മകൾ മേക്ക്അപ്പ് ചെയ്ത് ഒരുക്കി; വിജയലക്ഷ്മി ടീച്ചർ മാവേലിയായി; കിടിലൻ മേക്ക്ഓവർ
ഓണാഘോഷം ഗംഭീരമാകണമെങ്കിൽ മാവേലി വേണം. കുടവയറും കൊമ്പൻ മീശയുമായി വരുന്ന മാവേലിയെ കണ്ടാണല്ലോ നമുക്ക് ശീലം. അധികവും പുരുഷന്മാരാണ് മാവേലി വേഷം കെട്ടാറുള്ളത്. എന്നാൽ ഈ ഓണത്തിന് ഒരു വെറൈറ്റി മാവേലിയെ കണ്ടാലോ.
ഇവിടെ മാവേലി വേഷം കെട്ടിയത് പുരുഷനല്ല, നേരെമറിച്ച് ഇവിടെ ഒരു സ്ത്രീയാണ് മാവേലി വേഷം കെട്ടിയിരിക്കുന്നത്.. കഴിഞ്ഞ വർഷവും ഇവർ മാവേലിയുടെ വേഷം കെട്ടിയിരുന്നു.

ചേർത്തല സ്വദേശിയായ അംഗണവാടി ടീച്ചർ വിജയ ലക്ഷ്മിയാണ് മാവേലിയായത്. കഴിഞ്ഞ വർഷം ഗംഭീര അഭിപ്രായമാണ് വിജയ ലക്ഷ്മിക്ക് ലഭിച്ചത്. മുഹമ്മ പഞ്ചായത്തിലെ 12ാം വാർഡ് കുടുംബ ശ്രീ യൂണിറ്റുകളുടെ ഓണാഘോഷത്തിനായി വിജയ ലക്ഷ്മി മാവേലിയായത്.
ടീച്ചറെ മാവേലി ആക്കാൻ കൂടെ നിന്നത് മകൾ ആണ്. ഫാഷൻ ഡിസൈനറാണ് ടീച്ചറുടെ മകൾ അനഘ. അനഘ അമ്മയെ അടിപൊളി മാവേലിയാക്കി. വലിയ മീശയും തിളങ്ങുന്ന വേഷവും കീരിടവും ഓലക്കുടയുമൊക്കെ ഉള്ള മാവേലി...
പഞ്ചായത്ത് അംഗം ലതീഷ് ബി ചന്ദ്രന്റെ ചിന്തയിൽ നിന്നാണ് വിജയലക്ഷ്മിയെ മാവേലിയാക്കിയത്. ഓണാഘോഷത്തിന് വാദ്യമേളങ്ങൾ വായിക്കുന്നത് സ്ത്രീകളായിരുന്നു. അപ്പോൾ മാവേലിയുംം സ്ത്രീ ആയാൽ വ്യത്യസ്തമാകുമെന്ന ആശയം ലതീഷ് പറഞ്ഞു. ടീച്ചറുടെ ഭർത്താവ് അജയ കുമാറും മകൾ അനഘയും മകൻ അനിലും പിന്തുണയും നൽകി.
പലർക്കും തന്നെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും മകളാണ് പെർഫക്ട് ആയി മേക്കപ്പ് ചെയ്ത് നൽകിയത് എന്നും ടീച്ചർ പറയുന്നു. ഇനിയും കൂടുതൽ സ്ത്രീകൾ മാവേലിയാവാൻ മുന്നോട്ട് വരട്ടെ എന്നാണ് വിജയ ലക്ഷ്മി ടീച്ചർ അഭിപ്രായപ്പെടുന്നത്. 23 വർഷമായി അംഗണവാടി ടീച്ചറാണ് വിജയ ലക്ഷ്മി. കുട്ടികൾക്ക് മുന്നിലാണ് കഴിഞ്ഞ വർഷം ടീച്ചർ മാവേലിയായത്. ചേർത്തല കഞ്ഞിക്കുഴി എസ് എസ് എൻ പുരം സ്വദേശിയാണ്.
അതേസമയം, ഓണാഘോഷത്തിന്റെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളി കളിച്ച ഡാൻസ് വൈറൽ ആയിരുന്നു, ഇന്നീ തീരം തേടും തിരയുടെ പാട്ടിൽ എന്ന സിനിമ ഗാനത്തിനാണ് തൊഴിലാളിയായ സ്ത്രീ ചുവട് വെച്ചത്. നൃത്തത്തിനിടയിൽ ഒരു സ്ത്രീ തെങ്ങിന്റെ മടൽ എടുത്ത് ഗിത്താറ് പോലെ പിടിച്ച് അടിപൊളി ചുവടുകളും വെച്ചിരുന്നു. വീഡിയോ ഇപ്പോൾ വൈറലാണ്












Click it and Unblock the Notifications