ആലപ്പുഴയിൽ ബൈക്കിൽ വന്ന് മാല മോഷ്ടിച്ച് കടന്നു കളഞ്ഞു; സൈക്കിളിൽ മോഷ്ടാവിനെ പിടികൂടി യുവാവ്, സോമന് പോലീസിന്റെ സ്നേഹ സമ്മാനം....
ചേർത്തല: കാൽനടയാത്രക്കാരിയുടെ സ്വർണമാല ബൈക്കിലെത്തി പൊട്ടിച്ചെടുത്ത‌് കടന്നയാളെ സൈക്കിൾ കുറുകെയിട്ട് സാഹസികമായി പിടികൂടിയ ചേർത്തല മായിത്തറ പാലോടത്തുവെളി സോമന് അർത്തുങ്കൽ പൊലീസിന്റെ സ്നേഹ സമ്മാനം. മാല മോഷ്ടാവിനെ പിടികൂടുന്നതിനിടെ സോമന്റെ സൈക്കിൾ തകർന്നിരുന്നു.
അർത്തുങ്കൽ സ്റ്റേഷനിലെ പൊലീസുകാരുടെ ശമ്പളത്തിൽ നിന്നും വിഹിതമിട്ട് പുതിയ സൈക്കിൾ വാങ്ങി നൽകിയാണ് പൊലീസ് സ്നഹവും ആദരവും അറിയിച്ചത്. ഏപ്രിൽ 5ന് തിരുവിഴ റെയിൽവെ സ‌്റ്റേഷന‌് സമീപമായിരുന്നു സംഭവം. പിഎസ‌്സി പരീക്ഷാ പരിശീലനം കഴിഞ്ഞ‌് വീട്ടിലേക്ക‌് മടങ്ങിയ യുവതിയുടെ മാലയാണ‌് ബൈക്കിലെത്തിയ യുവാവ‌് പൊട്ടിച്ചെടുത്ത് കടന്നത്.

എതിർദിശയിലൂടെ സൈക്കിളിൽ വരികയായിരുന്ന സോമൻ ഇത് കാണുകയും അതിവേഗം വരികയായിരുന്ന ബൈക്കിനു മുന്നിലേക്കു സോമന്റെ സൈക്കിൾ തള്ളിവിട്ടതോടെ നിയന്ത്രണം തെറ്റിയ ബൈക്കുമായി മോഷ്ടാവ് റോഡിൽ വീണു. സോമനും സ്ഥലത്തുണ്ടായിരുന്ന അനീഷ്, സുഗതൻ എന്നിവരും ചേർന്ന‌് മോഷ്ടാവ് ആര്യാട് ഷാഫി മൻസിലിൽ ഷാഫിയെ പിടികൂടി അർത്തുങ്കൽ പൊലീസിന‌് കൈമാറി.
സംഭവത്തിൽ ബൈക്ക‌് കയറിയിറങ്ങി സോമന്റെ സൈക്കിൾ തകർന്നു. മോഷ്ടാവിനെ പിടികൂടാനുള്ള സോമന്റെ തന്ത്രപരമായ നീക്കത്തെ അനുമോദിച്ചാണ് 5,200 രൂപ വിലയുള്ള സൈക്കിൾ 44 പൊലീസുകാരുടെ പങ്കാളിത്തത്തോടെ വാങ്ങി നൽകിയത‌്. ജില്ലാ പൊലീസ‌് മേധാവി കെ.എം. ടോമി സോമന് സൈക്കിൾ കൈമാറി. കുറ്റകൃത്യങ്ങളിൽ കാഴ‌്ചക്കാരനാകാതെ അവസരോചിതമായും സമൂഹത്തിന‌് പ്രയോജനകരമായും ഇടപെടുന്നവരെ പ്രോത്സാഹിപ്പിക്കുകയും അവരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നത് പൊലീസിന്റെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു. അർത്തുങ്കൽ എസ‌്ഐ എ.ബി. ബിപിൻ നേതൃത്വം നൽകി.












Click it and Unblock the Notifications