കണ്ണുരുട്ടി പിണറായി വിജയന്‍; ആലപ്പുഴയില്‍ ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളാകേണ്ടെന്ന്
ആലപ്പുഴ: 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒമ്പതില്‍ എട്ട് മണ്ഡലങ്ങളിലും ഇടതുപക്ഷം വിജയിച്ച ജില്ല ആയിരുന്നു ആലപ്പുഴ. പിന്നീട് അരൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലം യുഡിഎഫിനൊപ്പം പോയി. എങ്കില്‍ പോലും തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫിന് ആണ് ഭൂരിപക്ഷം.
എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളില്‍ മാത്രം ജയസാധ്യതയിലേക്ക് ചുരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്ത് വന്നു. ഇതേ തുടര്‍ന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പിണറായി വിജയന്‍ തന്നെ പങ്കെടുത്ത് തകര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. വിശദാംശങ്ങള്‍ നോക്കാം...

മൂന്നിടത്ത് മാത്രം?
ജില്ലയില്‍ സിപിഎമ്മിന് മൂന്നിടത്ത് മാത്രം വിജയ സാധ്യത എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല എന്നിവിടങ്ങളിലാണ് വിജയ സാധ്യത ഉറപ്പിച്ചിട്ടുള്ളത്. മറ്റ് മണ്ഡലങ്ങളില്‍ സ്ഥിതി സുരക്ഷിതമല്ലെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.

വിഭാഗീയത
സിപിഎം വിഭാഗീയതയുടെ കൂത്തരങ്ങായിരുന്നു ഒരിക്കല്‍ ആലപ്പുഴ ജില്ല. മാരാരിക്കുളത്ത് വിഎസ് അച്യുതാനന്ദനെ അട്ടിമറിച്ചതും വിഭാഗീയത തന്നെ ആയിരുന്നു. പിന്നീട് സിപിഎമ്മില്‍ വിഭാഗീയത ഏറെക്കുറേ ഇല്ലാതായതോടെ ആലപ്പുഴ ജില്ലയും ചര്‍ച്ചകളില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. എന്നാല്‍ ഇപ്പോള്‍, ജില്ലയില്‍ വിഭാഗീയത രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികള്‍ വേണ്ട
ജില്ലയില്‍ ആരും തന്നെ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികള്‍ ആകേണ്ടതില്ലെന്ന കര്‍ശന താക്കീതാണ് പിണറായി വിജയന്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ സംസ്ഥാന നേതൃത്വം തൂരുമാനിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

സ്വന്തം നിലയ്ക്ക് തീരുമാനിക്കണ്ട
ജില്ലയില്‍ ഒരു നേതാവും ഒറ്റയ്ക്ക് തീരുമാനങ്ങള്‍ എടുത്ത് നടപ്പിലാക്കരുത് എന്ന് കര്‍ശന നിര്‍ദ്ദേശവും പിണറായി വിജയന്‍ നല്‍കിയിട്ടുണ്ട്. ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ച് മാത്രമേ പരിപാടികള്‍ സംഘടിപ്പിക്കാവൂ എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ജില്ലാ നേതൃത്വത്തിന്റെ വീഴ്ച
ഉപതിരഞ്ഞെടുപ്പില്‍ അരൂര്‍ മണ്ഡലം നഷ്ടപ്പെട്ട സംഭവത്തിലും രൂക്ഷ വിമര്‍ശനമാണ് പിണറായി വിജയന്‍ ഉന്നയിച്ചത് എന്നാണ് വിവരം. പരാജയം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നെങ്കിലും, അതിന്റെ അടിസ്ഥാനത്തില്‍ തിരുത്തലുകള്‍ നടന്നിട്ടില്ല എന്നാണ് വിമര്‍ശനം.

ബിജെപി വളരുന്നു
ജില്ലയില്‍ മാവേലിക്കര, ചെങ്ങന്നൂര്‍ മേഖലകളില്‍ ബിജെപി വലിയ വളര്‍ച്ച നേടുന്നുണ്ട് എന്നും പിണറായി വിജയന്‍ വിലയിരുത്തി. ഇതിനെ ഗൗരവത്തോടെ കാണണം എന്ന് നിര്‍ദ്ദേശ നല്‍കിയിട്ടുണ്ട്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭവനസന്ദര്‍ശന പരിപാടികള്‍ നടത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നേരിട്ടുള്ള ഇടപെടല്‍
ഏറെ ഗൗരവം അര്‍ഹിക്കുന്നതിനാല്‍ ആണ് പിണറായി വിജയന്‍ തന്നെ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്തത് എന്നാണ് വിവരം. മൂന്ന് മണിക്കൂറോളം അദ്ദേഹം യോഗത്തില്‍ പങ്കെടുത്തു. കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.

ഒമ്പത് മണ്ഡലങ്ങള്‍
ആലപ്പുഴ ജില്ലയില്‍ ഒമ്പത് നിയമസഭാ മണ്ഡലങ്ങള്‍ ആണുള്ളത്. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നിവയാണത്. ഇതില്‍ ആറെണ്ണത്തില്‍ ആയിരുന്നു 2016 ല്‍ സിപിഎം വിജയിച്ചത്. അതിലെ അരൂര്‍ മണ്ഡലം ആണ് ഉപതിരഞ്ഞെടുപ്പില്‍ നഷ്ടമായത്.

ഹരിപ്പാട് ഉള്‍പ്പെടെ
തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം ആലപ്പുഴ ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിലും എല്‍ഡിഎഫിനാണ് ഭൂരിപക്ഷം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് ഉള്‍പ്പെടെയാണ് ഇത് എന്ന് ഓര്‍ക്കണം. അത്രയും അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും പാര്‍ട്ടിയിലെ വിഭാഗീയത അത് കളഞ്ഞുകുളിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.












Click it and Unblock the Notifications