യുവാവിനെ മർദ്ദിച്ച് ബീഫ് ഫ്രൈ തട്ടിപ്പറിച്ചു: കാറില്‍ കടന്നു കളഞ്ഞ പ്രതികള്‍ ആലപ്പുഴയില്‍ പിടിയില്‍
ഹരിപ്പാട്: ബീഫ് കയ്യില്‍വെച്ചെന്ന് ആരോപണത്തെ തുടർന്ന് ക്രൂരമായ കൊലപാതകങ്ങള്‍ വരെ നടന്ന നാടാണ് ഇന്ത്യ. ഇന്നും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബീഫ് വലിയ വിവാദ വിഷയമാണ്. കഴിഞ്ഞ ദിവസം മുതിർന്ന ആർ എസ് എസ് കാര്യവാഹക് ജെ നന്ദകുമാർ തന്നെ രംഗത്ത് എത്തുകയും ചെയ്തു. മാംസാഹാര ഭക്ഷണം നിഷിദ്ധമല്ലെന്നും രാജ്യത്ത് നിരോധിക്കാനാവില്ലെന്നും എന്നാൽ ബീഫ് ഒഴിവാക്കണമെന്നുമാണ് തന്റ വ്യക്തിപരമായ അഭിപ്രായം എന്നായിരുന്നു നന്ദകുമാർ പറഞ്ഞത്.
ബീഫ് കഴിക്കാമോ, ഇല്ലയോ എന്ന വിവാദം രാജ്യത്ത് ഇത്തരത്തില്‍ സജീവ ചർച്ചാ വിഷയമായി തന്നെ നില്‍ക്കുന്ന സമയത്താണ് ആലപ്പുഴയില്‍ നിന്നും ബീഫുമായി ബന്ധപ്പെട്ട ഒരു വ്യത്യസ്ത വാർത്ത വരുന്നത്. ബീഫ് കഴിച്ചതിനോ, ബീഫ് കഴിച്ചവരെ അക്രമിച്ചതിനോ അല്ല, യുവാവിനെ അക്രമിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്ത സംഭവത്തില്‍ രണ്ടുപേർ പിടിയിലായെന്നാണ് ആ വാർത്ത.

ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. യുവാവിനെ ആക്രമിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്ത കേസിൽ പ്രതികളായ രണ്ടുപേരെ പൊലീസ് പിടികൂടുകയായിരുന്നു. കാർത്തികപ്പള്ളി വിഷ്ണുഭവനം വിഷ്ണു (29), പിലാപ്പുഴ വലിയതെക്കതിൽ ആദർശ് (30) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കാർത്തികപ്പള്ളി പുതുക്കുണ്ടം എരുമപ്പുറത്ത് കിഴക്കതിൽ വിഷ്ണു(26)വിനാണ് യുവാക്കളുടെ മർദനമേറ്റത്.

സെപ്റ്റംബർ രണ്ടിന് വൈകീട്ട് 3.30-ഓടെ ദേശീയപാതയിൽ വെട്ടുവേനി ജങ്ഷനിലെ തട്ടുകടയ്ക്ക് സമീപത്ത് വെച്ചാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തട്ടുകടയില്‍ നിന്നും ബീഫ് ഫ്രൈ വാങ്ങനെത്തിയതായിരുന്നു വിഷ്ണു. ഭക്ഷണം വാങ്ങി ബൈക്കില്‍ വീട്ടിലേക്ക് പോകാനിരുന്ന വിഷ്ണുവിനെ കാറിലെത്തിയ പ്രതികള്‍ തടഞ്ഞ് നിർത്തി പണം ആവശ്യപ്പെടുകയായിരുന്നു.

പണമില്ലെന്ന് പറഞ്ഞപ്പോൾ കൈവശമുണ്ടായിരുന്ന ബീഫ് ഫ്രൈ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനെ എതിർത്തപ്പോഴാണ് പ്രതികൾ വിഷ്ണുവിനെ മർദ്ദിച്ചത്. മർദ്ദനത്തിന് ശേഷം പ്രതികള്‍ ബീഫ് ഫ്രൈ പിടിച്ചുവാങ്ങി കാറില്‍ കയറിപ്പോവുകയും ചെയ്തു. മർദ്ദനത്തില്‍ പരിക്കേറ്റ വിഷ്ണു ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതിന് ശേഷം പൊലീസില്‍ പരാതി നല്‍കി.

ഹരിപ്പാട് സ്റ്റേഷൻ ഹൗസ് ഓഫീസർ വി.എസ്. ശ്യാംകുമാറിന്റെ മേൽനോട്ടത്തിലെ പ്രത്യേക സംഘമാണ് വിശദമായ അന്വേഷണത്തിനൊടുവില്‍ പ്രതികളെ പിടികൂടിയത്. പിടിയിലായവർ നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ. ഗിരീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ നൗഷാദ്, സിവിൽ പോലീസ് ഓഫീസർ എ. നിഷാദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.












Click it and Unblock the Notifications