'തെമ്മാടിത്തരം കാണിക്കരുത്. താൻ ആരാണ്?';പോലീസിനോട് അസഭ്യം; കൊടിക്കുന്നിൽ സുരേഷിനെതിരെ കേസ്
ആലപ്പുഴ: കെ. റെയിൽ പ്രതിഷേധത്തിനിടെ പോലീസുകാരെ അസഭ്യം പറഞ്ഞ് കൊടിക്കുന്നിൽ സുരേഷ് എംപി. സംഭവത്തിന് പിന്നാലെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ചുമത്തി. പോലീസ് ഉദ്യോഗസ്ഥരോട് അസഭ്യം പറഞ്ഞു, ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി എന്നീ കാരണങ്ങളിലാണ് കേസ് എടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നിരുന്നത്. ചെങ്ങന്നൂരിൽ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സർവേ നടക്കുന്നുണ്ട്. പിന്നാലെ, പദ്ധതിയുടെ തറക്കല്ലിടാൻ എത്തിയവർക്ക് നേരം പ്രദേശ വാസികൾ തിരിഞ്ഞു.

കൊടിക്കുന്നിൽ സുരേഷും പ്രദേശ വാസികളും ഒരുമിച്ചായിരുന്നു സിൽവർ ലൈനിന് എതിരെ പ്രതിഷേധിച്ചത്. ഇതിനിടെ ആയിരുന്നു കൊടിക്കുന്നിൽ സുരേഷ് പൊലീസ് ഉദ്യോഗസ്ഥരോട് അസഭ്യം പറഞ്ഞത്. പോലീസ് ഉദ്യോഗസ്ഥരോട് രോഷാകുലനായി പ്രതികരിക്കുകയായിരുന്നു എംപി.
പോലീസ് പ്രതിഷേധക്കാർക്ക് നേരെ ക്രൂരമായ തരത്തിൽ ഇടപെട്ടു. പോലീസിന്റെ ഇടപെടലിനോട് നാടൻ ഭാഷയിൽ സംസാരിക്കേണ്ടി വന്നു എന്നായിരുന്നു എംപിയുടെ പ്രതികരണം. എന്നാൽ, ഏൽപ്പിച്ച ജോലി പൂർത്തിയാക്കാതെ മടങ്ങില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇതിന് പിന്നാലെ വീണ്ടും എംപി പ്രതികരിക്കുകയായിരുന്നു.
കൊടിക്കുന്നിൽ സുരേഷിന്റെ വാക്കുകൾ ; -
'തെമ്മാടിത്തരം കാണിക്കരുത്. താൻ ആരാണ്?. ഒരു ഇൻസ്പെക്ടർ. തന്നെക്കാളും വലിയ ആൾ ആണെടോ ഞാൻ. ഇവിടത്തെ ജന പ്രതിനിധിയാണ്. നിങ്ങൾ മടങ്ങിപ്പോകണം. ജനങ്ങൾ ഇവിടെ രോഷാകുലർ ആണ്. ഇപ്പോൾ ഇവിടെ ഇടപെടരുത്. പൊലീസ് സംഘർഷം ഉണ്ടാകരുത്. ഇവിടെ വെടിവെപ്പ് നടത്തേണ്ടിവരും. പലരുടെയും മൃതദേഹങ്ങൾ ഇവിടെ കാണേണ്ടി വരും.
വേണ്ട രീതിയിലുള്ള ചർച്ചകൾ നമുക്ക് ചെയ്യാം. ഡി വൈ എസ്പിയോ, എസ്പിയോ, കളക്ടറോ ആരോ വരട്ടെ. ചർച്ചയിലൂടെ മാത്രമേ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയൂ. ഇതാണോ മര്യാദ. ഇതാണോ ജനാധിപത്യം. ഏത് ഗവൺമെൻറ് ആണ് നിങ്ങളെ ചുമതലപ്പെടുത്തിയത്. ഞാൻ ഈ ജനങ്ങളുടെ പ്രതിനിധിയാണ്. ഉത്തരവാദിത്തപ്പെട്ട വ്യക്തിയാണ്.' - കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു.
അതേസമയം, പ്രശ്നങ്ങൾക്ക് പിന്നാലെ കൊടിക്കുന്നിൽ സുരേഷിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച് തുടങ്ങിയിരുന്നു. കെ റെയിൽ കല്ലിടലിനെതിരെ തുടർച്ചയായ മൂന്നാം ദിവസവും മുളക്കുഴ മേഖലയിൽ പ്രതിഷേധം നടക്കുന്നത്. ബി ജെ പി ആലപ്പുഴ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിലും സർവ്വേ കല്ലിടുന്നത് തടഞ്ഞിരുന്നു.












Click it and Unblock the Notifications