ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'രണ്ടുമുറി വീടിൻ്റെ മുന്നിലെത്തിയപ്പോൾ മനസ്സ് കണ്ണീര് കൊണ്ട് നിറഞ്ഞു', ഓമനക്കുട്ടന്റെ മകളെ കണ്ട് ജലീൽ

Google Oneindia Malayalam News

ആലപ്പുഴ: സിപിഎം പ്രവർത്തകൻ ഓമനക്കുട്ടനേയും എംബിബിഎസിന് പ്രവേശനം ലഭിച്ച മകൾ സുകൃതിയേയും കാണാൻ നേരിട്ടെത്തി മന്ത്രി കെടി ജലീൽ. '' ആ മിടുക്കിയെ കാണാൻ ഒരു നടവഴിപോലും ശരിക്കില്ലാത്ത സ്ഥലത്ത് പാതിവഴിയിൽ നിർമ്മാണം നിലച്ചുപോയ, മുൻവാതിൽ പോലുമില്ലാതെ നിൽക്കുന്ന പണിപൂർത്തിയാകാത്ത രണ്ടുമുറി വീടിൻ്റെ മുന്നിലെത്തിയപ്പോൾ മനസ്സ് കണ്ണീര്കൊണ്ട് നിറഞ്ഞു'' വെന്ന് കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. ഓമനക്കുട്ടനും മകൾക്കുമൊപ്പമുളള ചിത്രവും മന്ത്രി പങ്കുവെച്ചിട്ടുണ്ട്.

ഓമനക്കുട്ടൻ്റെ മകൾ സുകൃതി ഡോക്ടറാകും എന്ന തലക്കെട്ടിലാണ് മന്ത്രിയുടെ കുറിപ്പ്: '' ചിലരുടെ മുന്നിലെത്തുമ്പോഴാകും നമ്മിൽ പലർക്കും അവനവൻ്റെ വലിപ്പക്കുറവ് ബോദ്ധ്യമാവുക. അത്തരമൊരു ദിവസമായിരുന്നു ഇന്നെനിക്ക്. പരിമിതിയുടെ പടുകുഴിയിൽ നിന്ന് വലിയ പഠിപ്പൊന്നുമില്ലാത്ത സാധാരണക്കാരനായ ഒരു മനുഷ്യൻ നല്ല പൊതുപ്രവർത്തകനും മാതൃകാ പിതാവുമായ കാഴ്ച അത്യന്തം വിസ്മയകരമാണ്.

ഓമനക്കുട്ടനെ ഓർമ്മിക്കുന്നില്ലേ? പ്രളയകാലത്ത് റിലീഫ് കേമ്പിലേക്ക് അരിയും മറ്റു സാധനങ്ങളും എത്തിച്ച ഓട്ടോറിക്ഷക്കാരന് വാടക കൊടുക്കാൻ, തൻ്റെ വിഹിതം ആദ്യം വെച്ച്, മറ്റുള്ളവരിൽ നിന്ന് എഴുപത് രൂപ പിരിച്ചുനൽകിയതിൻ്റെ പേരിൽ ചാനലുകളും പത്രങ്ങളും "മഹാഭീകരനായ കമ്മ്യൂണിസ്റ്റെ"ന്ന് അലറിവിളിച്ച നിഷ്കളങ്കനായ ആ മനുഷ്യൻ്റെ മുഖം മരിച്ചാലും മലയാളിയുടെ മനസ്സിൽ നിന്ന് മായില്ല. സത്യം ജനം അറിഞ്ഞപ്പോഴേക്ക് അസത്യം ഒരുതവണയല്ല പലതവണ ലോകം ചുറ്റിക്കറങ്ങിക്കഴിഞ്ഞിരുന്നു.

jaleel

അൽപം വൈകിയെങ്കിലും നിജസ്ഥിതിയറിഞ്ഞ ഭരണകൂടവും മാധ്യമങ്ങളും ഓമനക്കുട്ടനുമുന്നിലെത്തി കൈകൂപ്പി മാപ്പിരന്നു. അപ്പോഴും ആ പച്ചമനുഷ്യൻ്റെ മുഖത്ത് ഭാവഭേദങ്ങളൊന്നും നാം കണ്ടില്ല. ക്യാമറക്കുമുന്നിൽ അയാൾ കണ്ണുതുടക്കുകയോ കണ്ണീർപൊഴിക്കുകയോ ചെയ്തില്ല. തനിക്കുണ്ടായ മാനഹാനിയേക്കാൾ മണിക്കൂറുകളാണെങ്കിൽ പോലും തൻ്റെ പാർട്ടിക്കുണ്ടായ വിഷമമോർത്ത് ദുഖിച്ച ഓമനക്കുട്ടനെന്ന സഖാവിനെ കാണണമെന്ന് അന്ന്തൊട്ടേ ആഗ്രഹിച്ചതാണ്. അതിന് സമയവും കാലവും ഒത്തുവന്നത് ഇപ്പോഴാണ്.

ഓമനക്കുട്ടൻ്റെ മകൾ സുകൃതിക്ക് കൊല്ലം പാരിപ്പള്ളി ഗവ: മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് പ്രവേശനം കിട്ടിയ വാർത്ത വായിച്ച് സന്തോഷിക്കാത്ത കേരളീയരുണ്ടാവില്ല. ആ മിടുക്കിയെ കാണാൻ ഒരു നടവഴിപോലും ശരിക്കില്ലാത്ത സ്ഥലത്ത് പാതിവഴിയിൽ നിർമ്മാണം നിലച്ചുപോയ, മുൻവാതിൽ പോലുമില്ലാതെ നിൽക്കുന്ന പണിപൂർത്തിയാകാത്ത രണ്ടുമുറി വീടിൻ്റെ മുന്നിലെത്തിയപ്പോൾ മനസ്സ് കണ്ണീര്കൊണ്ട് നിറഞ്ഞു.

എൻ്റെ മകൾ സുമയ്യയുടെ രണ്ട് വയസ്സ് ഇളപ്പമുള്ള ഓമനക്കുട്ടൻ്റെ മകൾ സുകൃതിയെ അഭിനന്ദിക്കാൻ ഞാൻ അശക്തനാണ്. അസൗകര്യങ്ങളുടെ നടുവിലും മികച്ച നേട്ടം കൊയ്ത് നാടിൻ്റെ യശസ്സുയർത്തിയ കേമിയെച്ചൊല്ലി ദേശംമുഴുവൻ ആഹ്ലാദിക്കുന്നുണ്ടെന്ന് അയൽവാസികളുടെ മുഖത്ത് കളിയാടിയ ആവേശം വിളിച്ചുപറയുന്നുണ്ടായിരുന്നു. ഇല്ലായ്മകളും വല്ലായ്മകളും മക്കളെ അറിയിക്കാതെ സ്വയം ഉരുകി മകൾക്ക് പ്രകാശനാളങ്ങളായ ഓമനക്കുട്ടനും സഹധർമ്മിണി രാജേശ്വരിക്കും, ചേച്ചിയുടെ വളർച്ചയിൽ അഭിമാനിക്കുന്ന അനിയത്തിക്കുട്ടിക്കും ഒരായിരം അനുമോദനങ്ങൾ. സുകൃതിക്ക് ഒരുപാടൊരുപാട് നേട്ടങ്ങളുടെ കൊടുമുടികൾ കീഴടക്കാൻ മേലിലും കഴിയട്ടേയെന്ന് ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു''.

English summary
Minister K T Jaleel visited CPM worker Omanakkuttan's house to meet his daughter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X