ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിവാഹ സർട്ടിഫിക്കറ്റ് വൈകിപ്പിച്ചു;മന്ത്രി ഇടപെട്ടു, ക്ലാർക്കിന് സസ്പെൻഷൻ

Google Oneindia Malayalam News

ആലപ്പുഴ; സബ് രജിസ്ട്രാർ ഓഫീസിലെ ക്ലാർക്കിനെ മന്ത്രി ജി സുധാകരൻ ഇടപെട്ട് സസ്പെന്റ് ചെയ്തു. വിവാഹം രജിസ്റ്റർ ചെയ്യാനെത്തിയവരോട് അപമര്യാദയായി പെരുമാറിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ക്ലാർക്കായ ഷാജിയെന്നയാളെ സസ്പെന്റ് ചെയ്തത്. മുൻ ഡിസിസി പ്രസിഡന്റ് ജി ബാലചന്ദ്രന്റെ മകനും അഭിഭാഷകനുമായ ജീവന്റെ പരാതിയിലാണ് പരാതിയിലാണ് നടപടി. മന്ത്രി തന്നെ ഇക്കാര്യം ഫേസ്ബുക്കിലൂടെ വിശദീകരിച്ചു. മന്ത്രിയുടെ പോസ്റ്റ് വായിക്കാം

g-sudhakaran-6-15

ആലപ്പുഴ ബാറിലെ അഭിഭാഷകനായ ശ്രീ.ജീവനും അഭിഭാഷകയായ ശ്രീമതി റെയ്നി എം. കുര്യാക്കോസും സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്ത് ലഭിക്കുന്നതിലേക്കായി ആലപ്പുഴ സബ് രജിസ്ട്രാർ ഓഫീസിലെ മാര്യേജ് ഓഫീസർ മുമ്പാകെ ഓൺലൈനായി 22.6.2020 ൽ അപേക്ഷ സമർപ്പിച്ചിരുന്നു. പ്രസ്തുത അപേക്ഷയുടെ പ്രിൻ്റ് എടുത്ത് ഫോട്ടോ എടുത്ത്‌ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ അസ്സൽ രേഖ ഹാജരാക്കുവാൻ ഓഫീസിലെത്തിയ അപേക്ഷകരോട് സെക്ഷൻ ക്ലർക്ക് ഷാജി അപമര്യാദയായി പെരുമാറുകയും ഇവരെ അകാരണമായി ബുദ്ധിമുട്ടിക്കുകയും ചെയ്തതായി പരാതി ലഭിച്ചു.

പല തവണയായി മുട്ടാപ്പോക്ക് ന്യായങ്ങൾ പറഞ്ഞ് അപേക്ഷകനെ മടക്കി അയയ്ക്കുകയും വരാൻ പറയുന്ന ദിവസങ്ങളിൽ ഈ ക്ലർക്കിനെ തിരക്കി ചെല്ലുമ്പോൾ സീറ്റിലും ഓഫീസിലും ഉണ്ടാവാറില്ല എന്നും നേരിട്ട് കണ്ടപ്പോൾ വൈകി എന്ന കാരണം പറഞ്ഞ് അപേക്ഷ കൈപ്പറ്റാൻ വിസമ്മതിച്ചു എന്നും പരാതിയിൽ പറയുന്നു.

പല അവധികൾക്ക് ശേഷം ഈ ക്ലർക്ക് നിർദ്ദേശിച്ച 23.7.2020 ന് വധൂവരന്മാർ മൂന്ന് സാക്ഷികൾക്കൊപ്പം രാവിലെ 10 മണിക്ക് ഓഫീസിൽ ചെന്നുവെന്നും അവരെ വൈകിട്ടു വരെ കാത്തു നിർത്തിയിട്ട് അവസാനം അന്നേ ദിവസം രജിസ്ട്രേഷൻ നടക്കില്ല എന്ന് പറഞ്ഞതായും 28.7.2020, 29.7.2020 എന്ന തീയതികളിലും ഇതേ ആവശ്യത്തിന് ഓഫീസിലെത്തിയ വധൂവരന്മാരേയും സാക്ഷികളെയും മടക്കി അയച്ചതായും അവസാനം 30.7.2020 നാണ് വിവാഹം രജിസ്റ്റർ ചെയ്യാനായത് എന്നും പരാതിയിൽ പറയുന്നു. അതിനു ശേഷം പല തവണ മാര്യേജ് സർട്ടിഫിക്കറ്റ് നൽകാതെ ഈ ദമ്പതികളെ വട്ടം കറക്കിയതായും ഇടനിലക്കാരില്ലാതെ നേരിട്ട് അപേക്ഷിച്ചതിനാലാണ് ഈ ദുരനുഭവം ഉണ്ടായതെന്നും പരാതിയിൽ പറയുന്നു. പരാതിയ്ക്ക് ആസ്പദമായ സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തി ആലപ്പുഴ സബ് രജിസ്ട്രാർ ഓഫീസിലെ ക്ലർക്കായ ഷാജിയെ സസ്പെൻ്റ് ചെയ്തിട്ടുണ്ട്. പരാതി ലഭിച്ച് 24 മണിക്കൂറിനകമാണ് ഈ നടപടി.

വിപ്ലവകരങ്ങളായ മാറ്റങ്ങളാണ് ഇടതു സർക്കാരിൻ്റെ നേതൃത്വത്തിൽ രജിസ്ട്രേഷൻ വകുപ്പിൽ നടന്നു വരുന്നത്.പുതിയ കാലം, പുതിയ സേവനം എന്ന മുദ്രാവാക്യവുമായി കുതിക്കുന്ന വകുപ്പ് 315 SRO കളിലും ഓൺലൈൻ സേവനങ്ങൾ നടപ്പിലാക്കിയും, ഇ-പേയ്മെൻ്റ്, ഇ-സ്റ്റാംപിംഗ് തുടങ്ങിയവ നടപ്പാക്കിയും 50 സബ് രജിസ്ട്രാർ ഓഫീസുകൾക്ക് പുതിയ കെട്ടിട നിർമ്മാണം നടത്തിയും, ആയിരത്തിലധികം ജീവനക്കാർക്ക് ഡിജിറ്റൽ സിഗ്നേച്ചർ നൽകിയും റിയൽ എസ്റ്റേറ്റ് തട്ടിപ്പ് തടയാൻ നിയമനിർമ്മാണം നടത്തിയും പൊതുജനോപകാരപ്രദമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്.

എന്നാൽ അപൂർവ്വം ചില ജീവനക്കാർ വകുപ്പിൻ്റെ മുന്നേറ്റത്തെ തമസ്കരിക്കണം എന്ന നിർബന്ധത്തോടെയും കൈക്കൂലി എന്ന ചീഞ്ഞളിഞ്ഞ സംസ്കാരത്തിൽ നിന്നും ഇനിയും പുറത്തു കടക്കാതെയും പ്രവർത്തിക്കുന്നുണ്ട്. ഇത്തരക്കാർ ഇടതു സർക്കാരിൽ നിന്ന് യാതൊരു ദയയും പ്രതീക്ഷിക്കേണ്ടതില്ല എന്നാൽ സത്യസന്ധതയോടെ ജോലി ചെയ്യുന്നവർക്ക് പൂർണ്ണ സംരക്ഷണം നൽകുമെന്നും അറിയിക്കുന്നു.

മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ DCC പ്രസിഡൻ്റും വാഗ്മിയും പ്രഭാഷകനുമായ പ്രൊഫ.ജി.ബാലചന്ദ്രൻ്റേയും പ്രൊഫ. ഇന്ദിരാ ബാലചന്ദ്രൻ്റേയും മകനും ശ്രീമതി ഐ.ബി.റാണി ഐ.പി.എസ്സിൻ്റെ സഹോദരനുമായ ശ്രീ. ജീവനും അദ്ദേഹത്തിൻ്റെ ജീവിത സഖി ശ്രീമതി റെയ്നിക്കുമുണ്ടായ ബുദ്ധിമുട്ടുകളിൽ നിർവ്യാജം ഖേദിക്കുന്നു.നവവധൂവരന്മാർക്ക് വിവാഹമംഗളാശംസകൾ നേരുന്നു.

English summary
Marriage certificate delayed; G Sudhakaran intervened and suspended Clark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X