വ്യാജരേഖയുണ്ടാക്കി വിദേശത്തേക്ക് റിക്രൂട്ട്‌മെന്റ്; വന്‍ സംഘം ആലപ്പുഴയില്‍ അറസ്റ്റില്‍

കായംകുളം: പൊതുമേഖല ബാങ്കുകളുടെയും കോടതികളുടെയും പേരില്‍ വ്യാജ സീലുകളും രേഖകളും നിര്‍മ്മിച്ച് വിദേശത്ത് റിക്രൂട്ട്‌മെന്റ് നടത്തുന്ന സംഘം ആലപ്പുഴയില്‍ അറസ്റ്റില്‍. ഇതിന് പിന്നില്‍ വന്‍ സംഘമാണെന്ന് പൊലീസ് അറിയിച്ചു. കരീലകുളങ്ങര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കീരിക്കാട് വില്ലേജില്‍ രാമപുരം മുറിയില്‍ പത്തിയൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വന്ന സില്‍വര്‍ സ്വാന്‍ എച്ച് ആര്‍ മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയതിനെ തുടര്‍ന്നാണ് സംഘത്തെ കുറിച്ചുളള വിവരം ലഭിച്ചത്.
ഇവിടെ നിന്ന് 160 ഓളം കോടതികളുടെയും ബാങ്കുകളുടെയും ആശുപത്രികളുടെയും ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളുടെയും ഡോക്ടര്‍മാര്‍, മാനേജര്‍മാര്‍, ചാര്‍ട്രഡ് അക്കൗണ്ടന്റ്‌സ് തുടങ്ങിയവരുടെ ഉള്‍പ്പെടെയുള്ളവരുടെ സീലുകളും വിദേശത്തേക്ക് പോകുന്നതിനു എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കുന്നതിനു ആവശ്യമായ വ്യാജ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകളും വിവിധ സ്ഥാപനങ്ങളുടെ കൃത്രിമമായി തയ്യാറാക്കിയ ലെറ്റര്‍ ഹെഡും എന്‍ ഒ സി സര്‍ട്ടിഫിക്കറ്റും വ്യാജ രേഖകള്‍ തയ്യാറാക്കുന്നതിനായി ഉപയോഗിച്ച 10 മൊബൈല്‍ ഫോണുകളും 3 ഡെസ്‌ക് ടോപ്പുകളും മൂന്ന് ലാപ്‌ടോപ്പുകളും ഉള്‍പ്പെടെ 6 കമ്പ്യൂട്ടറുകളും കണ്ടെടുത്തു.
വിദേശത്തേക്ക് വ്യാജ റിക്രൂട്ട്‌മെന്റ് നടത്തിയതിന്റെ രേഖകള്‍ കണ്ടെടുക്കുകയും ചെയ്തതിനെ തുടര്‍ന്ന് സ്ഥാപനത്തിന്റെ ഉടമയായ അമ്പലപ്പുഴ താലൂക്കില്‍ കടപ്പുറം പടിഞ്ഞാറെ വില്ലേജില്‍ ആലിശ്ശേരി മുറിയില്‍ പാര്‍വതി സദനം വീട്ടില്‍ രഞ്ജിത്തിനെയും ഇയാളുടെ ഡ്രൈവര്‍ ആയ കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഹരിപ്പാട് വില്ലേജില്‍ പിലാപ്പുഴ മുറിയില്‍ ലക്ഷ്മി നിവാസില്‍ ശ്രീരഞ്ജിത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ ഐ പി എസിന്റെ നിര്‍ദ്ദേശനുസരണം കായംകുളം ഡി വൈ എസ് പി അജയ്‌നാദ്. ജി യുടെ മേല്‍നോട്ടത്തില്‍ കരീലകുളങ്ങര പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ സുനുമോന്‍, എസ് ഐ രാജീവ്, എ എസ് ഐ ശ്രീകുമാര്‍, എസ് സി പി ഒമാരായ അനി, അനില്‍, പ്രസാദ്, വിനീഷ്, സി പി ഒമാരായ അരുണ്‍, അനീസ്, രതീഷ് എന്നിവര്‍ ചേര്‍ന്നാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.
സൈബര്‍സെല്ലിന്റെ സഹായത്തോടുകൂടി അതീവ രഹസ്യമായും അതിവിധഗ്ദമായും വിവരങ്ങള്‍ ശേഖരിച്ചു അപ്രതീക്ഷിതമായി സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയത്. വ്യാജ സീലുകളും വ്യാജരേഖകളും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കോടതി മുമ്പാകെ ഹാജരാക്കി ഡിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications