ഓപ്പറേഷന്‍ പി ഹണ്ട്; ആലപ്പുഴയില്‍ 4 കേസുകള്‍, പിടിച്ചെടുത്ത ഫോണുകളില്‍ കുട്ടികളുടെ ദൃശ്യങ്ങള്‍
ആലപ്പുഴ: കുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും ഇന്റെര്‍നെറ്റില്‍ തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരേയും കണ്ടെത്താനായി കേരള പൊലീസ് നടത്തുന്ന ഓപ്പറേഷന്‍ പി ഹണ്ടില്‍ ആലപ്പുഴയിൽ രജിസ്റ്റര്‍ ചെയ്തത് നാല് കേസുകള്‍. പൊലീസ് നടത്തിയ റെയ്ഡിന് പിന്നാലെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം ഒരു വിദഗ്ധസംഘം രൂപീകരിച്ചായിരുന്നു ജില്ലയില്‍ റെയ്ഡ് നടത്തിയത്. 4 മൊബൈല്‍ ഫോണുകള്‍ റെയ്ഡില്‍ പിടിച്ചെടുത്തു. മണ്ണഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2 കേസ്സും, ചേര്‍ത്തല, ആലപ്പുഴ സൗത്ത് എന്നീ പോലീസ് സ്റ്റേഷനുകളില്‍ ഓരോ കേസുകളുമാണ് കണ്ടെത്തിയത്.

കുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും കൈമാറ്റം നടത്തിയെന്ന് സംശയിക്കുന്ന ഉപകരണങ്ങളാണിവ. ഇവയില്‍ പലതിലും അഞ്ച് വയസ്സിനും 16 വയസ്സിനും ഇടയിലുള്ള തദ്ദേശീയരായ കുട്ടികളുടെ ദൃശ്യങ്ങളാണ് ഉള്ളതെന്ന് സംശയിക്കുന്നു. ഈ ഉപകരണങ്ങള്‍ വിദഗ്ധ പരിശോധനക്ക് അയച്ച് ശരിയാണന്ന് തെളിഞ്ഞാല്‍ ഉടമസ്ഥര്‍ക്കെതിരെ ഐ ടി ആക്ട് പ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കും.
ജില്ലയില്‍ എല്ലാ സ്റ്റേഷന്‍ പരിധിയിലും കഴിഞ്ഞ ദിവസം രാവിലെ 7 മണിമുതലായിരുന്നു റെയ്ഡ്. സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദിന്റെ നേതൃത്വത്തില്‍ സൈബര്‍സെല്ലിലെ ഉദ്യോഗസ്ഥരായ ബിനുജോസഫ്, അഫ്‌സല്‍മോന്‍, സുബാഷ് ചന്ദ്രബോസ്, ശ്രീലാല്‍ എന്നിവര്‍ അതാതു പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് റെയിഡ് ഏകോപിപ്പിച്ചു.
നിലവിലെ നിയമപ്രകാരം കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ കാണുന്നതും ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും അഞ്ച് വര്‍ഷം വരെ തടവും പത്ത് ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികളെയും, ഗ്രൂപ്പുകളെയും പറ്റി വിവരം കിട്ടുന്നവര്‍ എത്രയും വേഗം ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ (ഫോണ്‍- 0477-2230804) അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications