ബൈക്ക് ഉടമയ്ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ 'കാര്‍' പിഴ; അമ്പരന്ന് ഉടമ
കായംകുളം: കാറിന് പിഴ ഈടാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് അയച്ച പിഴ ചെന്നെത്തിയത് ബൈക്ക് ഉടസ്ഥന്. കൃഷ്ണപുരം സ്വദേശി രാജഗോപാലനാണ് കഴിഞ്ഞ ദിവസം കാറിന്റെ ചിത്രം സഹിതമുള്ള നോട്ടീസ് വന്നത്. വൈറ്റില തൈക്കുടത്ത് മാര്‍ച്ച് 17ന് ആണ് കാര്‍ നിയമലംഘനം നടത്തിയത്. എന്നാല്‍ നിയമലംഘനം നടത്തിയ വാഹനം ബൈക്കാണെന്നാണ് രേഖപ്പെടുത്തിയത്.
250 രൂപ പിഴ അടക്കാനാണ് നോട്ടീസ്. രാജഗോപാലന്റെ ബൈക്കിന്റെ നമ്പര്‍ 2765 ആണ്. എന്നാല്‍ നോട്ടിസില്‍ കാണിച്ചിരിക്കുന്ന കാറിന്റെ നമ്പര്‍ 1765 ആണ്. രജിസ്റ്റര്‍ നമ്പറിലെ സാദൃശ്യം കാരണം നോട്ടീസ് തെറ്റി അയച്ചതാണെന്നാണ് കരുതുന്നത്. ഗതാഗത വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ നിന്നാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് ജൂണ്‍ 5 മുതല്‍ ജൂലൈ 3 വരെ 20,42,542 മോട്ടോര്‍ വാഹന നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ 7,41,766 എണ്ണം വെരിഫൈ ചെയ്യുകയും 1,77,694 കേസുകള്‍ ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് മോണിറ്ററിംഗ് സിസ്റ്റത്തില്‍ അപ്ലോഡ് ചെയ്യുകയും 1,28,740 എണ്ണം മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് അംഗീകരിക്കുകയും 1,04,063 ചെല്ലാനുകള്‍ തപാലില്‍ അയക്കുകയും ചെയ്തു.
കൂടുതല്‍ ജീവനക്കാരെ നിയമിച്ച് നിയമലംഘനങ്ങള്‍ വെരിഫൈ ചെയ്യുന്നത് വേഗത്തിലാക്കി മൂന്ന് മാസത്തിനുള്ളില്‍ വേരിഫിക്കേഷനിലെ കുടിശിക പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. നിരപരാധികള്‍ പിഴ ഒടുക്കേണ്ടി വരുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് സൂക്ഷ്മ പരിശോധനയ്ക്കായി ജില്ലാതല മോനിട്ടറിംഗ് കമ്മിറ്റി രൂപീകരിക്കുവാന്‍ റോഡ് സേഫ്റ്റി കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള കംപ്ലയിന്റ് റിഡ്രസല്‍ ആപ്ലിക്കേഷന്‍ ഓഗസ്റ്റ് 5 മുതല്‍ പ്രാബല്യത്തില്‍ വരും. റോഡ് വീതി കൂട്ടിയതിനെത്തുടര്‍ന്ന് മാറ്റിയ 16 ക്യാമറകളില്‍ 10 എണ്ണം ഈ മാസം തന്നെ പുനഃസ്ഥാപിക്കും.












Click it and Unblock the Notifications