താലൂക്ക് അദാലത്ത്: ആലപ്പുഴ ജില്ലയില്‍ ഇതുവരെ 2878 പരാതികളില്‍ തീര്‍പ്പ്
ആലപ്പുഴ: മന്ത്രിസഭാ തീരുമാനപ്രകാരം പരാതി പരിഹാരത്തിനായി ജില്ലയിലെ മന്ത്രിമാരായ കൃഷി മന്ത്രി പി. പ്രസാദ്, ഫിഷറീസ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന താലൂക്ക്തല 'കരുതലും കൈത്താങ്ങും' അദാലത്തിന്റെ തുടര്‍ച്ചയായി മന്ത്രിമാര്‍ അവലോകന യോഗം നടത്തി. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല അവലോകന യോഗത്തിലുള്‍പ്പെടെ ഇതുവരെ 2878 പരാതികള്‍ക്ക് പരിഹാരം കണ്ടു.
താലൂക്കുതല അദാലത്തുകളുടെ പരിഗണനയ്ക്കു വന്ന പരാതികളില്‍ സങ്കീര്‍ണത മൂലം പരിഹാരം കാണാതിരുന്ന അപേക്ഷകളാണ് വീണ്ടും പരിഗണിച്ചത്. ഓണ്‍ലൈനിലും നേരിട്ടുമായി ഈ അദാലത്തുകളില്‍ ആകെ 5707 പരാതികളാണ് ലഭിച്ചത്. ഇതില്‍ 901 പരാതികള്‍ നിയമാനുസൃതമായി പരിഗണിക്കാനാവാത്തതിനാല്‍ നിരസിച്ചിരുന്നു.

1928 അപേക്ഷകള്‍ നിലവില്‍ വകുപ്പ് തലത്തില്‍ നടപടി ഘട്ടത്തിലാണെന്ന് മന്ത്രിമാരായ പി.പ്രസാദ്, സജി ചെറിയാന്‍ എന്നിവര്‍ വിലയിരുത്തി. പുതിയ പരാതികളിലും തീര്‍പ്പുണ്ടായതോടെ ജില്ലയില്‍ 2878 പരാതികളിലാണ് അദാലത്തിലൂടെ പരിഹാരം സാധ്യമായത്.
മേയ് 29, 30, ജൂണ്‍ മൂന്ന്, നാല്, ഏഴ്, എട്ട് തിയതികളിലാണ് ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, മാവേലിക്കര, ചെങ്ങന്നൂര്‍, കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്കുകളിലായി കരുതലും കൈത്താങ്ങും അദാലത്തുകള്‍ സംഘടിക്കപ്പെട്ടത്.
പ്രകൃതിക്ഷോഭ ദുരിതാശ്വാസ തുക അനുവദിക്കല്‍, വിള ഇന്‍ഷുറന്‍സ്, ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് അനുവദിക്കല്‍, അതിര്‍ത്തി നിര്‍ണയം തുടങ്ങിയ തരത്തിലുള്ള പരാതികളാണ് അദാലത്തില്‍ മന്ത്രിമാര്‍ക്കു മുന്നിലെത്തിയത്. യോഗത്തില്‍ ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. സന്തോഷ് കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍, താലൂക്ക് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്‍ഷുറന്‍സ് തുക 30 ദിവസത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് ലഭിക്കും
നെല്‍കൃഷി നശിച്ചതിന്റെ ഇന്‍ഷുറന്‍സ് തുക 30 ദിവസത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ ജില്ലാതല അദാലത്ത് അവലോകനയോഗത്തില്‍ തീരുമാനം. അപ്പര്‍ കുട്ടനാട് മേഖലയിലെ വേഴത്താര്‍ പാടത്തെ 43.784 ഹെക്ടര്‍ നെല്‍കൃഷി നശിച്ചതിന്റെ ഇന്‍ഷുറന്‍സ് ആനുകൂല്യമായ 15.3 ലക്ഷം രൂപയുടെ ക്ലെയിം കൃഷി വകുപ്പ് നേരത്തെ അനുവദിച്ചിരുന്നു.
ഇതിന് ധനകാര്യവകുപ്പിന്റെ ഭരണാനുമതി നേടി 30 ദിവസത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനാണ് മന്ത്രി സജി ചെറിയാന്‍ നിര്‍ദേശം നല്‍കിയത്. മുളക്കുഴ ചാങ്ങപ്പാടത്ത് 2022 ഏപ്രിലില്‍ പ്രകൃതിക്ഷോഭത്തിലുണ്ടായ നാശനഷ്ടത്തിന് ദുരിതാശ്വാസ തുകയായി 13,500 രൂപയും മന്ത്രി അനുവദിച്ചു. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്, ഫിഷറീസ് - സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കരുതലും കൈത്താങ്ങും അദാലത്തിന്റെ അവലോകനയോഗത്തിലാണ് തീരുമാനം.












Click it and Unblock the Notifications