നെഹ്‌റു ട്രോഫിക്ക് ഒരുങ്ങി ആലപ്പുഴ; ഇനി 25 ദിവസം മാത്രം, പവലിയന്‍ ശോചനീയാവസ്ഥയിലെന്ന് പരാതി
ആലപ്പഴ: നെഹ്‌റു ട്രോഫി വള്ളം കളിക്ക് ആലപ്പുഴ ഒരുങ്ങി നില്‍ക്കെ നെഹ്‌റു പവലിയന്‍ ശോചനീയാവസ്ഥയിലെന്ന് പരാതി. പവലിയന് എതിര്‍ വശത്തുള്ള ഗാലറി, തെക്കുവശത്തെ തുരുത്ത് എന്നിവിടങ്ങള്‍ ശോചനീയാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്. മേല്‍ക്കൂര ചോര്‍ന്നു തുടങ്ങി. പവലിയനില്‍ പോളയും മാലിന്യവും നിറഞ്ഞിരിക്കുകയാണ്. കൂടാതെ രാത്രിയില്‍ സാമൂഹിക വിരിദ്ധരുടെ താവളമായും ഇവിടെ മാറുന്നു. മലയാള മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗാലറിയിലെ ടൈലുകള്‍ ഇളകിമാറ്റിയിട്ടുണ്ട്. ഹൗസ് ബോട്ടുകളിലെ മാലിന്യം കൂട്ടിയിടാനും ബോട്ട് ഉപയോഗിക്കുന്നുണ്ടെന്ന പരാതിയും ഉയരുന്നുണ്ട്. കാട് വെട്ടിത്തെളിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്നാണ് സംഘാടക സമിതിയിലുള്ളവര്‍ തന്നെ ആവശ്യപ്പെടുന്നത്. അതേസമയം, ഓഗസ്റ്റ് 12ന് നടക്കുന്ന 69-ാമത് നെഹ്‌റു ട്രോഫി വളളംകളിക്ക് മുന്നോടിയായുളള വള്ളങ്ങളുടെ രജിസ്‌ട്രേഷന്‍ ജൂലൈ 19 മുതല്‍ 25 വരെ നടത്തും. ചുണ്ടന്‍ വള്ളങ്ങളിലെ തുഴച്ചില്‍ക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനുള്ള ഫോറം രജിസ്‌ട്രേഷനും സബ് കളക്ടറുടെ ഓഫീസില്‍ നിന്നും വിതരണം ചെയ്യും.

ക്യാപ്റ്റന്‍മാര്‍ ഫോറം പൂരിപ്പിച്ച് ഓഗസ്റ്റ് ഒന്നിനകം ആലപ്പുഴ ബോട്ട് ജെട്ടിക്ക് എതിര്‍ വശത്തുള്ള മിനി സിവില്‍സ്റ്റേഷന്‍ അനക്‌സിന്റെ രണ്ടാം നിലയിലുള്ള ഇറിഗേഷന്‍ ഡിവിഷന്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ എത്തിക്കണമെന്ന് എന്‍.ടി.ബി.ആര്‍. ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മറ്റി കണ്‍വീനറായ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
അതേസമയം, നെഹ്റു ട്രോഫി ജലോത്സവത്തിന് 2,13,80,000 രൂപയാണ് ബജറ്റ്. ബോട്ട് റേസ് കമ്മറ്റിയുടെ ചെയര്‍മാന്‍ കൂടിയായ ജില്ലകളക്ടര്‍ ഹരിത വി.കുമാറിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ കൂടിയ നെഹ്റുട്രോഫി ബോട്ട് റേസ് കമ്മറ്റിയുടെ എക്സിക്യൂട്ടീവ് കമ്മററിയുടെയും തുടര്‍ന്ന് നടന്ന ജനറല്‍ ബോഡിയുടെയും യോഗമാണ് ബജറ്റ് അംഗീകരിച്ചത്.
എ.എം. ആരിഫ് എംപി, എം.എല്‍.എ.മാരായ പി.പി. ചിത്തരഞ്ജന്‍, എച്ച്. സലാം, തോമസ് കെ തോമസ്, എന്‍.ടി.ബി.ആര്‍.സെക്രട്ടറി സബ്കളക്ടര്‍ സൂരജ് ഷാജി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗങ്ങള്‍.
ഈ വര്‍ഷത്തെ പ്രതീക്ഷിത വരവും ചെലവുകളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. 2.13 കോടി രൂപയുടെ പ്രതീക്ഷിത വരവും ചെലവുമുള്ള കണക്കാണ് യോഗത്തില്‍ അവതരിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള ഗ്രാന്റായ ഒരു കോടി രൂപ ഉള്‍പ്പടെയാണ് വരുമാനത്തിന്റെ കണക്ക് അവതരിപ്പിച്ചത്. വിവിധ സബ് കമ്മിറ്റികളുടെ ബജറ്റും യോഗത്തില്‍ അവതരിപ്പിച്ചു.
ബോട്ടുക്ലബ്ബുകള്‍ക്കുള്ള ബോണസും ഉടമകള്‍ക്കുള്ള മെയിന്റനന്‍സ് ഗ്രാന്റും 10 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി പി.പി.ചിത്തരഞ്ജന്‍ എം.എല്‍.എ യോഗത്തില്‍ പറഞ്ഞു. ബോണസായി 80 ലക്ഷം രൂപ, മെയിന്റനന്‍്സ് ഗ്രാന്റായി 15 ലക്ഷം രൂപ, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്മിറ്റിക്ക് 50ലക്ഷം രൂപ, കള്‍ച്ചറല്‍ കമ്മറ്റിക്ക് 7 ലക്ഷം രൂപ, പബ്ലിസിറ്റി കമ്മറ്റിക്ക് 5 ലക്ഷം എന്നിങ്ങനെയാണ് ബജറ്റ് കണക്കാക്കിയിട്ടുള്ളത്.












Click it and Unblock the Notifications