അയോധ്യ ക്ഷേത്രത്തിന് ഫണ്ട് പിരിച്ച് ആര്‍എസ്എസ്; ഉദ്ഘാടനം ചെയ്ത് കോണ്‍ഗ്രസ് നേതാവ്, വിവാദം
ആലപ്പുഴ: ആര്‍എസ്എസ് നേതൃത്വത്തില്‍ നടക്കുന്ന അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്തത് കോണ്‍ഗ്രസ് നേതാവ്. ചേര്‍ത്തലയിലെ പള്ളിപ്പുറം കടവില്‍ മഹാലക്ഷ്മി ക്ഷേത്രത്തിലായിരുന്നു പരിപാടി. ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് ടിജി രഘുനാഥ പിള്ളയാണ് ആര്‍എസ്എസ് പരിപാടി ഉദ്ഘാടനം ചെയ്തത്. അയോധ്യയിലെ രാമ ക്ഷേത്രനിര്‍മാണത്തിനുള്ള ഫണ്ട് അമ്പലത്തിലെ പൂജാരിക്ക് നല്‍കി കൊണ്ടായിരുന്നു ഉദ്ഘാടനം. ഞായറാഴ്ച നടന്ന ഈ പരിപാടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വിവാദവും കൊഴുത്തു. ആര്‍എസ്എസും കോണ്‍ഗ്രസും ഒറ്റക്കെട്ടാണ് എന്ന നിലയിലാണ് പ്രചാരണം.

എന്നാല്‍ രഘുനാഥ പിള്ള പറയുന്നത് മറ്റൊന്നാണ്. ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്തത് ശരിയാണെന്നും മഹാലക്ഷ്മി ക്ഷേത്രത്തിന്റെ പ്രസിഡന്റ് എന്ന നിലയിലാണ് താന്‍ പങ്കെടുത്തതെന്നും അദ്ദേഹം പറയുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമാണ് തനിക്കെതിരായ പ്രചാരണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. ഇതിന് പിന്നാലെ രഘുനാഥ പിള്ളക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.
അയോധ്യയിലെ തര്‍ക്ക ഭൂമി 2019 നവംബറിലാണ് രാമക്ഷേത്ര നിര്‍മാണത്തിന് സുപ്രീംകോടതി വിട്ടുകൊടുത്തത്. ശേഷം ഒരു ട്രസ്റ്റ് രൂപീകരിച്ച് ക്ഷേത്രം നിര്‍മിക്കാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സംഘപരിവാര്‍ സംഘടനകള്‍ രാജ്യവ്യാപകമായി രാമക്ഷേത്ര നിര്‍മാണത്തിന് ഫണ്ട് പിരിവ് നടത്തുന്നുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ഒരു ലക്ഷം രൂപയാണ് സംഭാവന നല്‍കിയത്. പലയിടത്തും ഫണ്ട് പിരിവുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികള്‍ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.












Click it and Unblock the Notifications