നെഹ്റു ട്രോഫി വള്ളംകളി: 16 രാജ്യങ്ങളിലെ സംഘം ആലപ്പുഴയിലേക്ക്
ആലപ്പുഴ: നെഹ്‌റു ട്രോഫി ജലമാമാങ്കം നേരില്‍ കാണാന്‍ ഇത്തവണ പ്രവാസി സംഘവും. പതിനാറ് രാജ്യങ്ങളില്‍ നിന്നുള്ള 60 അംഗ പ്രവാസി സംഘമാണ് ആലപ്പുഴയിലെത്തുന്നത്. ഫിജി, ഗയാന, മലേഷ്യ, ഫ്രാന്‍സ്, ഇസ്രായേല്‍, സൗത്ത് ആഫ്രിക്ക, ജമൈക്ക, കെനിയ, മൗറീഷ്യസ്, മ്യാന്‍മാര്‍, ന്യൂസിലാന്റ്, സറിനെയിം, ട്രിനിഡാഡ് ആന്റ് ടുബാഗോ, സിംബാംബേ, ബെല്‍ജിയം, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് സംഘത്തിലുള്ളത്.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇന്ത്യയെ അറിയുക (നോ ഇന്ത്യ പ്രോഗ്രാം) പരിപാടിയുടെ 66-ാമത് എഡിഷന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകള്‍ സന്ദര്‍ശിക്കുന്ന സംഘമാണ് 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളി കാണാന്‍ എത്തുന്നത്. ഇന്ത്യന്‍ ജീവിതം കണ്ടറിയുക, രാജ്യം കൈവരിച്ച പുരോഗതി, സാംസ്‌കാരിക വിനിമയം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഇന്ത്യയെ അറിയുക എന്ന പേരില്‍ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി നോര്‍ക്ക റൂട്ട്‌സാണ് സന്ദര്‍ശന പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്.

എറണാകുളം , തൃശ്ശൂര്‍, കോട്ടയം ജില്ലകള്‍ സന്ദര്‍ശിച്ച ശേഷം 11-ന് ഹൗസ് ബോട്ട് മാര്‍ഗം സംഘം കുമരകത്ത് നിന്നും ആലപ്പുഴയിലെത്തും. 12ന് പുന്നമടക്കായലില്‍ പ്രത്യേകമായി സജ്ജമാക്കിയ ബോട്ടുകളിലാണിവര്‍ വള്ളംകളി കാണുക. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പ്രതിനിധികള്‍, സംസ്ഥാന സര്‍ക്കാര്‍, നോര്‍ക്ക റൂട്ട്‌സ് പ്രതിനിധികള്‍ എന്നിവരും യാത്രയെ അനുഗമിക്കും .
നെഹ്‌റു ട്രോഫി വള്ളം കളി: സാംസ്‌കാരികോത്സവത്തിന് തുടക്കം
ആലപ്പുഴ: ഓഗസ്റ്റ് 12ന് പുന്നമടക്കായലില്‍ നടക്കുന്ന 69-ാമത് നെഹ്റുട്രോഫി വള്ളംകളിക്കു മുന്നോടിയായി നഗരസഭയുടെ നേതൃത്വത്തിലുള്ള സാംസ്‌കാരികോത്സവവും കലാസന്ധ്യയും പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കായിക മേഖലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ മികച്ച പരിഗണനയാണ് നല്‍കുന്നത്. ലോകത്തിന്റെ എല്ലാ മേഖലകളിലും വള്ളംകളിയുടെ ആവേശം എത്തിയിട്ടുണ്ട്. ലോക ടൂറിസം ഭൂപടത്തില്‍ ആലപ്പുഴയ്ക്ക് ഇടം കണ്ടെത്തിയതില്‍ വള്ളംകളിക്ക് നിര്‍ണായക പങ്കുണ്ട് - എം.എല്‍.എ. പറഞ്ഞു.
നഗര ചത്വരത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.കെ. ജയമ്മ അധ്യക്ഷയായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മുഖ്യാതിഥിയായി. നഗരസഭ വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എം.ജി. സതീദേവി, നസീര്‍ പുന്നയ്ക്കല്‍, എ.എസ്. കവിത, എം.ആര്‍. പ്രേം, ആര്‍. വിനീത, നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ സൗമ്യാ രാജ്, ഡി.പി.സി. അംഗം ഡി.പി. മധു, കൗണ്‍സിലര്‍മാരായ ബിന്ദു തോമസ്, ഹരികൃഷ്ണന്‍, ആര്‍. ബിനിത, രതീഷ്, സലിം മുല്ലാത്ത്, തുടങ്ങിയവര്‍ പങ്കെടുത്തു. വ്യാപാര സ്ഥാപനങ്ങളിലെയും നഗരത്തിലെയും ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മവും നടന്നു. പതിനൊന്നാം തിയതിവരെ നഗര ചത്വരത്തില്‍ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും.












Click it and Unblock the Notifications