോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആന്ധ്രാപ്രദേശ് ഉള്‍പ്പെടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന അരികളില്‍ മനുഷ്യ ശരീരത്തിന് ഹാനികരമായ നിരവധി പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. ശുദ്ധമായ ഭക്ഷണം ഉറപ്പാക്കാന്‍ എല്ലാവരും കര്‍ഷകരാകേണ്ട കാലഘട്ടമാണിത്. ഭക്ഷിക്കുന്ന എല്ലാവരും കൃഷി ചെയ്യാനും ബാധ്യസ്ഥരാണ്.
പച്ചക്കറികളുടെ വിലക്കയറ്റത്തിന് പരിഹാരം കാണാന്‍ ഉല്പാദിപ്പിക്കുന്ന ഇടങ്ങളില്‍ തന്നെ സംഭരണ കേന്ദ്രങ്ങള്‍ തുടങ്ങി ഇടനിലക്കാരില്ലാതെ നേരിട്ട് കേരളത്തിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിത ദിലീപ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. ജീവന്‍, ജില്ലാ പഞ്ചായത്ത് അംഗം സജിമോള്‍ ഫ്രാന്‍സിസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയ പ്രതാപന്‍, വി. കെ സാബു, അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സുജ ഈപ്പന്‍, കുത്തിയതോട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റേയ്ച്ചല്‍ സോഫിയ അലക്‌സാണ്ടര്‍, പട്ടണക്കാട് കൃഷി ഓഫീസര്‍ ആര്‍. അശ്വതി, ബ്ലോക്ക് കര്‍ഷക സംഘം പ്രസിഡന്റ് പി ജി പുരുഷോത്തമന്‍, ബ്ലോക്ക് , ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു .
ടാബുകള്‍ വിതരണം ചെയ്തു
Recommended Video
ആലപ്പുഴ : തീരദേശ മേഖലയിലെ അര്‍ഹരായ കുട്ടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 15 ടാബുകളുടെ ജില്ലാതല വിതരണോദ്ഘാടനം പി പി ചിത്തരഞ്ജന്‍ എം.എല്‍.എ നിര്‍വഹിച്ചു. പൊള്ളത്തൈ ജി.എച്ച്.എസില്‍ നടന്ന ചടങ്ങില്‍ സമഗ്രശിക്ഷ കേരളം ജില്ലാ പ്രോജക്ട് കോ -ഓര്‍ഡിനേറ്റര്‍ ഡി എം. രജനീഷ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ പി എ. സിന്ധു, ടി ഒ സല്‍മോന്‍, പ്രഥമാധ്യാപിക പി.ഡി. അന്നമ്മ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications