പരുമല പെരുന്നാൾ ഒരുക്കങ്ങൾ തുടങ്ങി , മന്ത്രിമാരുടെ യോഗം ചേർന്നു; കൂടുതൽ കെഎസ്ആർടിസി സർവീസുകൾ ഒരുക്കും
പരുമല സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി പെരുന്നാളിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ യോഗം ചേർന്ന് മന്ത്രിമാർ. ഒരുക്കുങ്ങൾ വിലയിരുത്താൻ മന്ത്രിമാരായ സജി ചെറിയാൻ, വീണ ജോർജ് എന്നിവരുടെ സാന്നിധ്യത്തിൽ അവലോകന യോഗം ചേർന്നു. യോഗം വിവിധ ക്രമീകരണങ്ങൾ ചർച്ച ചെയ്തു. ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്നത് സംബന്ധിച്ചും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന ക്രമീകരണങ്ങളെക്കുറിച്ചും ഭക്ഷ്യവകുപ്പിന്റെ പരിശോധനകൾ സംബന്ധിച്ചും യോഗം വിലയിരുത്തി.
പത്തനംതിട്ട ജില്ലയിലെ പരുമല സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി പെരുന്നാളിനോടനുബന്ധിച്ചു നടക്കുന്ന തീർഥാടനം ഒക്ടോബർ 26ന് ആരംഭിക്കും. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പ്രത്യേകം ശേഖരിച്ച് നിർമ്മാജനം ചെയ്യണമെന്നും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ ഇതിന് നേതൃത്വം നൽകണമെന്നും മന്ത്രി സജി ചെറിയാൻ യോഗത്തിൽ പറഞ്ഞു. ശുചിത്വമിഷന്റെ സഹായത്തോടെ പ്ലാൻ തയ്യാറാക്കുന്നത്.

പരുമലയിലേക്കുള്ള കെഎസ്ആർടിസി സർവ്വീസുകൾ വിപുലപ്പെടുത്തണമെന്നും മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ ഫ്ലൈയിങ് സ്‌ക്വാഡ് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു. ആർഒ പ്ലാന്റ് ജല അതോറിറ്റി സ്ഥാപിക്കണമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎൽഎ പറഞ്ഞു.
ഭക്ഷണസാധനങ്ങളുടെ ഗുണമേന്മ പരിശോധിക്കുന്നതിനായി പ്രത്യേക സ്‌ക്വാഡിനെ രൂപീകരിക്കണമെന്നും ക്ലോറിനേഷൻ, ഫോഗിങ് പോലുള്ള ശുചീകരണ പ്രവർത്തനങ്ങൾ ഉറപ്പാക്കണമെന്നും പിഡബ്ല്യുഡി തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് റോഡിന്റെ വശങ്ങളിലുള്ള കാട് വെട്ടി വൃത്തിയാക്കണമെന്നും മേജർ ഇറിഗേഷന്റെ നേതൃത്വത്തിൽ പുഴകളുടെ വശങ്ങളിൽ അപകടസാധ്യതാ ബോർഡുകൾ സ്ഥാപിക്കണമെന്നും മന്ത്രി വീണ ജോർജ് നിർദ്ദേശിച്ചു.
വിപുലമായ ജനപങ്കാളിത്തത്തോടെ പെരുനാൾ നടത്തുന്നതിനാവശ്യമായ സർക്കാർ തല ക്രമീകരണങ്ങൾ നടപ്പിലാക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു. പെരുനാളുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് പ്രത്യേകമായി യോഗം വിളിച്ചു ചേർക്കുമെന്ന് ആലപ്പുഴ എഡിഎം എസ് സന്തോഷ് കുമാർ പറഞ്ഞു.
പെരുന്നാളുമായി ബന്ധപ്പെട്ട് പ്രത്യേക പോലീസ് കൺട്രോൾ റൂം തുറക്കും. സിസിടിവികൾ ക്രമീകരിക്കും. കടകൾ ലേലത്തിലെടുക്കുന്നവരുടെ ഐഡി പ്രൂഫ് പരിശോധന കർശനമാക്കും. അനധികൃത കച്ചവടക്കാരെ ഒഴിവാക്കും. 350 പോലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിക്കുമെന്നും ആവശ്യമായ ഗതാഗതക്രമീകരണങ്ങൾ ഏർപ്പാടാക്കും. ഒക്ടോബർ 26ന് പരുമല തീർഥാടന വാരത്തിന് തുടക്കമാകും. നവംബർ രണ്ടിന് പെരുന്നാൾ സമാപിക്കും.












Click it and Unblock the Notifications