മാന്നാർ കല കൊലക്കേസ്: മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി, മണിക്കൂറുകളോളം ചോദ്യം ചെയ്തു
ആലപ്പുഴ: ആലപ്പുഴ മാന്നാറിലെ കല കൊലക്കേസിൽ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ രണ്ട്, മൂന്ന്, നാല് പ്രതികളായ ജിനു, സോമൻ, പ്രമോദ്, എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇവരെ കോടതിയിൽ ഹാജരാക്കുന്നതിനായി കൊണ്ടുപോയി. മൂന്ന് പ്രതികളെയും പ്രത്യേകം ഇരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസിൽ നാല് പ്രതികൾ ആണ് ഉള്ളതെന്നാണ് പോലീസ് കണ്ടെത്തിയത്. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിലാണ് ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ ജിനു, സോമൻ, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികൾ. ഇവർ നാല് പേരും കലയെ കാറിൽ വെച്ച് കൊന്ന് കുഴിച്ച് മൂടി എന്നാണ് പോലീസ് എഫ് ഐ ആറിൽ പറയുന്നത്.

വലിയ പെരുമ്പുഴ പാലത്തിൽ വെച്ച് കലയുടെ മൃതദേഹം കണ്ടെന്ന് നിർണായക സാക്ഷി മൊഴിയുമുണ്ട്. അനിലിന്റെ അയൽവാസി സുരേഷ് കുമാറിനെ മുഖ്യ സാക്ഷിയാക്കിയുള്ള പോലീസ് നീക്കമാണ് പ്രതികളെ പിടികൂടുന്നതിൽ നിർണായകമായത്. ഊമ കത്തിൽ നിന്ന് ലഭിച്ച സൂചനകൾ പിന്തുടർന്നാണ് പോലീസിന് അന്വേഷിച്ചത്.
അതേ സമയം കേസുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെയും വീട്ടുകാരുടെയും മൊഴി എടുക്കുന്നത് തുടരുകയാണ്. അനിലിന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തി. കാെലപാതകം എങ്ങനെ ആസൂത്രണം ചെയ്തു, എങ്ങനെ നടപ്പാക്കി, തെളിവ് നശിപ്പിക്കാൻ എന്തെല്ലാം ശ്രമം നടത്തി തുടങ്ങിയ കാര്യങ്ങളുടെ ചുരുളഴിക്കാനുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്.
മാന്നാറിൽ നിന്ന് 15 വർഷം മുമ്പ് കാണാതായ കല കൊല്ലപ്പെട്ടതാണ് എന്ന് കഴിഞ്ഞ ദിവസമാണ് പോലീസ് സ്ഥിരീകരിച്ചത്. കലയെ കൊലപ്പെടുത്തിയത് ഇവർക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. പെരുമ്പുഴ പാലത്തിൽ വെച്ച് അനിലും രണ്ടും മൂന്നും നാലും പ്രതികളും ചേർന്ന് കലയെ കൊലപ്പെടുത്തി എന്നാണ് കേസ്.
ശേഷം മാരുതി കാറിൽ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്തു. പിന്നീട് തെളിവെല്ലാം പ്രതികൾ നശിപ്പിച്ചു. 2009 ലാണ് സംഭവം നടന്നത്. ജിനു, സോമൻ പ്രമോദ് എന്നിവർ യഥാ ക്രമം 2, 3, 4 പ്രതികളായ കേസിൽ എല്ലാവർക്കുമെതിരെ കൊലക്കുറ്റം ചുമത്തി. അതേ സമയം അമ്മ ജീവിച്ചിരിക്കുന്നുണ്ടെന്നാണ് വിശ്വസിക്കുന്നത് എന്ന് കലയുടെ മകൻ പറഞ്ഞത്.












Click it and Unblock the Notifications