‘എടുക്കെടാ’ എന്ന് വിപിന്റെ അലർച്ച, ബക്കറ്റുമായി ഓടി; ആ കുഞ്ഞ് ജീവന്റെ തുടിപ്പ് കാത്തത് ഈ പോലീസുകാർ
ചെങ്ങന്നൂർ: പ്രസവിച്ചയുടൻ അമ്മ ബാത്തറൂമിൽ ഉപേക്ഷിച്ച കുഞ്ഞിന്റെ ജീവൻ തിരിച്ചുപിടിച്ചത് കേരള പോലീസിന്റെ കൃത്യമായ ഇടപെടൽ മൂലമായിരുന്നു. കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ കുഞ്ഞിനെ അമ്മ ഉപേക്ഷിച്ചിട്ട് ബക്കറ്റുമായി ഓടുന്ന പോലീസുകാരന്റെ വീഡിയോ വൈറൽ ആയിരുന്നു. കുഞ്ഞിനെ ഒരു നിമിഷം പോലും കളയാതെ ആശുപത്രിയിലെത്തിച്ച പോലീസുകാർക്ക് ഹൃദയത്തിൽ നിന്ന് സല്യൂട്ട് അടിക്കുകയാണ് സോഷ്യൽമീഡിയ.
ഇന്നലെ രാവിലെ 9.03നാണ് അങ്ങാടിക്കലിലെ സ്വകാര്യാശുപത്രിയിൽ നിന്ന് പൊലീസ് സ്റ്റേഷനിലേക്ക് ഒരുി ഫോൺ വരുന്നത്. യുവതി അമിതരക്തസ്രാവത്തിന് ചികിത്സ തേടിയെത്തിയെന്നും സംഭവത്തിൽ അസ്വാഭാവികത ഉണ്ടെന്നുമായിരുന്നു പറഞ്ഞത്. എസ്എച്ച്ഒ എ.സി.വിപിനും എസ്ഐ എം.സി.അഭിലാഷും എസ്ഐ ഡി.അജിത്ത് ഖാൻ, സിപിഒ: സി.ഹരീഷ് കുമാർ എന്നിവരും കോടതിയിലേക്കു പോകാൻ ഇറങ്ങുകയായിരുന്നു എന്നാൽ ഫോൺ വന്നതിന് തൊട്ടുപിന്നാലെ തന്നെ ആശുപത്രിയലേക്ക് പോയി.യുവതിയുടെ അമ്മയെ ചോദ്യം ചെയ്തു.

pc: Facebook
ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഇവരെ ആശുപത്രിയിലെത്തിച്ച ഓട്ടോഡ്രൈവറെ ഫോണിൽ വിളിച്ച് ആറന്മുള കോട്ടയിലെ വീട് അന്വേഷിച്ചു. വിവരം സിപിഒ: ജിജോ സാമിനു കൈമാറി. ജിജോ ബൈക്കിലും പിന്നാലെ പൊലീസ് സംഘം ജീപ്പിലും കോട്ടയിലേക്കു തിരിച്ചു. വീട് പൂട്ടിയിരുന്നു. എസ്ഐ: അഭിലാഷ് വീടിനു പുറത്തെ കുളിമുറി പരിശോധിച്ചു. ''ഒരു ബക്കറ്റിൽ മുഷിഞ്ഞ തുണികളാണ് കണ്ടത്. മറ്റൊരു ബക്കറ്റിലും തുണികൾ കണ്ടു. തുണി അൽപം മാറ്റി നോക്കിയപ്പോഴാണു ചോരക്കുഞ്ഞിനെ കണ്ടത്. നേരിയ ഞരക്കം കേട്ടു. 'എടുക്കെടാ...'എന്ന് വിപിന്റെ അലർച്ച കേട്ടതും ബക്കറ്റുമായി ജീപ്പിലേക്ക് ഒരോട്ടമായിരുന്നു.
കുഞ്ഞിനെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അപകടനില തരണം ചെയ്തെന്നു കേട്ടപ്പോഴാണ് എല്ലാവർക്കും ആശ്വാസമായത്' - അഭിലാഷ് പറഞ്ഞു. ബക്കറ്റിൽ കുഞ്ഞുമായി അഭിലാഷ് ഓടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
അതേസമയം, കോട്ടയിൽ അമ്മ ബക്കറ്റിൽ ഉപേക്ഷിച്ചതിനെ തുടർന്ന് പൊലീസ് രക്ഷപ്പെടുത്തി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച നവജാതശിശുവിനെ പരിചരിക്കാൻ വനിതാ ശിശു വികസന വകുപ്പ് കെയർ ഗിവറെ നിയോഗിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. രക്ഷിക്കാൻ പ്രയത്നിച്ച പൊലീസിനെയും പൊലീസിനെ സമയോചിതമായി വിവരം അറിയിച്ച ചെങ്ങന്നൂരിലെ നഴ്‌സിങ് ഹോമിലെ ഡോക്ടറെയും മന്ത്രി അഭിനന്ദിച്ചു.
യുവതി ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചണ വിഭാഗത്തിൽ ചികിത്സയിലാണ്. ഭർത്താവുമായി പിണങ്ങി യുവതി അമ്മയ്‌ക്കും മൂത്തമകനുമൊപ്പം വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. കുഞ്ഞിനെ ഉപേക്ഷിച്ചതിന് ആറന്മുള പൊലീസ് യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്. കുട്ടിക്ക് സംരക്ഷണം നൽകുന്നതിന് പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകിയതായും കുട്ടിക്ക് കൂടുതൽ പരിചരണവും ചികിത്സയും നൽകുന്നതിനായാണ് തണൽ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയതെന്നും ആറന്മുള എസ്എച്ച്ഒ സി.കെ.മനോജ് പറഞ്ഞു












Click it and Unblock the Notifications