റേഷന്‍ കടകള്‍ വെള്ളത്തില്‍ മുങ്ങി; കൈനകരിയിലേക്ക് സഞ്ചരിക്കുന്ന റേഷന്‍ കടയുമായി സിവില്‍ സപ്ലൈസ്
ആലപ്പുഴ: പ്രളയത്തില്‍ മുങ്ങിയ കുട്ടനാട്ടിലെ കൈനകരിലേക്കുള്ള സഞ്ചരിക്കുന്ന റേഷന്‍ കടയുടെ ഉദ്ഘാടനം ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ഫിനിഷിങ് പോയിന്റില്‍ നിര്‍വഹിച്ചു. കുട്ടനാട്ടിലെ മുഴുവന്‍ റേഷന്‍ കടകളും വെള്ളത്തില്‍ മുങ്ങിയ സാഹചര്യത്തിലാണ് ബോട്ടില്‍ റേഷന്‍ വിതരണം നടത്തുന്നത്. പ്രളയം ഏറെ ബാധിച്ച കൈനകരിയിലേക്ക് രണ്ടു ബോട്ടുകളിലായി മൂന്നു റേഷന്‍കടകള്‍ ആണ് പ്രവര്‍ത്തിപ്പിക്കുക.
റേഷന്‍കടകളിലെ ഇ- പോസ്റ്റ് മെഷീനിലൂടെ 88 ശതമാനം കുടുംബങ്ങളില്‍ റേഷന്‍ എത്തിക്കാന്‍ കഴിഞ്ഞതായി ഫ്ളാഗ് ഓഫ് നിര്‍വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. പ്രളയബാധിത പ്രദേശങ്ങളില്‍ സൗജന്യ റേഷന് പുറമേ അഞ്ചു കിലോഗ്രാം അരി കൂടി നല്‍കുന്നുണ്ട്. സംസ്ഥാനത്ത് 12 ലക്ഷം കുടുംബങ്ങള്‍ക്ക് അഞ്ചു കിലോ അരി വീതം നല്‍കിക്കഴിഞ്ഞു. ധാന്യ വിതരണത്തിന് സമയം എട്ടാം തിയതി വരെ നീട്ടിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇനിയും സമയം നീട്ടിനല്‍കാവുന്നതാണെന്ന് മന്ത്രി പറഞ്ഞു.

കുട്ടനാട്ടില്‍ ഭക്ഷ്യക്ഷാമമില്ല. കേരളത്തിലെ എല്ലാ ദുരിത ബാധിത പ്രദേശത്തും ഫലപ്രദമായി ധാന്യ വിതരണം നടക്കുന്നുണ്ട. ആയിരക്കണക്കിന് ക്യാമ്പുകളില്‍ പരാതികള്‍ ഇല്ലാത്തവിധം ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചു നല്‍കാന്‍ ഭക്ഷ്യവകുപ്പിന് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. വെള്ളത്തില്‍ മുങ്ങിയ റേഷന്‍ കടകളിലെ മോശമായ ധാന്യങ്ങള്‍ നിയമപ്രകാരം നശിപ്പിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്കും മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ മൊബൈല്‍ റേഷന്‍ കടയില്‍നിന്ന് റേഷന്‍ വാങ്ങാം. കുട്ടനാട്ടിലെ 12 മാവേലി സ്റ്റോറുകളും വെള്ളത്തിലായി. ഈ സാഹചര്യത്തില്‍ രണ്ടു സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകള്‍ കൂടി ആരംഭിച്ചതായി മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications