ആലപ്പുഴ കാപ്പിക്കോ റിസോര്‍ട്ട് മാര്‍ച്ച് 28നകം പൊളിക്കണം; സര്‍ക്കാരിന് അന്ത്യശാസനവുമായി സുപ്രീം കോടതി
മാര്‍ച്ച് 28നകം പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഇല്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് കേസ് എടുക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ആലപ്പുഴ: കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി. കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതി ഇന്ന് കേരളത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. മാര്‍ച്ച് 28നകം പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഇല്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് കേസ് എടുക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
എന്നാല്‍ പൊളിക്കല്‍ നടപടി ആരംഭിച്ചെന്നും ഇത് പൂര്‍ത്തിയാക്കാന്‍ കുറച്ച് സമയം കൂടി വേണമെന്നും സംസ്ഥാനത്തിന് വേണ്ടി ഹാജരായ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ സി കെ ശശി സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ നാല് ആഴ്ചയ്ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിയ്ക്ക് എതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു. മാര്‍ച്ച് 28നകം പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.
അതേസമയം, പാണാവള്ളി നെടിയതുരുത്തില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച കാപികോ റിസോര്‍ട്ട് കഴിഞ്ഞ വര്‍ഷം സെപ്റ്റബംറില്‍ പൊളിച്ചു തുടങ്ങിയിരുന്നു. നിയമലംഘനം കണ്ടെത്തിയതിന് പിന്നാലെയാണ് പൊളിക്കാന്‍ തീരുമാനിച്ചത്. 2013ലാണ് റിസോര്‍ട്ട് പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. തുടര്‍ന്ന് റിസോര്‍ട്ട് ഉടമകളുടെ അപ്പീലുകള്‍ തള്ളി സുപ്രീം കോടതി 2020ല്‍ ഹൈക്കോടതി ഉത്തരവ് ശരിവയ്ക്കുകയായിരുന്നു. കെട്ടിടം പൊളിച്ചു നീക്കുന്നതിനായി റിസോര്‍ട്ട് നടത്തിപ്പുകാര്‍ സമര്‍പ്പിച്ച ആക്ഷന്‍ പ്ലാന്‍ പാണാവള്ളി ഗ്രാമപഞ്ചായത്ത് പരിശോധിച്ച് അംഗീകാരം നല്‍കിരുന്നു.












Click it and Unblock the Notifications