സിസിടിവി, മ്യൂസിക് സിസ്റ്റം; സ്വകാര്യ ബസുകള്‍ നാണിച്ചു പോകും ഈ 'മൊഞ്ചത്തിക്ക്' മുന്നില്‍
ആലപ്പുഴ: ആലപ്പുഴ- കരുനാഗപ്പള്ളി റൂട്ടിലോടുന്ന ആര്‍ എസ് എ 220 എന്ന കെ എസ് ആര്‍ ടി സി ബസ് കണ്ടാല്‍ ആരായാലും ഒന്നു നോക്കിപ്പോകും. കാരണം അത്രയ്ക്കുണ്ട് ആ ബസ് കാണാന്‍. ഈ ബസിന് മുന്നിലൂടെ പോകുന്ന സ്വകാര്യ ബസ് പോലും ഒന്ന് നാണിച്ചു പോകും. സി സി ടി വി ക്യാമറകള്‍, എല്‍ ഇ ഡി ഡിസ്‌പ്ലേ, മുന്നില്‍ പൂ മാല. പല ഭാഗത്തായുള്ള ഇമോജികള്‍, അങ്ങനെ അങ്ങനെ ഒരുപാട് ഉണ്ട് ഈ ബസില്‍. ആദ്യമായി ഈ ബസില്‍ കയറുന്നവര്‍ കെ എസ് ആര്‍ ടി സി തന്നെയാണോ ഇതെന്ന് അത്ഭുതത്തോടെ നോക്കും.

ഈ കെ എസ് ആര്‍ ടി സി ബസിനെ സര്‍ക്കാര്‍ ചെലവിലാണ് ഇങ്ങനെ മൊഞ്ചാക്കിയതെന്ന് നിങ്ങള്‍ കരുതുന്നെങ്കില്‍ തെറ്റി. ദമ്പതിമാരായ ഡ്രൈവറും കണ്ടക്ടറുമാണ് ഈ ബസിന്റെ അഴകിന് പിന്നില്‍. ഡ്രൈവര്‍ ഗിരിയും കണ്ടക്ടര്‍ താരയും ഹരിപ്പാട് ഡിപ്പോയിലെ ജീവനക്കാരാണ്. 20 വര്‍ഷത്തെ പ്രണയത്തിന്റെ ഒന്നാകലിന്റെയും ഒന്നിച്ചു ജോലി ചെയ്യാന്‍ കഴിയുന്നതിന്റെയും അടയാളം കൂടിയാണ് ഈ കെ എസ് ആര്‍ ടി സി ബസ്.

സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരായ ഗിരിയും താരയും 2000 മുതല്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടികാരുടെ എതിര്‍പ്പ് കാരണം വിവാഹം നീണ്ടുപോയി. 2007ല്‍ ആണ് ഗിരിക്ക് കെ എസ് ആര്‍ ടി സിയില്‍ ജോലി ലഭിക്കുന്നത്. പിന്നാലെ തന്നെ താരയ്ക്കും ഇതേ ഡിപ്പോയില്‍ ജോലി കിട്ടി. ഒടുവിവല്‍ രണ്ട് പേര്‍ക്കും ഓരേ ബസില്‍ ജോലി ചെയ്യാനുള്ള അവസരം ലഭിച്ചു. തുടര്‍ന്ന് പത്ത് വര്‍ഷത്തോലം ഓരേ ബസില്‍ ഒരുമിച്ച് ജോലി ചെയ്തതിന് ശേഷം 2020ല്‍ ആണ് ഇരുവരും വിവാഹിതരാകുന്നത്.

പ്രണയച്ചിരുന്ന സമയത്ത് ഒന്നിച്ചുള്ള സന്തോഷത്തിന് വേണ്ടിയാണ് ബസ് അലങ്കരിച്ച് തുടങ്ങിയതെന്ന് ഇവര്‍ പറയുന്നു. വിവാഹം കഴിഞ്ഞിട്ടും അത് മുടങ്ങിയില്ല. മൊഞ്ചത്തി എന്ന് വിളിപ്പേരില്‍ അറിയപ്പെടുന്ന ഈ ബസില്‍ മൂന്നാമത്തെ വര്‍ഷമാണ് രണ്ട് പേരും ജോലി ചെയ്യുന്നത്. രാവിലെ അഞ്ചരയ്ക്കാണ് ഹരിപ്പാട് നിന്ന് ബസിന്റെ ആദ്യത്തെ ട്രിപ്പ്. രണ്ട് മണിയോടെ ഡിപ്പോയില്‍ എത്തുന്ന ഇരുവരും രണ്ട് മണിക്കൂറോളം എടുത്ത് ബസ് കഴുകി വൃത്തിയാക്കും.

രാത്രി എട്ടരയ്ക്കാണ് ബസിന് ട്രിപ്പ് അവസാനിപ്പിക്കുക. ഇടയ്ക്ക് കിട്ടുന്ന ഒഴിവു സമയങ്ങളാണ് വീട്ടികാര്യങ്ങള്‍ സംസാരിക്കാന്‍ ഉപയോഗിക്കുക. മോഷണം തടയുന്നതിനും യാത്രക്കാരുടെ സുരക്ഷയ്ക്കും വേണ്ടിയാണ് അടുത്തിടെ സി സി ടി വി ക്യാമറ സ്ഥാപിച്ചത്. ഇവ രാത്രി അഴിച്ചുമാറ്റാന്‍ കഴിയുന്ന രീതിയിലാണ് ഘടിപ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications