ഒരു സംശയവും വേണ്ട, സർവേ കല്ല് ഊരിയാൽ വിവരമറിയും ; ഭീഷണിയുടെ സ്വരത്തിൽ സജി ചെറിയാൻ
ആലപ്പുഴ: കെ റെയിൽ കല്ലിടലുമായി നടക്കുന്ന പ്രതിഷേധങ്ങളെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ. തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ആളുകളെ ഇറക്കിവിടുകയാണ് ചെയ്യുന്നതെന്നും ഇത്തരത്തിൽ ഒരു സംഭവമാണ് ചെങ്ങന്നൂരിൽ കണ്ടതെന്നും സജി ചെറിയാൻ ആരോപിച്ചു. സർവ്വേ കല്ല് പിഴുതു മാറ്റിയാൽ വിവരമറിയുമെന്നും അക്കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളുടെ വൈകാരിക പ്രതികരണം മനസിലാകും. സ്ഥലവും വീടും നഷ്‌ടപ്പെടുന്നവർക്കായി നല്ല ഒന്നാന്തരം നഷ്‌ടപരിഹാരം ഉണ്ടെന്നും എല്ലാം വ്യക്തമായി പറയുന്നുമുണ്ടെന്നും മന്ത്രി പറയുന്നു. വിഷയത്തിൽ കോൺഗ്രസും ബിജെപിയും ഒപ്പം തീവ്രവാദ സംഘടനകളുമാണ് സമരരംഗത്തുള്ളത്. സിൽവർ ലൈൻ കേരളത്തിന്‍റെ ഭാവിക്ക് വേണ്ടിയുള്ള പദ്ധതിയാണ്. ഇന്ത്യയിലെ തന്നെ മറ്റ് 11 സംസ്ഥാനങ്ങൾ സിൽവർ ലൈനിന് സമാനമായ രീതിയിലുള്ള പദ്ധതികൾ ആരംഭിച്ചെന്നും ബിജെപിയും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും പദ്ധതി നടപ്പിലാക്കുകയാണെന്നും മന്ത്രി പറഞ്ഞു.

പിണറായി വിജയൻ സർക്കാർ പറഞ്ഞ വാക്ക് പാലിക്കുന്നവരാണ്. അതിനാൽ തന്നെ പദ്ധതി നടപ്പാക്കും. ബഫർസോൺ ഒരു മീറ്റർ പോലുമില്ലെന്നും വീടുകൾ കയറിയിറങ്ങി ജനങ്ങളെ സത്യാവസ്ഥ പറഞ്ഞ് മനസിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി നടപ്പിലായാൽ ഇപ്പോൾ സമരം ചെയ്യുന്ന വീട്ടുകാർ പോലും സർക്കാരിന് പിന്തുണയുമായെത്തുമെന്നും പദ്ധതി നടപ്പിലായാൽ ചെങ്ങന്നൂർ മെട്രോപൊളിറ്റൻ സിറ്റായാകുമെന്നും മന്ത്രി പറയുന്നു.

സമരത്തെ പൊലീസ് ഒരിടത്തും അടിച്ചമർത്തുന്നില്ല. ബോധപൂർവം കലാപമുണ്ടാക്കി വികസന പദ്ധതി തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണ്. ഈ പദ്ധതി നടപ്പാക്കിയാൽ പിന്നെ കോൺഗ്രസ് ഒരിക്കലും നിലം തൊടില്ല. ഇപ്പോൾ നടക്കുന്നത് അന്യായമായ സമരം ആണ്. കലാപത്തിനുള്ള ശ്രമമാണിത്. ഇവിടെ വികസനമാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

ചങ്ങനാശ്ശേരിയിലെ മാടപ്പള്ളിയിൽ സിൽവർ ലൈൻ കല്ലിടലിനെതിരെ പ്രതിഷേധം നടത്തിയവർക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിരുന്നു. സ്‌ത്രീകൾ ഉൾപ്പടെയുള്ള പ്രതിഷേധക്കാരെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചാണ് വാഹനത്തിൽ കയറ്റിയത്. തുടർന്ന് സമരക്കാരെ പൂർണമായും നീക്കിയതിന് ശേഷമാണ് കല്ലിടൽ നടത്തിയത്. മാടപ്പള്ളി മുണ്ടുകുഴിയില്‍ സര്‍വേ കല്ലിടാന്‍ എത്തിയ സംഘത്തിനെതിരെ നാട്ടുകാരുടെയും സമര സമിതിയുടെയും നേതൃത്വത്തില്‍ മനുഷ്യശൃംഖല തീര്‍ത്താണ് രാവിലെ മുതൽ പ്രതിഷേധം ആരംഭിച്ചത്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിൽ കോൺഗ്രസും ബിജെപിയും സമരസമിതിയും ഹർത്താലിന് ആഹ്വാനം ചെയ്‌തിരുന്നു.












Click it and Unblock the Notifications